
“അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും” (ലൂക്കാ 9:59).
ഞാൻ ആദ്യമേ പോയി സ്വന്തം പിതാവിനെ ശുശ്രൂഷിക്കട്ടെ എന്ന അപേക്ഷ പ്രത്യക്ഷത്തിൽ വളരെ ആത്മാർഥത നിറഞ്ഞതായി തോന്നാം. മാതാപിതാക്കളെ സ്നേഹിക്കണം എന്ന സ്വാഭാവിക-നിയമത്തിനും, സമൂഹ-മനഃസാക്ഷിക്കും, ദൈവകൽപനയ്ക്കും യോജിക്കുന്നതാണ് ഇത്. പക്ഷേ, ആഴത്തിൽ നോക്കുമ്പോൾ തന്റെ പിതാവിനോടുള്ള ഭക്തി യേശുവിനെ പിന്തുടരുന്നത്തിനുള്ള തീരുമാനം നീട്ടിവയ്ക്കാനുള്ള ഒഴികഴിവായി അവൻ ഉപയോഗിക്കുന്നു.
മനുഷ്യബന്ധങ്ങളെ ദൈവബന്ധത്തിന് തടസ്സമായിക്കാണുന്ന ഈ രീതിയെ ആത്മാർഥതയില്ലാത്ത ആത്മീയത (Spiritual Insincerity) എന്നു വിളിക്കാം. ആരാണ് നിന്റെ ഒന്നാമത്തെ സ്നേഹം എന്നതാണ് ചോദ്യം. അമ്മ, അപ്പൻ, ഭാര്യ, ഭർത്താവ്, മകൻ, മകൾ?
എല്ലാറ്റിലും എല്ലാവരിലും അധികമായി ദൈവത്തെ സ്നേഹിക്കുന്നതാണ് ചാരിത്ര്യ-സ്നേഹം. ഒന്നാം പ്രമാണം അനുശാസിക്കുന്നതുപോലെ ദൈവസ്നേഹം പ്രഥമസ്‌നേഹം ആകുമ്പോൾ എല്ലാ മനുഷ്യബന്ധങ്ങളും ഉൽകൃഷ്ടമാകും. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




