കോർസിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അപമാനിച്ച സംഭവം: പ്രാർഥനയും പരിഹാരവുമായി വിശ്വാസികൾ

കോർസിക്കയിലെ പോർട്ടോ-വെച്ചിയോയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധവും പരിഹാര പ്രാർഥനയുമായി നൂറുകണക്കിന് വിശ്വാസികൾ ഒത്തുകൂടി. നഗര കവാടത്തിലെ ട്രാഫിക് സർക്കിളിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം തകർന്നു വീഴുകയും ആ രൂപത്തെ രണ്ടു ചെറുപ്പക്കാർ അപമാനിക്കുകയും ചെയ്യുന്ന നിരവധി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസികൾ പ്രതിഷേധവും പ്രാർഥനയും ശക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് സീസണൽ തൊഴിലാളികളായ 21, 24 വയസുള്ള രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ പരിശുദ്ധ മറിയത്തിന്റെ രൂപത്തിൽ തൂങ്ങിക്കിടന്ന് അശ്ലീല ചേഷ്ടകൾ കാണിക്കുന്നതും മറ്റൊരാൾ അത് മൊബൈലിൽ പകർത്തുന്നതും വീഡിയോയിലുണ്ടെന്ന് അജാസിയോ (Ajaccio) പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. പൊതുസ്ഥലത്തെ അശ്ലീല പ്രദർശനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നവംബർ 16-ന് ഇവരെ അജാസിയോ ക്രിമിനൽ കോടതിയിൽ ഹാജരാക്കും.

സംഭവത്തെ തുടർന്ന് വിശ്വാസികളുടെ ഇടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ആ പ്രതിഷേധത്തെ അവർ പ്രാർഥനാ യജ്ഞമാക്കി മാറ്റുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തെ തുടർന്ന് നൂറിലധികം ആളുകൾ പൊലീസ് സ്റ്റേഷൻ പരിസരത്തും തുടർന്ന് സംഭവം നടന്ന ട്രാഫിക് സർക്കിളിലും എത്തി. ജനപ്രതിനിധികളും കുടുംബങ്ങളും യുവാക്കളും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് പ്രാർഥനയിൽ പങ്കെടുക്കാനായി അവിടെ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.