
മിഡിൽ ഈസ്റ്റിലെ ജനാധിപത്യ സംരക്ഷണത്തിനും ക്രൈസ്തവസാന്നിധ്യത്തിന്റെ നിലനിൽപ്പിനും ലെബനൻ അതീവ നിർണ്ണായകമാണെന്ന് വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ പറഞ്ഞു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയവും ഇൻസ്റ്റിട്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസും (ISPI) സംയുക്തമായി ഇറ്റലിയിലെ നേപ്പിൾസിൽ സംഘടിപ്പിച്ച 12-ാമത് ‘മെഡ് മെഡിറ്ററേനിയൻ ഡയലോഗ്സ്’ (MED Mediterranean Dialogues) സമ്മേളനത്തിൽ നവംബർ 20 ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭിന്നതകൾക്കപ്പുറം: ലെബനനിലെ വിള്ളലുകൾ ഉണക്കൽ’ (Beyond Fragmentation: Healing Lebanon’s Cracks) എന്ന സെഷനിൽ ഐക്യരാഷ്ട്രസഭയുടെ നയതന്ത്രജ്ഞൻ സ്റ്റാഫാൻ ഡി മിസ്റ്റുറ, മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാദി നിക്കോളാസ് നാസർ, കാർണഗീ മിഡിൽ ഈസ്റ്റ് സെന്ററിലെ മഹാ യഹിയ എന്നിവർക്കൊപ്പമാണ് ആർച്ച്ബിഷപ്പ് ഗല്ലഗർ പങ്കെടുത്തത്.
മേഖലയ്ക്കു മുഴുവൻ അടിസ്ഥാനപരമായ ഈ രാജ്യത്തെ സഹായിക്കാൻ ശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തെക്കൻ ലെബനനിലെ സുരക്ഷയെയും, 2026 ഡിസംബർ 31 ന് കാലാവധി അവസാനിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയുടെ (UNIFIL) ഭാവിയെയും കുറിച്ച് ആർച്ച്ബിഷപ്പ് ഗല്ലഗർ പരാമർശിച്ചു.
പൊന്തിഫിക്കൽ ഫൗണ്ടേഷനായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ’ (Aid to the Church in Need) 2025 ലെ മതസ്വാതന്ത്ര്യ റിപ്പോർട്ട് പ്രകാരം, ഏകദേശം 57,73,493 വരുന്ന ലെബനീസ് ജനസംഖ്യയിൽ 33.7% ക്രൈസ്തവരാണ് (0.58 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നു). 60 ശതമാനമുള്ള മുസ്ലീം ജനസംഖ്യയിൽ 0.17 ശതമാനത്തിന്റെ വർധനവുണ്ട്. ബാക്കിയുള്ളവരിൽ അജ്ഞേയവാദികൾ, നിരീശ്വരവാദികൾ, മറ്റ് മതവിഭാഗങ്ങളിൽപെട്ടവർ എന്നിവർ ഉൾപ്പെടുന്നു.




