
ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറുവിലേക്കുള്ള അപ്പസ്തോലിക സന്ദർശനം ദേശീയ പ്രാധാന്യമുള്ളതായി പെറു സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 -ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. നവംബർ 11 മുതൽ 17 വരെയാണ് മാർപാപ്പയുടെ പെറുവിലേക്കുള്ള സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
പെറു പ്രസിഡന്റ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളിലെ ചടങ്ങുകളും കസ്റ്റംസ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഉയർന്നതല കമ്മീഷൻ രൂപീകരിക്കും. വിദേശകാര്യ മന്ത്രാലയത്തിനാണ് കമ്മീഷന്റെ സാങ്കേതിക ഏകോപന ചുമതല.
പെറുവിലെ ബിഷപ്പുമാരും കത്തോലിക്കാ സമൂഹവും വലിയ സന്തോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ലെയോ മാർപാപ്പ മുൻപ് ശുശ്രൂഷ ചെയ്ത ചിക്ലായോ രൂപതയിലേക്ക് പാപ്പ വീണ്ടും എത്തുന്നതിന്റെ ആവേശം ചിക്ലായോ ബിഷപ്പ് മോൺസിഞ്ഞോർ എഡിൻസൺ ഫാർഫാൻ പങ്കുവച്ചു. പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് മോൺസിഞ്ഞോർ കാർലോസ് ഗാർസിയ കമദർ, മാർപാപ്പയുടെ സാന്നിധ്യം വിശ്വാസികൾക്ക് വലിയൊരു സമ്മാനവും പ്രത്യാശ പുതുക്കാനുള്ള അവസരവുമാണെന്ന് പറഞ്ഞു.
മന്ത്രിസഭാ യോഗത്തിലെ പ്രാഥമിക കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം ഏഴ് ലക്ഷത്തിലധികം വിശ്വാസികൾ ഈ ചരിത്രപരമായ സന്ദർശനത്തിന്റെ ഭാഗമാകാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.




