
ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ഇടവകയിൽ പുതിയ സഹവികാരി ചുമതലയേറ്റു. യുദ്ധങ്ങൾക്കും തകർച്ചകൾക്കുമിടയിൽ ദൈവത്തിലുള്ള വിശ്വാസം മാത്രം മുറുകെപ്പിടിച്ച് മുന്നോട്ടുപോകുന്ന ഒരുകൂട്ടം വിശ്വാസികളുടെ ഇടയിൽ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയസാന്നിധ്യം ശക്തമാക്കിക്കൊണ്ട്, ‘ഇൻകാർനേറ്റ് വേഡ്’ സഭാംഗമായ ഫാദർ ലൂയിസ് മോണ്ടെസ് ആണ് വികാരിയായി ചുമതലയേറ്റത്.
പുതിയ വൈദികനെ സ്വാഗതം ചെയ്ത ഇടവക വൈദികൻ ഫാദർ ഗബ്രിയേൽ റൊമാനെല്ലി തന്റെ സന്തോഷം പങ്കുവച്ചു. അടുത്ത ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബാനമധ്യേ ഫാദർ ലൂയിസ് മോണ്ടെസിന് ഔദ്യോഗിക സ്വീകരണം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
1969 ൽ അർജന്റീനയിൽ ജനിച്ച ഫാദർ മോണ്ടെസ് 1996 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. പലസ്തീൻ, ഈജിപ്ത്, ഇറാഖ്, ലെബനൻ തുടങ്ങിയ പൗരസ്ത്യരാജ്യങ്ങളിൽ ദീർഘകാലത്തെ ഇടവക-സാമൂഹിക ശുശ്രൂഷാ പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയൻ, അറബിക് എന്നീ ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. ഗാസയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇടവകയിലെ വിശ്വാസികൾക്ക് ആത്മീയവും മാനുഷികവുമായ പിന്തുണ നൽകാൻ അദ്ദേഹത്തിന്റെ സേവനം ഏറെ സഹായകരമാകും.




