‘എത്രയും ദയയുള്ള മാതാവേ’ എഴുതിയ ‘മാധുര്യമുള്ള വിശുദ്ധന്റെ’ ചരിത്രം

ക്ലെയർവോയിലെ വി. ബർണാർഡ്

ആഗസ്റ്റ് 20-ന് കത്തോലിക്കാസഭ വേദപാരംഗതനായ വി. ബർണാർഡിന്റെ തിരുനാൾ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം തന്റെ എഴുത്തുകൊണ്ടും പ്രസംഗങ്ങൾകൊണ്ടും സ്വാധീനം ചെലുത്താന്‍ വി. ബർണാർഡിനു സാധിച്ചു. 1130-ലെ, സഭയ്ക്കുള്ളിലെ ശീശ്മ അവസാനിപ്പിക്കാൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.

ഫ്രാൻസിലെ ദിജോൺ (Dijon) എന്ന സ്ഥലത്ത് 1090-ൽ ജനിച്ചു. 22-ാം വയസ്സിൽ സിസ്റ്റേർസിയൻ (Cistercian) സഭയിൽ ചേർന്നു. നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയ ബർണാർഡ്, വിശ്വാസകാര്യങ്ങളിൽ തീക്ഷ്ണമതിയായിരുന്നു. സഹോദരങ്ങളും അങ്കിളും നിരവധി സുഹൃത്തുക്കളും ബർണാർഡിന്റെ മാതൃക പിൻചെന്ന് ആബിയിൽ ചേർന്നു.

Citeaux ആബിയിലാണ് ബർണാർഡ് ആദ്യം ചേർന്നത്. മൂന്നു വർഷങ്ങൾക്കുശേഷം മറ്റു 12 സന്യാസിമാരോടൊപ്പം ഫ്രാൻസിലെ തന്നെ ഷാംപെയ്ൻ (Champagne) രൂപതയിൽ മറ്റൊരു ആശ്രമം (Abby) സ്ഥാപിക്കാൻ നിയോഗിച്ചു. ഈ ആശ്രമമാണ് ക്ലെയർവോ Clairvaux (പ്രകാശങ്ങളുടെ താഴ്‌വാരം) എന്നറിയപ്പെടുന്നത്. ബർണാർഡ് ഈ ആബിയുടെ അധിപൻ (Abbot) ആയി ശുശ്രൂഷ ചെയ്തു. ധ്യാനനിരതമായ സന്യാസജീവിതവും പ്രവർത്തനനിരതമായ പ്രേഷിതജീവിതവും സമന്വയിപ്പിച്ചുകൊണ്ടുപോകാൻ ബർണാർഡിന് നന്നായി അറിയാമായിരുന്നു.

ബർണാർഡിന്റെ ദൈവശാസ്ത്രത്തിന്റെയും പ്രസംഗങ്ങളുടെയും മഹത്വം പുതിയ പാതകൾ പിന്തുടരുന്നതിലായിരുന്നില്ല. സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതുവഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലുമായിരുന്നു.

മാതൃഭക്തനായ വി. ബർണാർഡ് എഴുതിയതായി വിശ്വസിക്കുന്ന “എത്രയും ദയയുള്ള മാതാവേ” എന്ന ജപം ലോകപ്രസിദ്ധമാണ്. തന്റെ കാലത്ത് യൂറോപ്പിൽ ശക്തമായ സ്വാധീനം ബർണാഡിനുണ്ടായിരുന്നു. മാർപാപ്പമാരും രാജാക്കന്മാരും ഉപദേശങ്ങൾക്കുവേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. 1153-ല്‍ മരണമടഞ്ഞ അദേഹത്തെ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം 1174-ൽ വിശുദ്ധനായി പ്രഖ്യാപിച്ചു.

മറിയം കൃപയുടെ മധ്യസ്ഥ

മറിയത്തിൻ്റെ മധ്യസ്ഥത, വി. ബെർണാഡിന്റെ രചനകളിൽ വളരെ പ്രകടമാണ്. മറിയത്തെ കൃപയുടെ മധ്യസ്ഥതയ്ക്കുള്ള ഏറ്റവും നല്ല ഉപാധിയായി ബർണാഡ് കാണുന്നു. മാതാവിന്റെ ജനനത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിൽ, ബെർണാഡ് മറിയത്തെ, ഭൂമിയെ കൃപയാൽ നിറയ്ക്കുന്ന ഒരു നീർച്ചാലായി താരതമ്യപ്പെടുത്തുന്നു. മറ്റൊരവസരത്തിൽ “മറിയത്തിന്റെ കൈകളിലൂടെ കടന്നുപോകാതെ ഒന്നും നമുക്ക് ഉണ്ടാകരുതെന്ന് ദൈവം ആഗ്രഹിക്കുന്നതായി” ബർണാഡ് പഠിപ്പിക്കുന്നു. വിശുദ്ധന്റെ മരിയൻ വിജ്ഞാനത്തിൽ യേശുവുമായി ബന്ധപ്പെടുത്തി മറിയത്തിന് കൃപവിതരണത്തിലുള്ള പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു.

മറിയത്തിന്റെ അത്ഭുകരമായ മുലയൂട്ടൽ

ഒരിക്കൽ ബർണാർഡ് മുട്ടുകുത്തി മറിയത്തിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ, “ഒരു അമ്മയായി നിന്നെത്തന്നെ എനിക്കു കാണിച്ചുതരിക” എന്നു പ്രാർഥിച്ചു. ഉടനെ പ്രതിമ ജീവസുറ്റതായി. ഒരു കൈയ്യിൽ ഉണ്ണിയേശുവിനെ കൈകളിലേന്തിയ പരിശുദ്ധ കന്യകാമറിയം മറ്റേ കരംകൊണ്ട് ബർണാഡിനു മുലപ്പാൽ ചുരത്തിനൽകി എന്നാണ് ഐതീഹ്യം. മറ്റൊരു വ്യാഖ്യാനമനുസരിച്ച്, പരിശുദ്ധ കന്യകാമറിയം ബർണാഡിനു മുലപ്പാൽ നൽകുന്നത് മറിയത്തിനു ബർണാഡിനോടുള്ള മാതൃസഹജമായ കരുതലിന്റെയും സംരക്ഷണത്തിന്റെയും തെളിവാണ്.

യൂറോപ്പിൽ ക്രിസ്തീയവിശ്വാസത്തെ സംരക്ഷിക്കാൻ അക്ഷീണം യത്നിച്ച ബർണാർഡിനെ, പീയൂസ് എട്ടാമൻ മാർപാപ്പ മാധുര്യമുള്ള വേദപാരംഗതൻ (Honey Sweet Doctor) എന്നാണ് വിളിച്ചിരുന്നത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിപ്രായത്തിൽ വി. ബർണാഡ്, മരിയവിജ്ഞാനത്തിന്റെ വേദപാരംഗതനാണ് (Doctor of Mariology). അത് പരിശുദ്ധ കന്യകാമറിയത്തെപ്പറ്റി വിപുലമായി എഴുതിയതുവഴി മാത്രമല്ല. മറിച്ച്, സഭയിൽ മറിയത്തിനുള്ള അതിവിശിഷ്ടമായ സ്ഥാനം മനസ്സിലാക്കി, ആശ്രമജീവിതത്തിന്റെയും എതൊരു രീതിയിലുമുള്ള ക്രിസ്തീയ ജീവിതചര്യയുടെയും ഏറ്റവും ഉദാത്തമാതൃകയായി അവതരിപ്പിച്ചതിലുമാണ്.

ഫാ. ജയ്സൺ കന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.