ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം നൈജീരിയയിൽ പ്രാർത്ഥിക്കാൻ ഒത്തുകൂടിയത് ആയിരക്കണക്കിന് ക്രൈസ്തവർ

ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം നൈജീരിയയിലെ ജോസിൽ വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പ്രാർത്ഥനക്കായി ഒത്തുകൂടി. ജൂൺ ഒന്നിന് റ്വാങ് പാം ടൗൺഷിപ്പിൽ വച്ചായിരുന്നു പ്രാർത്ഥനായോഗം നടന്നത്.

ക്രൈസ്തവർക്കു നേരെ നടക്കുന്ന ഫുലാനി തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ഈ പ്രാർത്ഥനാ കൂട്ടായ്മ. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭാതലവന്മാരാണ് ഈ യോഗം നടത്തിയത്. “മനുഷ്യരെ അവരുടെ പൂർവ്വദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്നത് ദൈവത്തെ കോപിപ്പിക്കുന്നു. കുരിശിന്റെ ശത്രുക്കളാൽ കീഴടക്കപ്പെടുന്നതിനെതിരെ ജോസ് ഗ്രാമം ഒരു കോട്ടയായി നിലകൊള്ളുകയാണ്” – ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾളിന്റെ പ്രസിഡന്റ് റവ. ഡോ. സ്റ്റീഫൻ പന്യ പ്രാർത്ഥനായോഗത്തിൽ പറഞ്ഞു.

സഭാനേതാക്കൾ നൈജീരിയയുടെ സമാധാനത്തിനും സുരക്ഷക്കും സുവിശേഷവൽക്കരണത്തിനും 2023-ലെ തെരഞ്ഞെടുപ്പിനും വേണ്ടിയാണ് പ്രാർത്ഥിച്ചത്. പ്രാർത്ഥനാ സമ്മേളനത്തിൽ പ്ലാറ്റോ സംസ്ഥാന ഗവർണറും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി, സ്റ്റേറ്റ് ലെജിസ്ലേച്ചർ സ്പീക്കറും പങ്കെടുത്തു.

കഴിഞ്ഞ 20 വർഷങ്ങളായി ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിൽ, പതിനായിരക്കണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.