പ്രതീക്ഷയുടെ യാത്ര 186: ഭൗതികസമ്പാദ്യങ്ങളുടെ വ്യർഥത

മനുഷ്യൻ തന്റെ ആയുസ്സിലെ ഭൂരിഭാഗം സമയവും മാറ്റിവയ്ക്കുന്നത് എന്തിനു വേണ്ടിയാണ്? സമ്പത്തിനും പ്രശസ്തിക്കും വേണ്ടിയാണ്. എന്നാൽ, ഈ ഭൗതികസമ്പാദ്യങ്ങൾക്കൊന്നും മരണമെന്ന യാഥാർഥ്യത്തെ ഒരു നിമിഷം പോലും തടഞ്ഞുനിർത്താൻ കഴിയുകയില്ലെന്നതാണ് പരമാർഥം. നമ്മൾ ആർക്കു വേണ്ടിയാണോ ഇതെല്ലാം കഷ്ടപ്പെട്ട് കൂട്ടിവയ്ക്കുന്നത്, അവരെപ്പോലും കൂടെക്കൂട്ടാനാവാതെ ഒരു ദിവസം നമുക്ക് ഈ ലോകത്തോട് വിടപറയേണ്ടി വരുന്നു. കൈ നിറയെ സമ്പത്തുമായി ഈ ഭൂമിയിലേക്ക് വന്നവരല്ല നമ്മളാരും; അതുപോലെ തന്നെ ഒടുവിൽ ഒന്നും കൈയിൽ കരുതാതെ മടങ്ങേണ്ടവരുമാണ്.

വലിയ കൊട്ടാരങ്ങളോ, ആർഭാടങ്ങളോ ഇല്ലാതിരുന്നിട്ടും, സ്വന്തം അധ്വാനം കൊണ്ട് ലഭിച്ച ചെറിയ വകകളിൽ സംതൃപ്തരായി ജീവിച്ച മനുഷ്യരെ ഓർമ്മിക്കുക. ആരെയും വഞ്ചിക്കാതെ, ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി ജീവിച്ച ആ മനുഷ്യരുടെ ഓർമ്മകൾ ഇന്നും മായാതെനിൽക്കുന്നുണ്ട്. എന്നാൽ, അന്ന് അവർ എന്താണോ സമ്പാദിച്ചത്, ആ ഭൗതികവസ്തുക്കളിൽ പലതും ഇന്ന് പുതിയ കാലത്തിന്റെ മാറ്റങ്ങളിൽ അലിഞ്ഞുപോയിരിക്കുന്നു. അവശേഷിക്കുന്നത് അവരുടെ സ്നേഹവും അവർ കാത്തുസൂക്ഷിച്ച മൂല്യങ്ങളും മാത്രമാണ്.

പ്രശസ്ത റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് തന്റെ ‘മനുഷ്യന് എത്ര മണ്ണ് വേണം’ (How Much Land Does a Man Need?) എന്ന വിഖ്യാതമായ കഥയിലൂടെ ഈ സത്യം അത്യന്തം ഹൃദയസ്പർശിയായി വരച്ചുകാട്ടുന്നുണ്ട്. കൂടുതൽ ഭൂമിയും സമ്പത്തും സ്വന്തമാക്കാനുള്ള ആർത്തിയിൽ ജീവിതാവസാനം വരെ ഓടിക്കൊണ്ടിരിക്കുന്ന പാക്കോം എന്ന മനുഷ്യന്റെ കഥയാണിത്. തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് എത്ര ദൂരം നടക്കുന്നുവോ അത്രയും ഭൂമി സ്വന്തമാക്കാമെന്ന മോഹവുമായി പാക്കോം അലയുന്നു. ഒടുവിൽ അത്യധികം തളർന്ന്, ചോരതുപ്പി വീഴുന്ന ആ നിമിഷത്തിൽ കഥാകാരൻ ആ മനുഷ്യന്റെ അന്തിമ യാഥാർഥ്യത്തെ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു:

“ആറടി നിലം – തല മുതൽ പാദം വരെ – അതായിരുന്നു അവനു വേണ്ടി ആകെ ആവശ്യമുണ്ടായിരുന്ന സ്ഥലം.”

മനുഷ്യന്റെ അത്യാഗ്രഹങ്ങൾക്കും ഭൗതികമോഹങ്ങൾക്കും ഒരിക്കലും അവസാനമില്ലെന്നും, എന്നാൽ മനുഷ്യന് യഥാർഥത്തിൽ ആവശ്യമുള്ളത് വളരെ ചെറിയ ഇടം മാത്രമാണെന്നും ടോൾസ്റ്റോയ് ആ കഥയിലൂടെ നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ ക്രിസ്തു ഈ സത്യത്തെക്കുറിച്ച് വ്യക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്: “ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്ന് മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ മോഷ്ടിക്കുകയില്ല” (മത്തായി 6: 19-20).

ഒരു രാജാവിന് പ്രകൃതിയോടും മരങ്ങളോടും അതിയായ സ്നേഹമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം തന്റെ കൊട്ടാരത്തോടു ചേർന്ന് അപൂർവമായ പലതരം മരങ്ങൾ വച്ചുപിടിപ്പിച്ചു. ഒരു ദിവസം ഒരു സന്ന്യാസി ആ രാജാവിനെ കാണാൻ വന്നു. രാജാവ് അഭിമാനത്തോടെ തന്റെ കൊട്ടാരത്തോടു ചേർന്നുള്ള ആ മരങ്ങളെക്കുറിച്ച് സന്ന്യാസിയോടു പറഞ്ഞു.

അപ്പോൾ സന്ന്യാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “രാജാവേ, ഈ മരങ്ങളെല്ലാം ഇന്ന് അങ്ങയുടെ ഉടമസ്ഥതയിലുള്ളതാണ് എന്നത് ശരിയാണ്. എന്നാൽ നൂറ്  വർഷങ്ങൾക്കു ശേഷം ഇതിൽ ഒന്നുപോലും അങ്ങയുടേതായി ഇവിടെ ഉണ്ടാകില്ല. മണ്ണിൽ നിന്ന് വന്നതൊക്കെയും മണ്ണിലേക്കു തന്നെ തിരികെപ്പോകും; അങ്ങ് ഉള്‍പ്പെടെ. മനുഷ്യൻ കൈയടക്കിവയ്ക്കാൻ നോക്കുന്നതൊക്കെയും ഈ പ്രകൃതി തിരിച്ചുപിടിക്കും.”

സമ്പാദ്യങ്ങളും പദവികളും മനുഷ്യന് ഒരു ഘട്ടത്തിൽ സുരക്ഷിതത്വം നൽകിയേക്കാം. എന്നാൽ, അവയല്ല ആത്മാവിന്റെ യഥാർഥ നിക്ഷേപം. മറ്റുള്ളവർക്ക് നൽകിയ സ്നേഹവും സഹായങ്ങളും മാത്രമാണ് മരണത്തിനപ്പുറത്തേക്ക് നമ്മോടൊപ്പം വരുന്നത്. ഭൗതികമായതൊക്കെയും ഇവിടെ ഉപേക്ഷിച്ചു പോകേണ്ടിവരുമെന്ന തിരിച്ചറിവ് നമ്മെ കൂടുതൽ വിനയമുള്ളവരാക്കണം.

പ്രായോഗികം

ഇന്നത്തെ ദിവസം നമുക്ക് നമ്മോടു തന്നെ ചോദിക്കാം: ഞാൻ കൂട്ടിവയ്ക്കുന്ന ഈ ഭൗതികസമ്പാദ്യങ്ങൾക്കിടയിൽ, എന്റെ ആത്മാവിനായി ഞാൻ എന്താണ് കരുതിവച്ചിരിക്കുന്നത്?

ചിന്ത

കൈ നിറയെ സമ്പത്തുമായി ആരും മൺമറഞ്ഞിട്ടില്ല; എന്നാൽ കൈ നിറയെ നന്മകളുള്ളവർ കാലത്തെ അതിജീവിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.