25 ലക്ഷം വിശ്വാസികൾ, അതിരറ്റ ആവേശം: അർജന്റീനയിൽ ചരിത്രം കുറിച്ച് മാർപാപ്പ

നവംബർ ഒൻപത് തിങ്കളാഴ്ച അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ ലെയോ പതിനാലാമൻ മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുത്തത് ഏകദേശം 25 ലക്ഷം വിശ്വാസികളാണ്. മാർപാപ്പയുടെ ഇതുവരെയുള്ള ശുശ്രൂഷാ ജീവിതത്തിലെ ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു ഇത്. എന്നാൽ ഈ വലിയ സംഖ്യയ്ക്കപ്പുറം, ചരിത്രപരമായ ആ ദിനത്തെ ജീവസ്സുറ്റതാക്കിയത് അതിൽ പങ്കെടുത്ത സാധാരണക്കാരായ മനുഷ്യരുടെ അനുഭവങ്ങളും സാക്ഷ്യങ്ങളുമായിരുന്നു.

കാത്തിരിപ്പിന്റെ രാവ്

രാവിലെ 11:30-ന് പലേർമോയിലെ ‘മൊനുമെന്റോ ഡി ലോസ് എസ്പാനിയോൾസ്’ (Monumento a los Españoles) മൈതാനത്ത് നിശ്ചയിച്ചിരുന്ന ദിവ്യബലിക്കായി, അർധരാത്രിയോടെ തന്നെ പൊതുജനങ്ങൾക്കായുള്ള കവാടങ്ങൾ തുറന്നുകൊടുത്തിരുന്നു. ആഴ്ചകൾക്ക് മുൻപേ നിർമ്മിച്ച കൂറ്റൻ അൾത്താരയ്ക്ക് സമീപം എത്തിയ വിശ്വാസികളെ വരവേറ്റത് തെളിഞ്ഞ വസന്തകാല ആകാശവും പ്രാദേശിക കലാകാരന്മാരുടെ സംഗീതവുമായിരുന്നു.

രാവിലെ ഒൻപത് മണിയോടെ കത്തോലിക്കാ ഗായിക അഥീനസ്, തന്റെ ഗാനങ്ങളിലൂടെ വിശ്വാസികളെ ഭക്തിസാന്ദ്രമാക്കി. തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി എത്തിയ പ്രശസ്ത ഗായിക സോളിഡാഡ് പാസ്റ്ററൂട്ടി ‘ലാ വയഹേറ’, ‘ആ ഡോൺ അറ്റ’ എന്നീ സ്വന്തം ഗാനങ്ങളും ‘അൽമ മിസിയോനേര’ തുടങ്ങിയ ഭക്തിഗാനങ്ങളും ആലപിച്ചു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അർജന്റീന സന്ദർശിച്ചപ്പോൾ കുട്ടിയായിരുന്ന ഫ്ലോറൻസിയ റാസ്പി തന്റെ നാല് മക്കളുമൊത്താണ് എത്തിയത്. അന്ന് താൻ അനുഭവിച്ച അതേ ആത്മീയ അനുഭവം സ്വന്തം മക്കൾക്കും ലഭിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് അവർ പറഞ്ഞു. “ഞങ്ങളെ ഇങ്ങോട്ട് നയിച്ചത് വിശ്വാസമാണ്. വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിക്കുന്ന ഒരു സന്ദേശം പരിശുദ്ധ പിതാവ് നൽകുമെന്ന് പ്രത്യാശിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

സഭയുടെ ജീവസ്സുറ്റ മുഖം

വീഥികളിൽ വാഹനഗതാഗതം നിരോധിച്ചിരുന്നതിനാൽ കുടുംബങ്ങളും ഇടവക കൂട്ടായ്മകളും യുവാക്കളും അടങ്ങുന്ന ആയിരക്കണക്കിന് ആളുകൾ കാൽനടയായാണ് ഇവിടേക്ക് എത്തിച്ചേർന്നത്. മാർപാപ്പയുടെ ചിത്രങ്ങളും ഫ്ലാഗുകളും മെസ്സിക്കും മറഡോണയ്ക്കുമൊപ്പം മാർപാപ്പ നിൽക്കുന്ന എഐ നിർമ്മിത ചിത്രങ്ങളും തെരുവ് കച്ചവടക്കാരെയും അവിടെ കാണാമായിരുന്നു.

വോളന്റിയറായ ഫ്രാൻസിസ്കോ ബ്രൂസ്കോ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ലെയോ മാർപാപ്പയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിനെയാണ്. ദൈവം എത്രമാത്രം കരുണയുള്ളവനാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. അർജന്റീന യഥാർഥത്തിൽ ഒരു കത്തോലിക്കാ രാജ്യമാണെന്ന് തെളിയിക്കാനുള്ള നല്ലൊരു അവസരമാണിത്.”

അനുരഞ്ജനത്തിന്റെയും ആദരവിന്റെയും ദിവ്യബലി

വൈകിട്ടോടെ പോപ്പ് മൊബീലിൽ ലെയോ പതിനാലാമൻ മാർപാപ്പ കടന്നുവന്നപ്പോൾ ജനസഞ്ചയം ആവേശഭരിതരായി. കത്തുന്ന വെയിലിൽ തൊപ്പികളും വസ്ത്രങ്ങളും കൊണ്ട് തലമറച്ചാണ് വിശ്വാസികൾ പരിശുദ്ധ പിതാവിനെ സ്വീകരിച്ചത്. തുടർന്ന് നടന്ന ദിവ്യബലിയിൽ തികഞ്ഞ ആദരവോടും പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിലുമാണ് ജനങ്ങൾ പങ്കുകൊണ്ടത്. ദിവ്യകാരുണ്യ സ്വീകരണ വേളയിൽ രണ്ടായിരത്തിലധികം ശുശ്രൂഷകർ വഴി ജനങ്ങൾ ക്രമമായി വിശുദ്ധ കുർബാന സ്വീകരിച്ചു.

മുൻപ് ബ്യൂണസ് അയേഴ്‌സ് ആർച്ച്ബിഷപ്പായിരുന്ന ഫ്രാൻസിസ് മാർപാപ്പയെ ലെയോ പതിനാലാമൻ അനുസ്മരിച്ചപ്പോൾ ജനക്കൂട്ടം വലിയ കരഘോഷത്തോടെയാണ് ആ വാക്കുകൾ സ്വീകരിച്ചത്. ചടങ്ങുകൾക്ക് ശേഷം വലിയൊരു ആത്മീയ സന്തോഷത്തോടെയും ഐക്യത്തോടെയുമാണ് വിശ്വാസികൾ മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.