ലെയോ പാപ്പയുടെ സന്ദർശനത്തിനായി ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കി അർജന്റീന

ലെയോ പതിനാലാമൻ മാർപാപ്പയുടെ വരാനിരിക്കുന്ന അപ്പസ്തോലിക സന്ദർശനത്തിനായി അർജന്റീന എപ്പിസ്‌കോപ്പൽ കോൺഫറൻസ് ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും പുറത്തിറക്കി. നവംബർ എട്ട് മുതൽ 11 വരെയാണ് മാർപാപ്പയുടെ അർജന്റീന സന്ദർശനം.

മാർപാപ്പ സന്ദർശിക്കുന്ന വിവിധ കേന്ദ്രങ്ങൾ, പാപ്പയുടെ പരിപാടികളുടെ സമയക്രമം, സന്ദർശനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ https://www.elpapaenargentina.com.ar/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇതിനു പുറമേ, ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രവും സന്ദർശനത്തിന് മുന്നോടിയായുള്ള പ്രാർഥനാ സാമഗ്രികളും വെബ്‌സൈറ്റിലൂടെ ലഭിക്കും. സന്ദർശനത്തിന് സാമ്പത്തിക സഹായം നൽകാനും സ്‌പോൺസർ ചെയ്യാനും സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

സന്ദർശനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളും ഇതിലൂടെ പങ്കുവയ്ക്കും. അർജന്റീനയിൽ മാർപാപ്പ നേതൃത്വം നൽകുന്ന പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഒക്ടോബർ എട്ട് മുതൽ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയുന്നതിനായി ഫേസ്ബുക്ക് (Facebook), ഇൻസ്റ്റാഗ്രാം (Instagram), വാട്ട്‌സ്ആപ്പ് ചാനൽ (WhatsApp channel) എന്നീ സോഷ്യൽ മീഡിയ പേജുകളും ലഭ്യമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.