പുരോഹിത ശാസ്ത്രജ്ഞർ 123: ജോർജ് ജോസഫ് കാമെൽ (1661-1706)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഔഷധനിർമാണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സന്ന്യാസി ആയിരുന്നു ജോർജ് ജോസഫ് കാമെൽ. ജെസ്വിട്ട് സന്ന്യാസ സഭയിലെ അംഗമായിരുന്ന അദ്ദേഹം ഫിലിപ്പീൻസിലെ സസ്യങ്ങളെയും ജീവജാലങ്ങളെയും സംബന്ധിച്ച അറിവുകൾ യൂറോപ്യൻ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തി. രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് അദ്ദേഹം എത്തിയത്. സസ്യങ്ങളെക്കുറിച്ചുള്ള അറിവ്, അവയുടെ സവിശേഷതകൾ എന്നിവ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും അദ്ദേഹം പങ്കുവച്ചു.

1661-ൽ മൊറാവിയയിലെ (ചെക്ക് റിപ്പബ്ലിക്ക്) ബ്രിനോ നഗരത്തിലാണ് കാമെൽ ജനിച്ചത്. ജർമൻ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം ബ്രിനോയിലെ വിദ്യാഭ്യാസത്തിനു ശേഷം ഔഷധനിർമാണത്തിലും ഔഷധവിതരണത്തിലും പരിശീലനം നേടി. ഈ കാലത്ത് ഔഷധശാലകളിൽ സസ്യങ്ങൾക്കും അവയിൽനിന്നു തയ്യാറാക്കുന്ന മരുന്നുകൾക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. സസ്യങ്ങളെ തിരിച്ചറിയുന്നതും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കുന്നതും ഔഷധനിർമാണത്തിൽ വളരെയധികം സഹായിച്ചിരുന്നു. ഒരു ഔഷധനിർമാതാവിന്റെ സൂക്ഷ്മതയും പ്രകൃതിയെ നിരീക്ഷിച്ചു പഠിക്കുന്ന വിദ്യാർഥിയുടെ താത്പര്യവും അദ്ദേഹത്തിൽ പ്രകടമായിരുന്നു.

1682-ലാണ് കാമെൽ ഈശോസഭയിൽ പ്രവേശിച്ചത്. സന്ന്യാസപരിശീലനത്തിനുശേഷം സഭയുടെ വിവിധ സ്ഥാപനങ്ങളിലെ ഔഷധശാലകളിൽ അദ്ദേഹം സേവനം ചെയ്തു. മനുഷ്യരുടെ ശാരീരിക ആവശ്യങ്ങളോടു പ്രതികരിക്കുന്നതിനുള്ള ഒരു മാർഗമായി ഈ ശുശ്രൂഷയെ അദ്ദേഹം പരിവർത്തനപ്പെടുത്തി. അക്കാലത്തെ മിക്ക ഈശോസഭാ സന്ന്യാസികളെയും പോലെ വിദേശ മിഷനിൽ സേവനം ചെയ്യാൻ അദ്ദേഹത്തിനും അവരസം ലഭിച്ചു. 1687-ൽ സ്പൈയ്നിൽ നിന്നും സമുദ്ര യാത്രചെയ്തു മെക്സിക്കോ വഴി 1688-ൽ ഫിലിപ്പീൻസിലെ മനിലയിലെത്തി.

മനിലയിൽ അദ്ദേഹം ഒരു ഔഷധശാല സ്ഥാപിക്കുകയും മരുന്നുകൾ തയ്യാറാക്കുകയും ചെയ്തു. സഹസന്ന്യാസിമാരുടെ ആരോഗ്യപരിപാലനമായിരുന്നു പ്രധാന ലക്ഷ്യമെങ്കിലും ആ പ്രദേശത്തെ ദരിദ്രരായ ആളുകൾക്കും അദ്ദേഹം സൗജന്യമായി മരുന്നുകൾ നൽകി. രോഗികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി. യൂറോപ്പിൽ നിന്നും വ്യത്യസ്തമായ സാഹചര്യത്തിൽ ഔഷധനിർമാണം നടത്തുന്നതിന് അവിടത്തെ പ്രകൃതിയെ അറിയേണ്ടിയിരുന്നു. പ്രാദേശിക സസ്യങ്ങൾ ശേഖരിക്കുകയും അപൂർവസസ്യങ്ങൾ ഉൾപ്പെടുന്ന ഒരു തോട്ടം അദ്ദേഹം നിർമ്മിക്കുകയും ചെയ്തു.

സസ്യങ്ങളുടെ പേരുകൾ കാമെൽ രേഖപ്പെടുത്തുകയും അതിനു ശേഷം അവയുടെ ഇലകൾ, തണ്ടുകൾ, പൂക്കൾ, ഫലങ്ങൾ തുടങ്ങിയെക്കുറിച്ചു വിവരിക്കുകയും ചെയ്തു. വാക്കുകളിലൂടെ നൽകുന്ന വിവരണങ്ങൾക്ക് ചിത്രങ്ങൾ കൂടുതൽ വ്യക്തത നൽകി. അങ്ങനെ യൂറോപ്പിലെ ശാസ്ത്രജ്ഞർക്ക് ഈ സസ്യങ്ങളെ പരിചയപ്പെടുന്നതിന് ഇടയാവുകയും അതുവഴി കാമെലിന്റെ പ്രശസ്തി വർധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നൂറുകണക്കിന് ചിത്രങ്ങൾ പിന്നീട് യൂറോപ്യൻ ശേഖരങ്ങളിൽ സംരക്ഷിക്കപ്പെട്ടുകയും അവ ഗവേഷകർക്കു വിലപ്പെട്ട രേഖകളായി മാറുകയും ചെയ്തു.

മനിലയിൽ ആയിരുന്നപ്പോഴും യൂറോപ്പിലെ മറ്റു ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം കത്തിടപാടുകൾ നടത്തിയിരുന്നു. ഈ കത്തുകൾക്കൊപ്പം സസ്യസാമ്പിളുകളും വിവരണങ്ങളും ചിത്രങ്ങളും അദ്ദേഹം കൈമാറി. ഈ മേഖലയിൽ പ്രവർത്തിച്ച പല ശാസ്ത്രജ്ഞരും കാമൽ നൽകിയ വിവരങ്ങൾ തങ്ങളുടെ കൃതികളിൽ ഉൾപ്പെടുത്തി. അങ്ങനെ അദ്ദേഹം പ്രാദേശികമായി സമാഹരിച്ച അറിവ് ശാസ്ത്രസമൂഹത്തിന്റെ പഠനവിഷയമായി മാറി. അദ്ദേഹത്തിന്റെ സസ്യജന്തുവിവരണങ്ങളിൽ ചിലത് ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ “ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ്” എന്ന പ്രസിദ്ധീകരണത്തിലും പ്രത്യക്ഷപ്പെട്ടു.

1706 മേയ് രണ്ടിന് മനിലയിൽവച്ചാണ് അദ്ദേഹം അന്തരിച്ചത്. ദരിദ്രർക്കു നൽകിയ സഹായവും ശാസ്ത്രലോകത്തിനു കൈമാറിയ രേഖകളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രണ്ടു പ്രധാന സംഭാവനകളാണ്. സസ്യങ്ങളെ ശ്രദ്ധാപൂർവം നിരീക്ഷിക്കാനും കണ്ടെത്തലുകൾ വ്യക്തമായി രേഖപ്പെടുത്താനും അറിവ് ഉദാരമായി പങ്കുവയ്ക്കാനും അദ്ദേഹം പരിശ്രമിച്ചു. കാമെലിന്റെ ശാസ്ത്ര സംഭാവനകൾക്കുള്ള അംഗീകാരമായിട്ടാണ് ‘കമെലിയ’ എന്ന പേര് മനോഹരമായ പൂക്കളുള്ള ഒരു സസ്യത്തിന് നല്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.