മാതാപിതാക്കളുടെ മൊബൈൽ ഉപയോഗം കുട്ടികളെ എങ്ങനെ ബാധിക്കുന്നു?

​ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മിക്ക വീടുകളിലും കാണുന്ന സാധാരണയൊരു കാഴ്ചയാണ് സോഫയിലിരുന്ന് സ്മാർട്ട്‌ഫോണിൽ മുഴുകിയിരിക്കുന്ന മുതിർന്നവരും അടുത്ത് ശ്രദ്ധ കിട്ടാൻ യാചിക്കുന്ന കുഞ്ഞുങ്ങളും. ഇടയ്ക്കൊന്ന് നിവർന്നു നോക്കുമ്പോൾ കുട്ടി അമ്മയോടോ അച്ഛനോടോ എന്തെങ്കിലും ചോദിക്കുന്നു. ‘ഒന്നുമില്ല മോനെ, വെറുതെ നോക്കിയതാ’ എന്ന് ഫോണിലേക്ക് തന്നെ നോക്കി ചിരിച്ച് ആ സംഭാഷണം അവിടെ തീരുന്നു. നാം തിരിച്ചറിയാതെ പോകുന്നത് ആ ചെറിയ അവഗണന കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകളാണ്.

​മാതാപിതാക്കൾ തങ്ങളെക്കാൾ മുൻഗണന നൽകുന്നത് ഫോണിനാണെന്ന് കുഞ്ഞുങ്ങൾ തെറ്റായി വിശ്വസിച്ചു തുടങ്ങുമ്പോൾ അത് അവരിൽ അവഗണനാബോധത്തിനും ആത്മവിശ്വാസക്കുറവിനും കാരണമാകുന്നു. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള അവരുടെ വാശിയും ദേഷ്യവുമൊക്കെ പലപ്പോഴും ഈ മാനസിക അകൽച്ചയുടെ പ്രതിഫലനമാണ്. മാനസിക വളർച്ചയെ തടസ്സപ്പെടുത്തുന്നതിന് പുറമെ കുട്ടികളുടെ ശാരീരിക സുരക്ഷയ്ക്കും ഈ ഫോൺ ഉപയോഗം വലിയൊരു ഭീഷണിയാണ്. പാർക്കുകളിലോ പൊതുസ്ഥലങ്ങളിലോ കുട്ടികൾക്കൊപ്പമായിരിക്കുമ്പോൾ സ്ക്രീനിൽ കണ്ണുനട്ടിരിക്കുന്നത് അവരുടെ മേലുള്ള ശ്രദ്ധ തെറ്റിക്കാനും അത് അപകടങ്ങളിലേക്ക് നയിക്കാനും എളുപ്പമാക്കുന്നു.

​കുട്ടികൾ നമ്മെ കണ്ട് പഠിക്കുന്നവരാണ്. വിഷമമോ ദേഷ്യമോ തോന്നുമ്പോൾ മുതിർന്നവർ ഫോണിലേക്ക് തിരിയുന്നത് കാണുന്ന കുട്ടികൾ ഭാവിയിൽ ഇതേ ശീലങ്ങൾ അനുകരിക്കാൻ തുടങ്ങുന്നു. അതിനാൽ ഫോൺ പൂർണ്ണമായും ഉപേക്ഷിക്കുന്നതിന് പകരം അതിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്. കളിസ്ഥലങ്ങളിലും പാർക്കുകളിലും കുട്ടികൾക്കൊപ്പമായിരിക്കുമ്പോൾ ഫോൺ മാറ്റി പോക്കറ്റിൽ വയ്‌ക്കുക, ഭക്ഷണവേളകളിലും കളിക്കേണ്ട സമയങ്ങളിലും ഫോൺ ഒഴിവാക്കുക, ആവശ്യവല്ലാത്ത നോട്ടിഫിക്കേഷനുകൾ ഒഴിവാക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങളിലൂടെ നമുക്ക് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം.

​മൊബൈൽ ഫോൺ നമ്മുടെ ജീവിതത്തിന്റെ ആവശ്യകതയായിരിക്കാം, എന്നാൽ ആ വെളിച്ചം നമ്മുടെ കുഞ്ഞുങ്ങളുടെ മുഖത്തെ ചിരിയും സന്തോഷവും കെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. സ്ക്രീൻ സമയം കുറച്ച്, കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ ഇനി നമുക്ക് ശീലമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.