
അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ദിനത്തിൽ ഉറുഗ്വേയിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം ലെയോ പതിനാലാമൻ പാപ്പ അർജന്റീനയിലെത്തി. നവംബർ ഒൻപത് ഞായറാഴ്ച ഉറുഗ്വേയുടെ സംരക്ഷകയായ ‘ഔവർ ലേഡി ഓഫ് ദി തേർട്ടി-ത്രീ’ ദേശീയ തീർഥാടനകേന്ദ്രത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് മൂന്നാം ദിനത്തിലെ പരിപാടികൾ ആരംഭിച്ചത്.
ത്രികാല പ്രാർഥനയ്ക്കും ഉറുഗ്വേയിലെ മെത്രാന്മാരുമൊത്തുള്ള ഉച്ചഭക്ഷണത്തിനും ശേഷം മോന്തെവിദിയോയിൽ നിന്ന് പുറപ്പെട്ട പാപ്പ, പ്രാദേശിക സമയം വൈകുന്നേരം 4:33 ന് ബ്യൂണസ് അയേഴ്സിലെ ‘എയറോപാർക്ക് ജോർജ് ന്യൂബെറി’ വിമാനത്താവളത്തിലിറങ്ങി. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി പാപ്പയെ നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന്, ജനറൽ ഹൊസെ ഡി സാൻ മാർട്ടിന്റെ സ്മാരകം സന്ദർശിച്ച പാപ്പ, കാസ റൊസാഡയിൽ (Casa Rosada) വച്ച് പ്രസിഡന്റ് മിലിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ചടങ്ങിൽ ബ്യൂണസ് അയേഴ്സ് നഗരത്തിന്റെ ആദരസൂചകമായി ‘നഗരത്തിന്റെ താക്കോൽ’ പരിശുദ്ധ പിതാവിന് സമ്മാനിച്ചു.
പലാസിയോ ലിബർത്താഡിൽ (Palacio Libertad) അർജന്റീനയിലെ രാഷ്ട്രീയനേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, നയതന്ത്രജ്ഞർ എന്നിവരെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിച്ചു. ജീവന്റെ സംരക്ഷണം, സാമ്പത്തിക അവസരങ്ങൾ, സാമൂഹിക ഐക്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ തന്റെ സന്ദേശത്തിൽ സംസാരിച്ചു. മുൻഗാമിയായ ഫ്രാൻസിസ് പാപ്പയ്ക്ക് ആദരവർപ്പിച്ച ലെയോ പാപ്പ, ഫ്രാൻസിസ് പാപ്പയുടെ ജന്മനാട്ടിലൂടെയുള്ള തന്റെ യാത്ര അദ്ദേഹത്തിന്റെ പാത പിന്തുടരലാണെന്ന് വിശേഷിപ്പിച്ചു.
ഇന്ന് ക്ലേപോൾ (Claypole) പ്രദേശത്തെ ‘ലിറ്റിൽ കൊട്ടോലെംഗോ ഡോൺ ഒറിയോൺ’ സന്ദർശനം, ബ്യൂണസ് അയേഴ്സിലെ വിശുദ്ധ കുർബാന, തൊഴിൽരംഗത്തെ പ്രതിനിധികൾ, മതാധ്യക്ഷന്മാർ, അർജന്റീനിയൻ മെത്രാന്മാർ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയാണ് പാപ്പയുടെ സന്ദർശന പരിപാടിയിലുള്ളത്.




