വിശ്വാസം കൈമാറുന്നതിൽ അമ്മമാർ മടുപ്പ് കാണിക്കരുത്: ലെയോ പാപ്പ

തലമുറകൾക്ക് വിശ്വാസം പകർന്നുകൊടുക്കുന്നതിൽ അമ്മമാരും മുത്തശ്ശിമാരും ഒരിക്കലും മടുപ്പ് കാണിക്കരുതെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഉറുഗ്വേയിലെ പ്രധാന മരിയൻ തീർഥാടന കേന്ദ്രമായ വെർജിൻ ഡി ലോസ് ട്രെയിന്റ വൈ ട്രെസിൽ നടന്ന വിശുദ്ധ കുർബാന മധ്യേ ആണ് പാപ്പ അമ്മമാരോട് ഇപ്രകാരം ആഹ്വാനം ചെയ്തത്.

അമ്പതിനായിരത്തോളം തീർഥാടകർ പങ്കെടുത്ത ദിവ്യബലിയിലാണ് പാപ്പ കുടുംബങ്ങളിലെ സ്ത്രീകളുടെയും അമ്മമാരുടെയും പങ്ക് എടുത്തുപറഞ്ഞത്. “വാക്കുകളിലൂടെ മാത്രമല്ല, സ്വന്തം ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കുക. ക്ഷമയോടെയും പ്രത്യാശയോടെയും പ്രാർഥന തുടരുക. നിങ്ങളുടെ പ്രിയപ്പെട്ടവർ ദൈവത്തിൽ നിന്ന് അകന്നുപോയതായി തോന്നിയാലും, അവരെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നത് തുടരുക. അവരെ അനുഗ്രഹിക്കുന്നതും കൂടെനിൽക്കുന്നതും അവർക്ക് ഒരിക്കൽ ലഭിച്ച വിശ്വാസം ഓർമ്മിപ്പിച്ചു കൊടുക്കുന്നതും അവസാനിപ്പിക്കരുത്”- പാപ്പ ഓർമ്മിപ്പിച്ചു.

കുട്ടികളെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നതിലും ക്രിസ്തീയ സ്നേഹത്തോടെ ജീവിക്കാൻ പരിശീലിപ്പിക്കുന്നതിലുമുള്ള അമ്മമാരുടെയും മുത്തശ്ശിമാരുടെയും ശ്രമങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃകയോട് പാപ്പ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ ഇത്തരം പരിശ്രമങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പ, മതവിശ്വാസത്തിലും ആചാരങ്ങളിലും വ്യാപകമായി ഉണ്ടാകുന്ന കുറവിനെക്കുറിച്ചുള്ള അവരുടെ സങ്കടത്തിൽ പങ്കുചേരുകയും ചെയ്തു.

ഒപ്പം കുട്ടികളിൽ വിശ്വാസം വളർത്താൻ പിതാക്കന്മാരും മുത്തച്ഛന്മാരും മുന്നോട്ടുവരണമെന്ന് പാപ്പ ആവശ്യപ്പെട്ടു. “ഒരു പുരുഷന് ദൈവത്തിനുമുന്നിൽ മുട്ടുകുത്താൻ കഴിയുന്നത് അദ്ദേഹത്തിന്റെ പൗരുഷം കുറയ്ക്കുന്നില്ല എന്ന തിരിച്ചറിയുന്നതിലൂടെ കുട്ടികൾ വലിയ കാര്യങ്ങൾ പഠിക്കുന്നു,” പാപ്പ പറഞ്ഞു. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സുവിശേഷം പ്രഘോഷിക്കാൻ എല്ലാ ഉറുഗ്വേയൻ കത്തോലിക്കരോടും ആഹ്വാനം ചെയ്തുകൊണ്ടാണ് ലെയോ പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.