
ലിമയിലെ വിശുദ്ധ റോസ് ഒരു സന്ന്യാസിനി ആയിരുന്നില്ല. മറിച്ച്, ഡൊമിനിക്കൻ മൂന്നാം സഭയിൽ അംഗമായ ഒരു അൽമായ വനിതയായിരുന്നു. ലിമയിലെ വിശുദ്ധ റോസിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ അനുഭവങ്ങളിലൊന്നാണ് അവരുടെ ‘ആത്മീയ വിവാഹം’. യഥാർഥ പേര് ഇസബെൽ ഫ്ലോറസ് ഡി ഒലിവ എന്നായിരുന്നെങ്കിലും റോസാ എന്നറിയപ്പെട്ടിരുന്ന അവരുടെ ജീവിതത്തിൽ പ്രാർഥനയ്ക്കും താപസ പ്രവർത്തനങ്ങൾക്കും വളരെ പ്രാധാന്യമായിരുന്നു ഉണ്ടായിരുന്നത്.
ആത്മീയ വിവാഹത്തിന്റെ പാരമ്പര്യം
1617-ലെ ഓശാന ഞായറാഴ്ച, ലിമയിലെ ഡൊമിനിക്കൻ ദൈവാലയത്തിലെ ജപമാല മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ പ്രാർഥിക്കുകയായിരുന്ന റോസിന്, ഉണ്ണിയേശുവിൽ നിന്നുള്ള ആത്മീയ അനുഭവം ലഭിച്ചതായി പറയപ്പെടുന്നു. “എന്റെ ഹൃദയത്തിന്റെ റോസേ, നീ എന്റെ മണവാട്ടിയായിരിക്കുക” എന്ന വാക്കുകളോടെ ഉണ്ണിയേശു അവരെ ആത്മീയമായി സ്വീകരിച്ചുവെന്നും “ഇതാ, നിത്യമഹത്വത്തിന്റെ രാജാവേ, ഞാൻ അങ്ങയുടെ ദാസിയാണ്. ഞാൻ അങ്ങയുടേതാണ്, എന്നെന്നും അങ്ങയുടേതായിരിക്കുകയും ചെയ്യും,” എന്ന് റോസാ അതിനു മറുപടി നൽകി എന്നും പറയപ്പെടുന്നു. ഈ ആത്മീയ ബന്ധത്തിന്റെ പ്രതീകമായി ഒരു മോതിരം സമ്മാനിക്കപ്പെട്ടു എന്നും ചരിത്രരേഖകളും പാരമ്പര്യ സംഭവങ്ങളും വെളിപ്പെടുത്തുന്നു.
ഈ സംഭവത്തിന്റെ സ്മരണാർഥം, ലിമയിലെ ചരിത്രപ്രസിദ്ധമായ നഗരമധ്യത്തിലുള്ള സാന്റോ ഡൊമിംഗോയിലെ പരിശുദ്ധ ജപമാല മാതാവിന്റെ ബസിലിക്കയിൽ (ബസിലിക്ക ഓഫ് ദ മോസ്റ്റ് ഹോളി റോസറി ഓഫ് സാന്റോ ഡൊമിംഗോ), ആത്മീയ വിവാഹം നടന്ന കൃത്യമായ സ്ഥലം അടയാളപ്പെടുത്തുന്ന ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്.
‘ഏൻഷ്യന്റ് ലിമ’, ‘എഡിഫയിംഗ് ലൈഫ് ഓഫ് ദ ഗ്ലോറിയസ് സെയിന്റ് റോസ് ഓഫ് ലിമ’ എന്നീ കൃതികളുടെ രചയിതാവായ കാർലോസ് പ്രിൻസ്, രണ്ടാമത്തെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നത് വിശുദ്ധയുടെ മോതിരം അവരുടെ സഹോദരന്മാരിൽ ഒരാളാണ് നിർമ്മിച്ചതെന്നാണ്. വിശുദ്ധയുടെ മരണശേഷം, ഈ മോതിരത്തിൽ സ്പർശിച്ചപ്പോൾ പലർക്കും ആഴത്തിലുള്ള പശ്ചാത്താപം അനുഭവപ്പെട്ടതായും പ്രിൻസ് കൂട്ടിച്ചേർക്കുന്നു. ഈ മോതിരം അവർ താമസിച്ചിരുന്ന സാന്താ റോസ ഡി ലിമ ഹൗസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.




