
ഫിലിപ്പീൻസിലെ പ്രശസ്തമായ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമായ ‘അറ്റെനിയോ ഡി സംബോവാംഗ യൂണിവേഴ്സിറ്റി’ ജൂനിയർ ഹൈസ്കൂൾ ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ഫിലിപ്പീൻസിലെ കത്തോലിക്കാ സഭയും വിദ്യാഭ്യാസമേഖലയും കടുത്ത ആശങ്കയിലാണ്.
ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ ഈ സംഭവം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ കൗമാരക്കാരൻ പത്താം ക്ലാസിലെ ഒരു വിദ്യാർഥിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ആക്രമണം നടത്തിയ വിദ്യാർഥി ജീവനൊടുക്കി. വിദ്യാർഥി ഈ ആക്രമണം ഫേസ്ബുക്കിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. അതേസമയം, ആയുധമായി ഉപയോഗിച്ച തോക്ക് വിദ്യാർഥിയുടെ പിതാവിന്റേതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദാരുണമായ ഈ സംഭവത്തെ തുടർന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റായ ജെസ്യൂട്ട് വൈദികൻ ഫാ. ഗിൽറി ആന്റണി അൻഡാൽ ക്യാമ്പസിലെ മുഴുവൻ ക്ലാസുകളും താൽക്കാലികമായി റദ്ദാക്കുകയും സർവകലാശാലയിലുടനീളം പ്രാർഥനാദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണത്തിൽ മരിച്ച രണ്ട് കുട്ടികളുടെയും കുടുംബങ്ങൾക്ക് സഭയും സ്കൂൾ അധികൃതരും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങളോ, ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് ഫിലിപ്പീൻസിലെ കത്തോലിക്കാ വിദ്യാഭ്യാസ അസോസിയേഷൻ (CEAP) പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.




