
ലൂർദിലെ പ്രശസ്തമായ തീർഥാടന കേന്ദ്രം. ആയിരക്കണക്കിന് തീർഥാടകരും ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലെയോ പതിനാലാമൻ മാർപാപ്പയും ഒന്നിച്ചു പ്രാർഥിക്കുന്ന നിമിഷം. ആ നിമിഷം അവരുടെയെല്ലാം മനം കവർന്ന, ആത്മീയ അനുഭൂതി പകർന്ന ഒരു സമയം ഉണ്ടായിരുന്നു. വലിയ തിരക്കുകൾക്കിടയിലും മനോഹരമായ ഒരു ഗാനം ഒഴുകിയെത്തിയ നിമിഷം! ആ വലിയ പ്രാർഥനാ നഗരത്തെ പോലും ഒരു നിമിഷം നിശബ്ദമാക്കാൻ പ്രാപ്തിയുണ്ടായിരുന്നു ആ ഗാനത്തിന്. അവിടെ കേട്ടത് ഏതോ സ്വർഗീയ നാദമല്ല, മറിച്ച് 13 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ മനോഹരമായ സംഗീതമായിരുന്നു. ലൂർദിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനം ലഭിച്ച വിശുദ്ധ ബർണദീത്തയുടെ (St. Bernadette) വേഷപ്പകർച്ചയിൽ എത്തി മാർപാപ്പയ്ക്ക് മുന്നിൽ ഗാനം ആലപിച്ച പതിമൂന്നുകാരിയാണ് ഈവ മോളൻമേക്കർക്ക്.
അനുഗ്രഹീത നിമിഷം
ഫ്രാൻസിലെ ലൂർദ് ബസിലിക്കയ്ക്ക് മുന്നിൽ നടന്ന പ്രത്യേക സാംസ്കാരിക-പ്രാർഥനാ സംഗമത്തിലാണ് ഈവ ഗാനം ആലപിച്ചത്. ഫ്രാൻസിലെ എക്സ്-ഓൺ-പ്രൊവിൻസിന് (Aix-en-Provence) അടുത്തുള്ള ഫുവോ (Fuveau) സ്വദേശിയാണ് ഈവ. 1858-ൽ മസാബിയേൽ ഗുഹയിൽ വച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനം ലഭിച്ച കൊച്ചു വിശുദ്ധയായി ഈവ വേഷമിടുന്ന ‘ബർണദീത്ത ദെ ലൂർദ്’ (Bernadette de Lourdes) എന്ന പ്രശസ്തമായ മ്യൂസിക്കൽ നാടകത്തിലെ പ്രധാന അഭിനേതാക്കളിൽ ഒരാളായിരുന്നു അവൾ. ലളിതമായ വസ്ത്രധാരണത്തിലും വിശുദ്ധ ബർണദീത്തയുടെ വിനയം തുളുമ്പുന്ന ഭാവത്തോടെയും വേദിയിലെത്തിയ ഈ പെൺകുട്ടി, പരിശുദ്ധ അമ്മയോടുള്ള ബർണദീത്തയുടെ അഗാധമായ സ്നേഹവും ലൂർദിലെ അദ്ഭുത സംഭവങ്ങളും വിവരിക്കുന്ന ഗാനം പാടി നിർത്തിയപ്പോൾ മാർപാപ്പ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്ന് കൈയടിച്ചു.
നാടകത്തിലെ അതിവൈകാരികമായ രംഗം അതിശയിപ്പിക്കുന്ന ശബ്ദഗാംഭീര്യത്തോടെയും ഭക്തിയോടെയുമാണ് ഈ കൊച്ചു പെൺകുട്ടി അവതരിപ്പിച്ചത്. ഗാനാലാപനത്തിന് ശേഷം കൊച്ചു ഗായികയെ വേദിയിലേക്ക് വിളിച്ച ലെയോ പതിനാലാമൻ മാർപാപ്പ അവളെ അനുഗ്രഹിക്കുകയും കൈപിടിച്ച് നന്ദി അറിയിക്കുകയും ചെയ്തു. കുട്ടിയുടെ മനോഹരമായ കഴിവ് ദൈവത്തിന്റെ വലിയ ദാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് അവിശ്വസനീയമാണ്. അപൂർവമായ ഒരു അനുഭവമാണിത്. ഇതിനോട് ഉപമിക്കാൻ മറ്റൊന്നുമില്ല. അദ്ദേഹത്തിന് മുന്നിൽ പാടാൻ കഴിഞ്ഞത് അവിശ്വസനീയമായ ഒരു കാര്യമായിരുന്നു,” ആ അനുഗ്രഹീത നിമിഷത്തെ കുറിച്ച് ഈവ പറഞ്ഞത് ഇപ്രകാരം ആയിരുന്നു.
“മനുഷ്യരുടെ ഹൃദയങ്ങളെ സ്പർശിക്കണം”
ചെറിയ പ്രായമാണെങ്കിലും, തന്റെ ഭാവിയിൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ ഈവയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഭാവിയിലെ ആഗ്രഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, തുടർന്നും പാടണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവൾ വെളിപ്പെടുത്തി. “ആളുകൾക്കായി പാടാനും അവരുടെ ഹൃദയങ്ങളെ സ്പർശിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്,” അവൾ പറഞ്ഞു.
വിശുദ്ധ ബർണദീത്തയുടെ വേഷപ്പകർച്ചയിൽ ഈ കൊച്ചു പ്രതിഭയ്ക്ക് ലഭിച്ച ഏറ്റവും സവിശേഷമായ നിമിഷങ്ങളിലൊന്നായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള ഈ കണ്ടുമുട്ടൽ.




