സഭയുടെ സംഗീതപാരമ്പര്യം സംരക്ഷിക്കപ്പെടണമെന്ന് ലെയോ പാപ്പ

കത്തോലിക്കാ സഭയുടെ അതിമനോഹരമായ സംഗീതപാരമ്പര്യം വരുംതലമുറകൾക്കായി സംരക്ഷിക്കപ്പെടണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ ആരാധനാക്രമത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾ വിശദീകരിക്കവെയാണ് മാർപാപ്പ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

ആരാധനാക്രമത്തിൽ സംഗീതം കേവലമൊരു അലങ്കാരമല്ലെന്നും, മറിച്ച് പ്രാർഥനയുടെയും ആരാധനയുടെയും അവിഭാജ്യഘടകമാണെന്നും മാർപാപ്പ വ്യക്തമാക്കി. സാർവത്രികസഭയുടെ സംഗീതപാരമ്പര്യം വിലമതിക്കാനാവാത്ത നിധിയാണ്. ഗ്രെഗോറിയൻ ചാന്റും (Gregorian chant) പൈപ്പ് ഓർഗൻ സംഗീതവും വിശ്വാസികളിൽ ദൈവഭക്തിയും പ്രാർഥനാന്തരീക്ഷവും വളർത്താൻ ഏറെ സഹായിക്കുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.

പ്രാദേശിക സംസ്കാരങ്ങളെയും തനിമകളെയും ഉൾക്കൊള്ളുന്നതും ലളിതവും അതേസമയം ഗാംഭീര്യമുള്ളതുമായ സംഗീതശൈലികൾ ആരാധനയിൽ ഉപയോഗിക്കാം. പുതിയ സംഗീതസംയോജനങ്ങൾ നടത്തുമ്പോൾ സഭയുടെ പുരാതനമായ സംഗീതപാരമ്പര്യത്തെയും ഭക്തിയെയും കാത്തുസൂക്ഷിക്കാൻ സംഗീതസംവിധായകർ ശ്രദ്ധിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.