
സുഡാനിലെ വെസ്റ്റ് കോർഡോഫാൻ പ്രവിശ്യയിൽ സുഡാനീസ് ആർമി നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 13 സാധാരണക്കാർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ‘എമർജൻസി ലോയേഴ്സ്’ അറിയിച്ചു. അബു ഖൽബ് പ്രദേശത്തെ അബു സബാദ് മേഖലയിലാണ് സൈനിക വിമാനങ്ങൾ ആക്രമണം നടത്തിയത്.
സംഭവത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ടെന്നും പ്രദേശം കനത്ത നാശനഷ്ടത്തിലാണെന്നും എമർജൻസി ലോയേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ജനവാസമേഖലകളിൽ തുടർച്ചയായി നടത്തുന്ന ഇത്തരം വ്യോമാക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സംഘടന കുറ്റപ്പെടുത്തി.
2023 ഏപ്രിൽ മുതൽ സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിൽ തുടരുന്ന ആഭ്യന്തരയുദ്ധം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നിനാണ് കാരണമായിരിക്കുന്നത്.




