കെനിയയിലെ മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് യാത്ര തിരിച്ച 15 പേർ വാഹനാപകടത്തിൽ മരണമടഞ്ഞു

കെനിയയിലെ മൊംബാസ അതിരൂപതയിൽ നിന്നുള്ള 15 തീർഥാടകർ വാഹനാപകടത്തിൽ മരണമടഞ്ഞു. നകുരു രൂപതയിലെ സുബുകിയ നാഷണൽ മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ഒക്ടോബർ മൂന്നിനാണ് അപകടം ഉണ്ടായത്. ദേശീയ പ്രാർഥനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന മിക്കിന്ദാനിയിലെ സെന്റ് മത്യാസ് മുലുംബ ഇടവകയിലെ തീർഥാടകരായിരുന്നു അപകടത്തിൽപെട്ടത്.

തീർഥാടന കേന്ദ്രത്തിൽ നിന്ന് ഏകദേശം ആറ് മണിക്കൂർ യാത്രയുള്ള ‘സലാമ’ എന്ന ചെറിയ നഗരത്തിൽ വച്ചാണ് അപകടമുണ്ടായതെന്ന് ഒക്ടോബർ മൂന്നിന് മൊംബാസ അതിരൂപത അറിയിച്ചു. കെനിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (KCCB) പ്രസിഡന്റ് ആർച്ച്ബിഷപ്പ് മോറിസ് മുഹാതിയ മകുമ്പ ബിഷപ്പുമാരുടെ അനുശോചനവും ഐക്യദാർഢ്യവും രേഖപ്പെടുത്തി. തുടക്കത്തിൽ, മൊംബാസ അതിരൂപത 17 പേർ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അപകടത്തിൽ 15 പേരാണ് കൊല്ലപ്പെട്ടതെന്ന് മോൺസിഞ്ഞോർ മുഹാതിയ വ്യക്തത വരുത്തി.

‘സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ’ എന്ന പ്രമേയത്തിലാണ് 2026-ലെ ദേശീയ പ്രാർഥനാ ദിനം ആഘോഷിക്കുന്നത്. കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്തുടനീളവും സമാധാനത്തിന്റെ വക്താക്കളാകാനുള്ള തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ പ്രമേയം വിശ്വാസികളെ ക്ഷണിക്കുന്നതായി കെ.സി.സി.ബി (KCCB) അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.