
ലളിതമായ അധ്യാപന ശൈലിയിലൂടെയും, കത്തോലിക്കാ വിശ്വാസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും ആഗോള കത്തോലിക്കാ സഭയിൽ വലിയ ആദരവ് പിടിച്ചുപറ്റിയ ചുരുക്കം ചിലരിൽ ഒരാളാണ് നൈജീരിയയിൽ നിന്നുള്ള കർദിനാൾ ഫ്രാൻസിസ് അരിൻസെ. അദ്ദേഹത്തെ മാമ്മോദീസ മുക്കുകയും ജീവിതത്തെ പ്രചോദിപ്പിക്കുകയും പൗരോഹിത്യത്തിലേക്ക് നയിക്കുകയും ചെയ്ത ഒരു വിശുദ്ധ വ്യക്തിത്വം ആണ് ഫാ. സിപ്രിയൻ മൈക്കൽ ഇനെനെ തൻസി. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ആ വിശുദ്ധ വ്യക്തിത്വത്തെയും അദ്ദേഹം കർദിനാൾ ഫ്രാൻസിസ് അരിൻസെയെ സ്വാധീനിച്ച വഴികളെയും കുറിച്ച് കൂടുതൽ വായിച്ചറിയാം.
ലളിതമായ ജീവിതത്തിലൂടെ ആത്മാക്കളെ നേടിയ ഫാ. സിപ്രിയൻ മൈക്കൽ ഇനെനെ തൻസി
1903-ൽ ഒരു സാധാരണ കുടുംബത്തിലാണ് തൻസി ജനിച്ചത്. പരമ്പരാഗത ആഫ്രിക്കൻ മതം പിന്തുടരുന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും ഹോളി ഗോസ്റ്റ് വൈദികർ നടത്തുന്ന സ്കൂളിൽ ചേർന്നതോടെയാണ് ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് അറിയാൻ ഇടയാക്കുന്നത്. അങ്ങനെ പഠന കാലത്ത് തന്റെ പത്താം വയസിൽ ഫാ. തൻസി മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗമായി. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം പ്രാദേശിക തലത്തിൽ അധ്യാപകനായി മാറി. പിന്നീട് വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. ആ പ്രതിസന്ധികളെ അതിജീവിച്ച് സെമിനാരിയിൽ ചേർന്ന അദ്ദേഹം, 1937-ൽ പൗരോഹിതം സ്വീകരിച്ചു. അന്നത്തെ കാലത്ത് ഭൂരിഭാഗം വൈദികരും യൂറോപ്യൻ മിഷനറിമാരായിരുന്നതിനാൽ, ഇത് വളരെ അപൂർവമായ ഒരു സംഭവമായിരുന്നു.
തൻസി വൈദികനായ സമയം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പലരും വൈദികവൃത്തി തിരഞ്ഞെടുത്തത് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാൻ ആയിരുന്നു. എന്നാൽ തൻസിക്ക് അങ്ങനെ ആയിരുന്നില്ല. അദ്ദേഹം തന്റെ ജീവിതം മുഴുവൻ ഈശോയ്ക്ക് സമർപ്പിച്ചു. ലളിതമായ ജീവിതം. അതായിരുന്നു ഫാ. തൻസിയുടെ പ്രത്യേകത.
1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തൻസിയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയപ്പോൾ, അദ്ദേഹത്തിന്റെ ധീരമായ വിശുദ്ധ ജീവിതത്തെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു:
“ഫാ. തൻസിയുടെ ജീവിതവും സാക്ഷ്യവും അദ്ദേഹം ഏറെ സ്നേഹിച്ച നൈജീരിയയിലെ ഓരോ വ്യക്തിക്കും ഒരു പ്രചോദനമാണ്. സർവോപരി അദ്ദേഹം ഒരു ദൈവപുരുഷനായിരുന്നു: ദിവ്യകാരുണ്യ സന്നിധിയിൽ അദ്ദേഹം ചെലവഴിച്ച ദീർഘമായ മണിക്കൂറുകൾ അദ്ദേഹത്തിന്റെ ഹൃദയത്തെ ഔദാര്യപൂർണ്ണവും ധീരവുമായ സ്നേഹത്താൽ നിറച്ചു. അദ്ദേഹത്തെ അറിയുന്നവർ ദൈവത്തോടുള്ള അദ്ദേഹത്തിന്റെ വലിയ സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയ എല്ലാവരും അദ്ദേഹത്തിന്റെ വ്യക്തിപരമായ നന്മയാൽ സ്പർശിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ജനങ്ങളുടെ സ്വന്തമായി മാറി: അദ്ദേഹം എപ്പോഴും മറ്റുള്ളവർക്ക് പ്രാധാന്യം നൽകി. പ്രത്യേകിച്ചും ഇടവകയിലെ കുടുംബങ്ങളുടെ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. വിവാഹത്തിനായി ദമ്പതികളെ നന്നായി ഒരുക്കാൻ അദ്ദേഹം വലിയ ശ്രദ്ധ ചെലുത്തുകയും വിശുദ്ധിയുടെ പ്രാധാന്യം പങ്കുവയ്ക്കുകയും ചെയ്തു. സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം എല്ലാവിധത്തിലും ശ്രമിച്ചു.”
കർദിനാൾ ഫ്രാൻസിസ് അറിൻസെയെ സ്വാധീനിച്ച വ്യക്തി
ലോകത്തിൽ അറിയപ്പെടുന്ന കർദിനാളായി മാറിയ ഫ്രാൻസിസ് അറിൻസെയുടെ ജീവിതത്തെ മാറ്റിമറിച്ചതിൽ ഫാ. തൻസിക്ക് നിർണായക പങ്കുണ്ട്. ഫാ. തൻസിയാണ് ഫ്രാൻസിസ് അറിൻസെയ്ക്ക് മാമോദീസ നൽകിയത്. മാത്രമല്ല, അദ്ദേഹത്തിന്റെ അൾത്താര ബാലനായി സേവനം ചെയ്യാനുള്ള ഭാഗ്യവും കർദിനാൾ ഫ്രാൻസിസ് അറിൻസെയ്ക്ക് ചെറുപ്പത്തിൽ ലഭിച്ചിരുന്നു. പിന്നീട് പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളിയിൽ കർദിനാൾ അറിൻസെയ്ക്കു വഴികാട്ടിയായതും ആ വിശുദ്ധ ജീവിതം തന്നെയായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.




