
കായികതാരങ്ങളുടെ നേട്ടങ്ങളെ പിന്തുടരുന്നത് മത്സരങ്ങൾക്കപ്പുറമുള്ള ഒന്നാണെന്നും അതിലെ വിജയങ്ങളും പരാജയങ്ങളും മനുഷ്യജീവിതം കെട്ടിപ്പടുത്തിരിക്കുന്ന മൂല്യങ്ങളെയും വെല്ലുവിളികളെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ലെയോ പതിനാലാമൻ പാപ്പ. തിങ്കളാഴ്ച സൈക്ലിസ്റ്റുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“യഥാർഥമായ ഏതൊരു കായികാനുഭവത്തിന്റെയും സവിശേഷതയായ സമൃദ്ധമായ ജീവിതത്തിന്റെ ഒരു പ്രതീകമായി സൈക്ലിംഗിനെ മനസ്സിലാക്കാവുന്നതാണ്. നഗരത്തിലെ ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും മാറി, സൃഷ്ടികളോടുള്ള ശ്രദ്ധയും ആദരവും വളർത്തിയെടുക്കാൻ കഴിയുന്നതിനാൽ, നമ്മുടെ ആന്തരിക ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനുള്ള മൂല്യവത്തായ ഒരു മാർഗമായി സൈക്കിളിലൂടെയുള്ള ലളിതമായ യാത്രയെ കാണാം”- പാപ്പ പറഞ്ഞു.
1949-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ‘ഗിസല്ലോയിലെ പരിശുദ്ധ കന്യകാമറിയത്തെ’ സൈക്ലിസ്റ്റുകളുടെ മധ്യസ്ഥയായി പ്രഖ്യാപിച്ച തീരുമാനത്തെയും പരിശുദ്ധ പിതാവ് അനുസ്മരിച്ചു. “ഗിസല്ലോയിലെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി നിരവധി സൈക്ലിസ്റ്റ് തീർഥാടനങ്ങളെ ഇവിടെ വത്തിക്കാനിൽ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്. സൈക്കിളിന് സുവിശേഷവൽക്കരണത്തിനുള്ള ഒരു ഉപകരണമായി പോലും മാറാൻ കഴിയുമെന്നതിന്റെ സാക്ഷ്യമാണിത്”- പാപ്പ കൂട്ടിച്ചേർത്തു.
അപകടങ്ങളിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്ത സൈക്ലിസ്റ്റുകളെ അനുസ്മരിക്കുകയും അവരെ പ്രാർഥനയിൽ ഓർക്കാൻ വിശ്വാസികളെ ക്ഷണിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.




