
1542 സെപ്റ്റംബർ 28 നാണ് കാലിഫോർണിയയിലേക്കുള്ള ആദ്യ യൂറോപ്യൻ പര്യവേഷണം നടന്നത്. നാവികനായിരുന്ന ജുവാൻ റോഡ്രിഗസ് കാബ്രില്ലോയുടെ നേതൃത്വത്തിലായിരുന്നു പര്യവേഷണം. രണ്ട് യൂറോപ്യൻ കപ്പലുകളാണ് അന്ന് കാലിഫോർണിയയുടെ തെക്കൻ തീരത്തെത്തിയത്. തദ്ദേശീയരായ ഒരുലക്ഷത്തി മുപ്പതിനായിരത്തോളം ആളുകളാണ് അപ്പോൾ പ്രദേശത്ത് താമസിച്ചിരുന്നത്. എന്നാൽ പുതുതായി കണ്ടെത്തിയ സ്ഥലത്തിന്റെ ദരിദ്രാവസ്ഥ മൂലം തുടർന്നുള്ള രണ്ടുനൂറ്റാണ്ടുകൾ കാലിഫോർണിയ വിദേശികളുടെ ശ്രദ്ധയിൽ പതിയാതെ കിടന്നു. പിന്നീട് 1769 ൽ സ്പാനിഷ് വൈസ്രോയിയുടെ നിർദേശപ്രകാരം ഫ്രാൻസിസ്കൻ മിഷനറിമാരെത്തുന്നതോടെയാണ് വീണ്ടും പ്രദേശത്ത് വൈദേശിക സാന്നിധ്യമുണ്ടായത്.
1837 സെപ്റ്റംബർ 28 നാണ് ബഹദൂർഷാ രണ്ടാമൻ ഡൽഹിയുടെ ഭരണാധികാരിയായത്. പിതാവായ അക്ബർ ഷാ രണ്ടാമൻ മരണപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അക്ബർഷായുടെ രണ്ടാമത്തെ മകനായിരുന്നു ബഹദൂർഷാ. 62-ാം വയസ്സിൽ അധികാരത്തിലെത്തുമ്പോഴേക്കും മുഗൾ സാമ്രാജ്യത്തന്റെ പ്രതാപകാലം അവസാനിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ രാജപദവി നാമമാത്രമായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി എന്ന നിലയിലും, 1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലുള്ള പങ്കാളിത്തത്തിന്റെ പേരിലുമാണ് അദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുന്നത്.
പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾക്കുനേരെ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയത് 2016 സെപ്റ്റംബർ 28 നായിരുന്നു. സെപ്റ്റംബർ 18 ന് കാശ്മീരിലെ ഉറി സൈനിക ക്യാമ്പിൽ ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് മറുപടിയായിരുന്നു അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ ഈ മിന്നലാക്രമണം. പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയത്. 1971 നു ശേഷം ആദ്യമായാണ് ഇന്ത്യൻസേന നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനെ ആക്രമിക്കുന്നത്. 45 ഭീകരരെ വധിച്ച് മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയിൽ തിരിച്ചെത്തി.
സുനീഷ വി എഫ്




