
മതസൗഹാർദ സമാധാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ലെയോ പാപ്പ മൂന്നാം തവണ അസീസി സന്ദർശിക്കും. ‘സാന്ത് എജീഡിയോ (Sant’Egidio) കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ 27 വരെ ‘ആയുധമില്ലാത്ത, ആയുധങ്ങളെ ഉപേക്ഷിപ്പിക്കുന്ന സമാധാനം’ എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര സംഗമം സംഘടിപ്പിക്കുന്നത്.
1986 ഒക്ടോബർ 27 ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനപ്രകാരം നടന്ന ചരിത്രപ്രസിദ്ധമായ അസീസി പ്രാർഥനാ സംഗമത്തിന്റെ നാൽപതാം വാർഷികമാണ് ഈ ചടങ്ങിലൂടെ അനുസ്മരിക്കുന്നത്. 1209 ൽ അസീസിയിലെ വി. ഫ്രാൻസിസ് തന്റെ ദൈവവിളി തിരിച്ചറിയുകയും ‘ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ’ സ്ഥാപിക്കുകയും ചെയ്ത പോർസ്യുങ്കോളയ്ക്കു മുന്നിൽ ലോകത്തിലെ പ്രധാന മതനേതാക്കൾ അന്ന് സമാധാനത്തിനായി ഒന്നിച്ചു പ്രാർഥിച്ചിരുന്നു.
സമ്മേളനത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പാപ്പയുടെ സന്ദർശനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. പാപ്പയോടൊപ്പം അന്നേ ദിവസത്തെ പ്രധാന ചടങ്ങുകളിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനും പങ്കാളിയാകുമെന്ന് സാന്ത് എജീഡിയോ സഭയുടെ പ്രസിഡന്റ് മാർക്കോ ഇംപാലിയാസോ സ്ഥിരീകരിച്ചു.
ഒക്ടോബർ 27 ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം അസീസിയിലെത്തുന്ന ലെയോ പതിനാലാമൻ മാർപാപ്പ, തുടക്കത്തിൽ വിവിധ മതനേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന്, വി. ഫ്രാൻസിസിന്റെ ലോവർ ബസിലിക്കയിൽ ബർത്തലോമിയോ ഒന്നാമന്റെയും മറ്റ് വിവിധ ക്രൈസ്തവ വിഭാഗ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടക്കുന്ന പ്രാർഥനാചടങ്ങിന് അധ്യക്ഷത വഹിക്കും. ചടങ്ങിൽ സമാധാനത്തെയും സാഹോദര്യത്തെയും ആസ്പദമാക്കി മാർപാപ്പ സന്ദേശം നൽകും.
അതേസമയം, നഗരത്തിന്റെ 13 വ്യത്യസ്ത കേന്ദ്രങ്ങളിലായി മറ്റ് പ്രമുഖ മതവിഭാഗങ്ങളുടെ പ്രാർഥനാസംഗമങ്ങളും അതത് ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമായി സമാന്തരമായി നടക്കും. പ്രാർഥനാചടങ്ങുകൾക്കു ശേഷം, അസീസി ബസിലിക്കയ്ക്കു മുന്നിലെ ചത്വരത്തിൽ (Square) നടക്കുന്ന സമാപന ചടങ്ങിൽ ലെയോ പതിനാലാമൻ മാർപാപ്പ മതനേതാക്കൾക്കൊപ്പം പങ്കെടുക്കും.
വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുൻപ് മാർപാപ്പ സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയും രണ്ടാമത്തെ പൊതുസന്ദേശം നൽകുകയും ചെയ്യും. പങ്കെടുത്ത മുഴുവൻ മതപ്രതിനിധികളും ഒപ്പുവച്ച സംയുക്ത സമാധാന പ്രഖ്യാപനവും ചടങ്ങിൽ പുറപ്പെടുവിക്കും.
1986 ലെ ചരിത്രദിനത്തിൽ വി. ജോൺ പോൾ രണ്ടാമൻ പറഞ്ഞ, “സമാധാനം എന്നത് വിദഗ്ധർക്കു മാത്രം അവകാശപ്പെട്ടതല്ല, അത് ഏവർക്കുമായി തുറന്നിട്ട ഒരു നിർമ്മാണശാലയാണ്” എന്ന വാക്കുകളാണ് ഈ സംഗമത്തിനും പ്രചോദനമെന്ന് ഇംപാലിയാസോ അനുസ്മരിച്ചു.
ഐക്യരാഷ്ട്രസഭ ‘അന്താരാഷ്ട്ര സമാധാന വർഷമായി’ പ്രഖ്യാപിച്ച 1986 ലാണ് വിവിധ ക്രൈസ്തവസഭകളുടെയും മറ്റ് പ്രധാന മതങ്ങളുടെയും പ്രതിനിധികളെ അസീസിയിലേക്ക് വി. ജോൺ പോൾ രണ്ടാമൻ ക്ഷണിച്ചത്. സ്വന്തം മതവിശ്വാസങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ടു തന്നെ മതനേതാക്കൾ വെവ്വേറെ സ്ഥലങ്ങളിൽ പ്രാർഥനയ്ക്കായി അന്ന് ഒത്തുചേർന്നു.
തുടർന്ന് ക്രൈസ്തവ, യഹൂദ, മുസ്ലിം, ബുദ്ധ, ഹിന്ദു, സിഖ്, ഷിന്റോ, സോറോസ്ട്രിയൻ മതനേതാക്കൾ ഒന്നിച്ച് അസീസി ബസിലിക്കയുടെ ചത്വരത്തിലേക്ക് സമാധാന പദയാത്ര നടത്തുകയും സമാപന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
ഇത്തവണ പ്രാർഥനകൾക്കു പുറമെ അഭയാർഥി പ്രശ്നം, സാമ്പത്തിക രംഗം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യ നിർമ്മാർജനം തുടങ്ങി സമാധാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ 13 ചർച്ചാവേദികളും (Dialogue forums) സംഘടിപ്പിക്കുന്നുണ്ട്.
കർദിനാൾമാർ, ആർച്ച്ബിഷപ്പുമാർ, വിവിധ മതപ്രതിനിധികൾ, അന്താരാഷ്ട്ര വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉക്രൈൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള നിരവധി യുവാക്കളും അണിനിരക്കും. മോസ്കോ പാത്രിയാർക്കീസിന്റെ പ്രതിനിധി സംഘവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഒക്ടോബർ 25 ന് ബസ്തിയ ഉംബ്രിയയിൽ (Bastia Umbra) ആരംഭിക്കുന്ന സംഗമത്തിൽ മൂവായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ അന്താരാഷ്ട്ര മതസൗഹാർദ മുൻകൈകളിൽ ഒന്നായ ഈ സംഗമത്തിൽ 53 രാജ്യങ്ങളിൽ നിന്നായി 384 മത-സ്ഥാപന പ്രതിനിധികൾ പങ്കെടുക്കും.




