സഭയുടെ ജീവിതം സാർവത്രികമാണ്: ഫ്രാൻസിസ് പാപ്പാ

സഭയുടെ യഥാർഥമുഖം സാർവത്രികമാണെന്നും അതിനാലാണ് താൻ ലോകത്തിനു മുഴുവനുംവേണ്ടി സംസാരിക്കുന്നതെന്നും വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. അർജന്റീനിയൻ വാർത്താ ഏജൻസിയായ ‘തെലാമിനു’ ഫ്രാൻസിസ് പാപ്പാ നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.

“പ്രതിസന്ധികൾ നമ്മുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. ഇവയെ പരിഹരിക്കാൻ യുവതലമുറയെ പഠിപ്പിക്കുകയും വേണം. പ്രതിസന്ധികൾ തരണംചെയ്തുകൊണ്ട് മുൻപോട്ടുപോകുമ്പോഴാണ് ജീവിതത്തിൽ പക്വത കൈവരുന്നത്” – പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യരാശിയുടെ ഏറ്റവും പ്രധാന പ്രതിസന്ധി എന്താണെന്നു ചോദിച്ചപ്പോൾ, യഥാർഥമൂല്യങ്ങളെ പ്രകടിപ്പിക്കാനുള്ള ഭയമാണെന്ന് പാപ്പാ പറഞ്ഞു. അതിനാൽ ഒരു രാജ്യം അതിന്റെ യഥാർഥവും നന്മനിറഞ്ഞതുമായ മൂല്യങ്ങൾ പുറത്തുകൊണ്ടുവരാൻ ആരെയും ഭയപ്പെടരുത്. മനുഷ്യഭാഷകളിൽ തല, ഹൃദയം, കൈകൾ എന്നീ മൂന്ന് അവയവങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുപോലെ മനുഷ്യസൗഹാർദത്തിന്റെ സന്തുലിതാവസ്ഥ നാം കാത്തുസൂക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.

ആളുകളെ ചൂഷണംചെയ്യുന്നത് വലിയ പാപമാണെന്നും തൊഴിലാളികൾ ഒരിക്കലും അടിമകളല്ലെന്നും ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു. കൃത്രിമബുദ്ധി അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യവ്യക്തിയുടെ പ്രാധാന്യം കുറച്ചുകാണരുതെന്നും പാപ്പാ ആവർത്തിച്ചു. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുത്തുകൊണ്ട് മറ്റുളവരോടുള്ള സംഭാഷണം ത്വരിതപ്പെടുത്താനും അപ്രകാരം സമൂഹത്തിന്റെ പുരോഗതിയിലേക്ക് ചേർന്നുനടക്കാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.