ഒറ്റപ്പെടലിനെയും ഏകാന്തതയെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ഏതാനും നുറുങ്ങുകൾ

തിരക്കുകൾക്കിടയിൽ ഒറ്റപ്പെടുക അല്ലെങ്കിൽ ഏകാന്തതയുടെ നിഴലിൽ ആകുക എന്നത് വളരെ വേദനാജനകമായ ഒന്നാണ്. ചുറ്റും ഒരുപാട് ആളുകളും സാമൂഹ്യ മാധ്യമങ്ങളുടെ ബഹളങ്ങളും ഉണ്ടായിട്ടും ഏകാന്തത വേട്ടയാടുന്ന അനേകം ആളുകൾ ഉണ്ട്. അവർക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ഏതാനും നിർദേശങ്ങളും മാർഗങ്ങളും ഇതാ.

സൗഹൃദങ്ങൾക്കായി ഹൃദയം തുറക്കുക

ഏകാന്തതയെയും ഒറ്റപെടലിനെയും എങ്ങനെ അതിജീവിക്കാം എന്നതിന്റെ ആദ്യ ഉത്തരം മറ്റുള്ളവർക്ക് നേരെ സൗഹൃദത്തിന്റെ കരം നീട്ടുക എന്നതാണ്. “പുഞ്ചിരിക്കുന്ന ഒരു നോട്ടത്തിലൂടെയോ, സ്നേഹപൂർണ്ണമായ ഒരു വാക്കിലൂടെയോ ചെറിയ ത്യാഗങ്ങൾ ചെയ്യാനുള്ള ഒരൊറ്റ അവസരവും നഷ്ടപ്പെടുത്തരുത്; എപ്പോഴും ഏറ്റവും ചെറിയ നന്മകൾ ചെയ്യുക, അതെല്ലാം സ്നേഹത്തെപ്രതി ചെയ്യുക”- എന്ന കൊച്ചുത്രേസ്യയുടെ വാക്കുകൾ ഏകാന്തതയെയും ഒറ്റപ്പെടലിനെയും ഇല്ലാതാക്കാനുള്ള ഒരു കുറുക്കുവഴിയാണ്.

മാറിയിരിക്കാതെ നല്ല സൗഹൃദങ്ങളെ ഒപ്പം കൂട്ടുമ്പോൾ നാം ജീവിതത്തിൽ ആക്റ്റീവ് ആകുകയും അതോടൊപ്പം തന്നെ ഏകാന്തത ഇല്ലാതാകുകയും ചെയ്യും.

ചെറിയ മാറ്റങ്ങൾ കൊണ്ടുവരാം

വലിയ കാര്യങ്ങളിലല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിലെ സാധാരണ നിമിഷങ്ങളിലാണ് മാറ്റം തുടങ്ങേണ്ടത്. മറ്റൊരാൾ സംസാരിക്കുമ്പോൾ നമ്മുടെ ഫോൺ മാറ്റിവയ്ക്കുക, മറ്റുള്ളവരെ ക്ഷമയോടെ കേൾക്കാൻ തയ്യാറാകുക, കരുതൽ കാണിക്കുക, മറ്റുള്ളവരെയും ഒപ്പം കൂട്ടുക തുടങ്ങിയ കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ സമൂഹവുമായി കൂടുതൽ അടുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ നാം ഒരിക്കലും ഒറ്റക്കാണ് എന്ന തോന്നൽ ഉണ്ടാവുകയില്ല. മറ്റുള്ളവരെ നാം നമ്മുടെ ജീവിതത്തിൽ ഒപ്പം കൂട്ടുമ്പോൾ അവരും നമ്മെ ഒപ്പം കൂട്ടുന്നതായും ചേർത്തു പിടിക്കുന്നതായും നമുക്ക് അനുഭവപ്പെടും. ഇത്തരം അനുഭവങ്ങളാണ് നമ്മെ കൂടുതൽ സന്തോഷവാന്മാരും ഊർജ്ജസ്വലരും ആക്കുന്നത്.

മുൻവിധികളും കണക്കുകൂട്ടലുകളും ഒഴിവാക്കാം

പലപ്പോഴും പല ആളുകളെയും സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുന്നത് തെറ്റായ മുൻവിധികളും കണക്കുകൂട്ടലുകളും ആണ്. ഒരു വ്യക്തി എങ്ങനെയാണെന്ന് അറിയാതെ അയാളെ വിധിക്കാനോ മാറ്റി നിർത്താനോ ശ്രമിക്കരുത്. അതുപോലെ തന്നെ എപ്പോഴെങ്കിലും ഉണ്ടായ മോശം അനുഭവങ്ങളുടെ പേരിൽ സമൂഹത്തിൽ നിന്ന് പൂർണ്ണമായും അകന്നും നിൽക്കരുത്. മോശം അനുഭവങ്ങൾ മാത്രമല്ല നന്മകളും നമ്മിലേക്ക്‌ എത്താൻ നിമിഷങ്ങൾ മാത്രം മതി എന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാം.

ആഴത്തിലുള്ള സൗഹൃദങ്ങൾ ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്നതല്ല; അതിന് സമയവും നിരന്തരമായ സമ്പർക്കവും പരസ്പര കരുതലും ആവശ്യമാണ്. നമ്മൾ ചെയ്യുന്ന ഒരു ചെറിയ നന്മയ്ക്ക് പെട്ടെന്ന് വലിയ ഫലമൊന്നും കാണാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, അത് ഒരു പുതിയ ബന്ധത്തിലേക്കുള്ള വാതിൽ തുറന്നിടുന്നു. പുതിയതായി ഒരു വ്യക്തിയോട് സംസാരിക്കുന്നതിനു മുൻപ് മനസ്സ് ശാന്തമാക്കാം. എന്നിട്ട് ദൈവമേ എന്നിൽ സ്നേഹം നിറയ്ക്കണമേ എന്ന് പ്രാർഥിക്കാം. പ്രാർഥനയോടെ ആരംഭിക്കുന്ന ബന്ധങ്ങൾ ഒരിക്കലും മോശമാകില്ല. അത് നമ്മെ നന്മയിലേക്ക് നയിക്കുക തന്നെ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.