നൈജീരിയയിൽ വംശീയ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ നൈജർ സംസ്ഥാനത്തുണ്ടായ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. പ്രദേശത്തെ പ്രമുഖ സമൂഹമായ ഫുലാനി വിഭാഗത്തിന് നേരെ ശനി, ഞായർ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിലാണ് ഇത്രയധികം പേർക്ക് ജീവൻ നഷ്ടമായത്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു ആക്രമണത്തിനുള്ള പ്രതികാരമായാണ് ഈ കൂട്ടക്കൊല നടന്നതെന്ന് ഫുലാനി സമുദായ പ്രതിനിധികൾ ആരോപിച്ചു.

ബോർഗു പ്രാദേശിക ഭരണകൂടത്തിന് കീഴിലുള്ള വാവ (Wawa), ഗാഡ-ഒലി (Gada-Oli) എന്നീ പട്ടണങ്ങൾക്ക് സമീപമുള്ള ഫുലാനി കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തോക്കുകളും വടിവാളുകളുമായി എത്തിയ അക്രമികൾ, വീടുകൾക്ക് തീയിടുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 38 പേരെ വാവയിലെ ഒരു കൂട്ടക്കുഴിമാടത്തിലാണ് ഞായറാഴ്ച സംസ്കരിച്ചത്.

ശനിയാഴ്ച രാവിലെ സമീപഗ്രാമമായ ലുമ്മാൻ-ബാരെയിൽ പ്രഭാത പ്രാർഥനയ്ക്കിടെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവയ്‌പ്പിൽ ഗ്രാമത്തലവൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. സായുധ കൊള്ളക്കാരാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇതിന് പ്രതികാരമായി പ്രദേശത്തെ പ്രാദേശിക സുരക്ഷാ സംഘങ്ങൾ ഫുലാനി സമുദായത്തിന് നേരെ തിരിയുകയായിരുന്നു. ഏതെങ്കിലും വ്യക്തികളോ സായുധ സംഘങ്ങളോ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ ഒരു സമുദായത്തെ മുഴുവൻ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫുലാനി സംഘടനകൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.