
ചിക്കാഗോ വൈറ്റ് സോക്സ് (Chicago White Sox), തങ്ങളുടെ നാട്ടുകാരനും ടീമിന്റെ ആരാധകനുമായ ലെയോ പതിനാലാമൻ മാർപാപ്പയോടുള്ള ബഹുമാനാർഥം ‘പോപ്പ്സ് നൈറ്റ്’ (Pope’s Night) ആഘോഷിച്ചു. ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി ഗ്യാരന്റീഡ് റേറ്റ് ഫീൽഡ് കറുപ്പും വെളുപ്പും നിറത്തിലുള്ള അലങ്കാരത്തൊപ്പികളുടെ (miters) കടലായി മാറി.
ഈ വേറിട്ട സംരംഭത്തിനായി വൈറ്റ് സോക്സ് മാർക്കറ്റിംഗ് ടീം തുടക്കം മുതലേ ചിക്കാഗോയിലെ വൈദികനായ ഫാദർ ടോം ഹർളിയുമായി സഹകരിച്ചുപോന്നു. “ലെയോ മാർപാപ്പ ഒരു വൈറ്റ് സോക്സ് ആരാധകനാണെന്ന കാര്യം ആഘോഷിക്കാൻ രസകരവും മാന്യവുമായ എന്തെങ്കിലും ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ആരുടെയും വിശ്വാസത്തെ അപമാനിക്കുന്നതോ, ആർക്കെങ്കിലും വിഷമമുണ്ടാക്കുന്നതോ ആയ ഒന്നും ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചില്ല” – വൈറ്റ് സോക്സിന്റെ മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് സീനിയർ ഡയറക്ടറായ മൈക്ക് ഡൗണി പറഞ്ഞു.
അതേസമയം, സോക്സ് ലോഗോ പതിപ്പിച്ച അലങ്കാരത്തൊപ്പികൾ ധരിച്ച ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിൽ ഒത്തുചേർന്ന് ‘സമാധാന സന്ദേശം’ കൈമാറിയത് അവിസ്മരണീയ നിമിഷമായി മാറി. കാണികൾ അടുത്തുള്ള സീറ്റുകളിലിരുന്നവർക്കു നേരെ തിരിഞ്ഞ് പരസ്പരം കൈ കൊടുത്തും ‘ഹൈ-ഫൈവ്’ നൽകിയും ആശീർവാദങ്ങൾ കൈമാറിയും സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് ആഘോഷിച്ചു.
സ്റ്റേഡിയത്തിലെ കാണികൾക്കൊപ്പം ചേർന്ന ഫാദർ ഹർളി, ഇത്തരമൊരു രാത്രിയിൽ നിന്ന് മാർപാപ്പ എന്താണ് കാണാൻ ആഗ്രഹിക്കുക എന്നതിനെക്കുറിച്ച് സംസാരിച്ചു.
2025 മെയ് എട്ടിന് ചിക്കാഗോ സ്വദേശിയായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ലെയോ പതിനാലാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ആദരവിനുള്ള ആശയം രൂപപ്പെടാൻ തുടങ്ങിയത്. വത്തിക്കാനിൽ വൈറ്റ് സോക്സിന്റെ തൊപ്പി ധരിക്കുന്നതിലൂടെയും 2005 ലെ വേൾഡ് സീരീസിലെ ആദ്യ മത്സരം കാണാനെത്തിയതിലൂടെയും പ്രശസ്തനായ മാർപാപ്പയുടെ ലളിതമായ ഈ താൽപര്യമാണ് ടീമിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.
തുടക്കത്തിൽ 10,000 ആരാധകർക്കായി മാത്രം ലക്ഷ്യമിട്ടൊരുക്കിയ ഈ പ്രൊമോഷൻ പദ്ധതി, വാർത്ത വന്നതോടെയുണ്ടായ വൻ ജനപ്രീതി മൂലം സ്റ്റേഡിയത്തിലെത്തിയ 40,000 പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുന്ന രീതിയിലേക്ക് വിപുലീകരിക്കുകയായിരുന്നു.




