കേരള സ്റ്റോറിയെ എതിർക്കുന്നവർ ഇരട്ടത്താപ്പിന്റെ വക്താക്കൾ: സീറോമലബാർസഭാ അത്മായ ഫോറം

കേരള സ്റ്റോറി എന്ന സിനിമ ‘കാണേണ്ട’ എന്ന് പറയുന്തോറും ‘കാണേണ്ട’ ഒന്ന് അതിലുണ്ട് എന്ന സന്ദേശമാണ് കേരളത്തിലെ പൊതുസമൂഹത്തിനു ലഭിക്കുന്നത്.സിനിമയെക്കുറിച്ചുള്ള ചർച്ചകളെ ക്രൈസ്തവർക്കെതിരെ തിരിച്ചുവിടുന്നത് നല്ല രാഷ്ട്രീയക്കാർക്കു ചേർന്നതല്ല. കേരളത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കേരള സ്റ്റോറി എന്ന സിനിമ പറയുന്നുണ്ട്. തരാതരം പോലെ എതിര്‍ത്തും അനുകൂലിച്ചും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു വേണ്ടി രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും രംഗത്തുവരാറുണ്ട്. ക്രൈസ്തവസന്യാസിനികൾക്കെതിരെയുള്ള ‘കക്കുകളി’ നാടകം കേരളത്തിൽ അവതരിച്ചപ്പോൾ സാംസ്‌കാരിക നായകർ എവിടെപ്പോയി.

ക്രൈസ്തവസഭകളിലെ യുവജനങ്ങളെ എങ്ങനെ വളർത്തണമെന്നും അവരെ എങ്ങനെ പരിശീലിപ്പിക്കണമെന്നും സഭാനേതൃത്വങ്ങൾ തീരുമാനിക്കും. രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ ആവശ്യമില്ല. കേരളത്തിലെ യഥാർഥ സംഭവങ്ങൾ സിനിമയാകുന്നതിൽ എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്. വലിയ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്നു നടിക്കുന്ന പ്രബുദ്ധരായ മലയാളത്തിലെ സാംസ്‌കാരിക നായകരേ, നിങ്ങൾ എത്രയൊക്കെ ബഹളമുണ്ടാക്കിയാലും കാണേണ്ടവർ ഈ സിനിമ കാണും. കൂടുതൽ ബഹളം വച്ചാൽ കൂടുതൽ ആളുകൾ കാണും.

“കക്കുകളി കാണിക്കാം, കേരള സ്റ്റോറി പറ്റില്ല” എന്നത് കേരളത്തിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്. കേരള സ്റ്റോറിയെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തേ പറ്റൂ എന്നും അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല എന്നുമാണ് കേരളത്തിലെ ചില നിഗൂഢ അജണ്ടകളുള്ള ‘പ്രമുഖരുടെ’ പക്ഷം. ഞങ്ങളുടെ കേരളം ‘ഇതല്ല’, ‘ഇങ്ങനെയല്ല’ എന്ന്  ഒന്നടങ്കം സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്. കേരളത്തിലെ സന്യാസിനീ സമൂഹത്തെ അടച്ചാക്ഷേപിക്കുകയും അവരുടെ ആത്മാഭിമാനത്തെ അത്യന്തം ഹീനമായ രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് ‘കക്കുകളി’ എന്ന നാടകം കേരളത്തിൽ അവതരിപ്പിച്ചത്. അതിനെതിരെ ഏതു രാഷ്ട്രീയപാർട്ടിയുടെ വക്താക്കളാണ് ശബ്ദിച്ചത്.

ചില സെലക്ടീവ് രീതിയിലുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിശ്ശബ്ദതയും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മറവിൽ ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നും കേരളജനത ഇനിയെങ്കിലും തിരിച്ചറിയാത്തപക്ഷം അത് കൂടുതൽ അപകടത്തിലേക്ക് നമ്മെ നയിക്കുമെന്നു തീർച്ചയാണ്. കേരള സ്റ്റോറിക്കെതിരെ നിലകൊള്ളുന്ന രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക നായകരുമടങ്ങുന്ന കേരളത്തിലെ പ്രമുഖ പുരോഗമനപക്ഷത്തിന് സത്യം പറയാനും സത്യത്തോടൊപ്പം നിലകൊള്ളാനുമുള്ള കഴിവ് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

കേരളത്തിലെ ക്രൈസ്തവയുവത്വം മുഴുവൻ കേരള സ്റ്റോറി എന്ന സിനിമ കാണട്ടെ. യാഥാർഥ്യങ്ങൾ മനസ്സിലാക്കട്ടെ. ക്രൈസ്തവസമൂഹം മാത്രമല്ല, ലോകം മുഴുവൻ ഈ സിനിമ കാണട്ടെ. ഈ സിനിമ കണ്ടതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമെങ്കിൽ വീഴട്ടെ. കേരള സ്റ്റോറി എന്ന സിനിമയെ എതിർക്കുന്നവർ ഇരട്ടത്താപ്പിന്റെ വക്താക്കൾ തന്നെയാണ്.

ടോണി ചിറ്റിലപ്പിള്ളി

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ, എറണാകുളം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.