
ഹമാസ് ഇസ്രായേലിൽ നടത്തിയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണത്തിന്റെ മൂന്നാം വാർഷികമാണ് ഇന്ന്. മൂന്ന് വർഷം മുൻപ് ഇതേ ദിവസമാണ് ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ വർഷം അമേരിക്കയുടെ മധ്യസ്ഥതയിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം നടക്കുന്ന ആദ്യ വാർഷികാചരണം കൂടിയാണിത്.
മൂന്ന് വർഷം മുൻപ് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,221 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ഗാസയിലേക്ക് ബന്ദികളായി പിടിച്ചുകൊണ്ടു പോയി; ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് ആദരമർപ്പിച്ച് രാജ്യത്തുടനീളം വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
2023 ഒക്ടോബർ ഏഴിന് ഗാസയിൽ നിന്നെത്തിയ ഭീകരരുടെ കൈവശം തോക്കുകളും ഗ്രനേഡുകളും മാത്രമായിരുന്നില്ല, തങ്ങളുടെ പൈശാചിക കൃത്യങ്ങൾ ക്യാമറയിൽ പകർത്താൻ ബോഡി ക്യാമറകളും മൊബൈൽ ഫോണുകളും അവരുടെ പക്കലുണ്ടായിരുന്നു. യാതൊരു കുറ്റബോധവുമില്ലാതെ, അവർ ആഹ്ളാദത്തോടെയാണ് അന്ന് ആ ക്രൂരകൃത്യങ്ങളെല്ലാം ചെയ്തത്. ബലാത്സംഗത്തെ അവർ ഒരു ആയുധമാക്കി മാറ്റി. കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും അവർ പീഡിപ്പിക്കുകയും അംഗഛേദം വരുത്തുകയും ചെയ്തു.
ഹോളോകോസ്റ്റിനു ശേഷമുള്ള ചരിത്രത്തിൽ, ഒറ്റ ദിവസം കൊണ്ട് ഇത്രയധികം ജൂതന്മാർ കൂട്ടക്കൊല ചെയ്യപ്പെടുന്നത് ഒക്ടോബർ എഴിനാണ്. ഇസ്രായേൽ തുടച്ചുനീക്കപ്പെടും വരെ തങ്ങളുടെ ഈ ക്രൂരത ആവർത്തിക്കുമെന്നാണ് ഹമാസ് വീണ്ടും വീണ്ടും പ്രഖ്യാപിച്ചിട്ടുള്ളത്.




