
വിധി പലപ്പോഴും നമ്മെ പരീക്ഷിക്കാറുണ്ട്. എന്നാൽ ആ പരീക്ഷണങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ചില മനുഷ്യരുണ്ട്. ഇരു കൈകളുമില്ലാതെ 1,300 ഏക്കർ വിസ്തൃതമായ കൃഷിയിടം ഒറ്റയ്ക്ക് നോക്കിനടത്തിയ ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ ഒരു കർഷകൻ. ‘ഹാംലെസ് ഫാർമർ’ (Harmless Farmer) എന്നറിയപ്പെട്ട ആൻഡി ഡെറ്റ്‌വൈലറുടെ (Andy Detwiler) അദ്ഭുത ജീവിതം.
1969 നവംബർ 24- നാണ് ആൻഡി ജനിച്ചത്. എന്നാൽ വെറും രണ്ടര വയസ്സുള്ളപ്പോൾ 1972 ജൂലൈ 18 -ന് അദ്ദേഹത്തിന്റെ ജീവിതം ഒറ്റനിമിഷം കൊണ്ട് തകർന്നു. കുടുംബ ഫാമിലെ ഒരു ‘ഗ്രെയിൻ ഓഗർ’ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന് രണ്ട് കൈകളും നഷ്ടപ്പെട്ടു. മുഖത്ത് ക്ഷതങ്ങളും സംഭവിച്ചു.
അത്ര ചെറുപ്പത്തിൽ സംഭവിച്ച ദുരന്തമായതിനാൽ കൈകൾ ഉണ്ടായിരുന്ന ഒരു കാലം അദ്ദേഹത്തിന്റെ ഓർമ്മയിൽ പോലുമില്ലായിരുന്നു. എന്നാൽ മറ്റുള്ളവരുടെ സഹതാപത്തിലോ സഹായത്തിലോ ജീവിക്കാൻ ആൻഡി തയ്യാറായില്ല. കാലുകൾ കൊണ്ട് സ്വന്തമായി ഭക്ഷണം കഴിക്കാനും, എഴുതാനും, പല്ല് തേക്കാനും, പാചകം ചെയ്യാനും അദ്ദേഹം പരിശീലിച്ചു.
പ്രായമായതോടെ തന്റെ കഴിവുകളെ അദ്ദേഹം കൃഷിയിലേക്കും വ്യാപിപ്പിച്ചു. ഒഹായോയിലെ 1,300 ഏക്കർ വൻകിട ചോള – സോയാബീൻ തോട്ടത്തിന്റെ ചുമതല ആൻഡി ഏറ്റെടുത്തു. ട്രാക്ടറുകൾ ഓടിക്കുക, യന്ത്രങ്ങളിൽ അറ്റകുറ്റപ്പണി നടത്തുക, വെൽഡിംഗ് ചെയ്യുക, കന്നുകാലികളെ പരിപാലിക്കുക. സാധാരണ മനുഷ്യർ കൈകൾ കൊണ്ട് ചെയ്യാൻ മടിക്കുന്ന പണികളെല്ലാം ആൻഡി തന്റെ കാലുകൾ കൊണ്ട് വളരെ നിസ്സാരമായി ചെയ്തുതീർത്തു.
അദ്ദേഹത്തിന്റെ വേഗതയും കാര്യക്ഷമതയും കാണുമ്പോൾ ആൻഡിക്ക് കൈകളില്ല എന്ന കാര്യം കാണികൾ പോലും മറന്നുപോകുമായിരുന്നു.
2018 -ൽ ‘ഹാംലെസ് ഫാർമർ’ എന്ന യൂട്യൂബ് ചാനലിലൂടെ ആൻഡി തന്റെ ദൈനംദിന ജീവിതം ലോകത്തിന് മുന്നിൽ കാണിച്ചുതുടങ്ങി. മോട്ടിവേഷണൽ പ്രസംഗങ്ങളേക്കാൾ അദ്ദേഹത്തിന്റെ പ്രവൃത്തികളായിരുന്നു ആളുകളുടെ ഹൃദയം തൊട്ടത്. ‘ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി കണ്ടെത്തുക’ എന്ന ലളിതമായ ചിന്തയും ‘ഒരിക്കലും വിട്ടുകൊടുക്കരുത്’ എന്ന സന്ദേശവും അദ്ദേഹം ലോകത്തിന് നൽകി. ചാനലിന് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരെ ലഭിച്ചു.
2020 -ൽ അർബുദ രോഗം ബാധിച്ചപ്പോഴും അദ്ദേഹം തളർന്നില്ല. ചികിത്സയ്ക്കിടയിലും അദ്ദേഹം ഫാമിൽ ജോലി ചെയ്യുകയും വീഡിയോകൾ പങ്കുവയ്ക്കുകയും ചെയ്തു. 2022 സെപ്റ്റംബർ 21 – ന്, 52 -ാം വയസ്സിൽ ആൻഡി ഈ ലോകത്തോട് വിടപറഞ്ഞു.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി കുടുംബവും സുഹൃത്തുക്കളും ചേർന്ന് വെസ്റ്റ് ലിബർട്ടിയിൽ ജീവിത വലുപ്പത്തിലുള്ള ഒരു വെങ്കല പ്രതിമ നിർമ്മിച്ചു. കൈകളില്ലാത്ത, എന്നാൽ ശക്തമായ കാലുകളുള്ള ആ പ്രതിമ ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് ഒന്നാണ് ‘നമുക്ക് എന്ത് നഷ്ടപ്പെട്ടു എന്നതിലല്ല, മറിച്ച് ബാക്കിയുള്ളത് കൊണ്ട് നമ്മൾ എന്ത് കെട്ടിപ്പടുക്കുന്നു എന്നതിലാണ് നമ്മുടെ വിജയം’
സീനിയ എൽസ ഇഗ്‌നേഷ്യസ്




