
ആഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാക്കാനും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കാനും എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ സ്വപ്നങ്ങൾ കണ്ടതുകൊണ്ടുമാത്രം അവ യാഥാർഥ്യമാകില്ല. അതിന് നല്ല തീരുമാനങ്ങളും സ്ഥിരമായ പരിശ്രമവും ആവശ്യമാണ്.
വിജയത്തിലേക്കുള്ള യാത്രയിൽ പുതിയ കാര്യങ്ങൾ പഠിക്കുന്നതുപോലെതന്നെ പ്രധാനമാണ് വളർച്ചയ്ക്ക് തടസ്സമാകുന്ന ചില ശീലങ്ങളും ചിന്തകളും മാറ്റിയെടുക്കുന്നത്. ചിലപ്പോൾ വലിയ നേട്ടങ്ങളിലേക്കുള്ള വഴി തുറക്കുന്നത് പുതിയ കാര്യങ്ങൾ തുടങ്ങുന്നതിലൂടെയല്ല, നമ്മെ പിന്നോട്ടുവലിക്കുന്ന പഴയ ശീലങ്ങൾ ഉപേക്ഷിക്കുന്നതിലൂടെയാണ്. ജീവിതത്തിന് കൂടുതൽ നിറവും അർഥവും നൽകുന്ന ഏഴ് മാറ്റങ്ങൾ പരിചയപ്പെടാം.
1. ഓരോ നിമിഷവും വിലപ്പെട്ടതാക്കാം
നമുക്ക് തിരിച്ചുകിട്ടാത്ത ഏറ്റവും വലിയ സമ്പത്താണ് സമയം. എന്നാൽ പലപ്പോഴും അറിയാതെതന്നെ മണിക്കൂറുകൾ മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലും അനാവശ്യ കാര്യങ്ങളിലുമായി ചെലവഴിച്ചുപോകുന്നു. പകരം, അറിവും കഴിവുകളും വളർത്തുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്താം.
ഓരോ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കുപോലും നമ്മുടെ ഭാവി രൂപപ്പെടുത്താൻ കഴിയും. ഇന്നത്തെ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് നാളത്തെ നേട്ടങ്ങളുടെ അടിത്തറ. അതിനാൽ ഓരോ നിമിഷവും ലക്ഷ്യബോധത്തോടെ ഉപയോഗിക്കാം.
2. മറ്റുള്ളവരുടെ വഴിയല്ല, സ്വന്തം വഴി തിരഞ്ഞെടുക്കാം
മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുമ്പോൾ പലപ്പോഴും നമ്മുടെ കഴിവുകളുടെ വില തിരിച്ചറിയാതെ പോകുന്നു. മറ്റൊരാളുടെ വിജയം നമ്മുടെ പരാജയമല്ല. ഓരോരുത്തരുടെയും കഴിവുകളും സാഹചര്യങ്ങളും ജീവിതയാത്രയും വ്യത്യസ്തമാണ്.
എല്ലാവരുടെയും അംഗീകാരം നേടാൻ ശ്രമിക്കുന്നതിനുപകരം സ്വന്തം സ്വപ്നങ്ങൾക്കും തീരുമാനങ്ങൾക്കും പ്രാധാന്യം നൽകാം. മറ്റുള്ളവരുടെ നേട്ടങ്ങളെ അസൂയയോടെയല്ല, പ്രചോദനത്തോടെയാണ് കാണേണ്ടത്. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് സ്വന്തം വഴിയിലൂടെ മുന്നേറുമ്പോഴാണ് ജീവിതത്തിന് യഥാർഥ ഭംഗിയുണ്ടാകുന്നത്.
3. ഇന്നത്തെ ആഗ്രഹങ്ങൾ നാളത്തെ സ്വപ്നങ്ങളെ മറയ്ക്കരുത്
പെട്ടെന്നുള്ള സന്തോഷങ്ങൾക്കുവേണ്ടി വലിയ ലക്ഷ്യങ്ങൾ മാറ്റിവയ്ക്കുന്ന ശീലം പലരിലുമുണ്ട്. എന്നാൽ ജീവിതത്തിൽ വിലപ്പെട്ട നേട്ടങ്ങൾ സ്വന്തമാക്കാൻ ക്ഷമയും കാത്തിരിപ്പും സ്ഥിരമായ പരിശ്രമവും ആവശ്യമാണ്.
ക്ഷണികമായ ആഗ്രഹങ്ങൾക്കു പിന്നാലെ പോകാതെ ഭാവിക്ക് ഗുണകരമായ കാര്യങ്ങൾക്ക് മുൻഗണന നൽകാം. ഒരു നിമിഷത്തെ സന്തോഷത്തിനുവേണ്ടി ദീർഘകാലത്തെ ലക്ഷ്യങ്ങൾ ഉപേക്ഷിക്കാതിരിക്കാം. ഇന്ന് എടുക്കുന്ന ചെറിയ നല്ല തീരുമാനങ്ങളാണ് നാളെ വലിയ സന്തോഷങ്ങൾക്ക് വഴിയൊരുക്കുന്നത്.
4. പുതിയ ചിന്തകൾക്ക് മനസ്സിൽ ഇടം നൽകാം
‘എന്നെക്കൊണ്ട് ഇത്രയേ കഴിയൂ’, ‘എനിക്ക് മാറാൻ കഴിയില്ല’ തുടങ്ങിയ ചിന്തകൾ പലപ്പോഴും നമ്മുടെ കഴിവുകൾക്ക് നാംതന്നെ അതിരുകൾ നിശ്ചയിക്കുന്നതിനു തുല്യമാണ്. എന്നാൽ പഠിക്കാനും വളരാനും മാറാനും മനുഷ്യന് ഏതു പ്രായത്തിലും കഴിയും.
ഇന്നലത്തെ തെറ്റുകളോ പരാജയങ്ങളോ നമ്മുടെ നാളെയെ നിർണയിക്കേണ്ടതില്ല. അവയിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പുതിയൊരു തുടക്കത്തിന് തയ്യാറാകാം. സ്വയം ചെറുതാക്കി കാണാതെ ഉള്ളിലെ കഴിവുകൾക്ക് അവസരം നൽകുക. ചിന്തകളിൽ മാറ്റം വരുമ്പോൾ ജീവിതത്തിലും പുതിയ സാധ്യതകൾ തുറന്നുവരും.
5. സുരക്ഷിതമായ വലയത്തിനപ്പുറത്തേക്ക് കടക്കാം
പരിചയമുള്ള കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുമ്പോൾ പുതിയ അനുഭവങ്ങളും സാധ്യതകളും കണ്ടെത്താൻ കഴിയാതെ വരും. മാറ്റങ്ങളെ ഭയപ്പെടാതെ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും തയ്യാറാകണം.
പരാജയപ്പെടുമോ എന്ന ഭയം പല നല്ല തുടക്കങ്ങൾക്കും തടസ്സമാകാറുണ്ട്. എന്നാൽ ഓരോ ശ്രമവും വിലപ്പെട്ടൊരു പാഠമാണ്. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും ആ അനുഭവം ഭാവിയിലെ നേട്ടങ്ങൾക്ക് വഴികാട്ടിയാകും. ഭയത്തേക്കാൾ ധൈര്യത്തിന് പ്രാധാന്യം നൽകുമ്പോൾ നമ്മുടെ കഴിവുകളുടെ പുതിയ ലോകം തുറക്കപ്പെടും.
6. നല്ല ബന്ധങ്ങളെ ചേർത്തുപിടിക്കാം
നമ്മുടെ ചിന്തകളെയും സ്വഭാവത്തെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നതിൽ ചുറ്റുമുള്ള ആളുകൾക്ക് വലിയ പങ്കുണ്ട്. പ്രോത്സാഹിപ്പിക്കുകയും പ്രതീക്ഷ നൽകുകയും നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവരുടെ സാന്നിധ്യം ജീവിതത്തിന് വലിയ കരുത്താണ്.
നിരന്തരം നിരുത്സാഹപ്പെടുത്തുന്ന ബന്ധങ്ങളിൽനിന്ന് മനസ്സിനെ സംരക്ഷിക്കാനും പഠിക്കണം. പരസ്പരം ബഹുമാനിക്കുകയും തെറ്റുകൾ തിരുത്താൻ സഹായിക്കുകയും സന്തോഷത്തിലും പ്രയാസങ്ങളിലും താങ്ങാകുകയും ചെയ്യുന്ന സൗഹൃദങ്ങൾക്ക് ജീവിതത്തിൽ ഇടം നൽകാം. നല്ല കൂട്ടായ്മകൾ നമ്മുടെ വളർച്ചയ്ക്ക് പ്രചോദനമാകുന്നതോടൊപ്പം ജീവിതയാത്രയെ കൂടുതൽ മനോഹരവുമാക്കും.
7. അഹങ്കാരം മാറ്റി വിനയത്തിന് പ്രാധാന്യം നൽകാം
വിജയത്തിലേക്കുള്ള യാത്രയിൽ വിനയത്തിന് വലിയ സ്ഥാനമുണ്ട്. എല്ലാം അറിയാമെന്ന ചിന്ത പുതിയ അറിവുകളിലേക്കുള്ള വാതിലുകൾ അടയ്ക്കും. സ്വന്തം തെറ്റുകൾ അംഗീകരിക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും തയ്യാറാകണം.
സഹായം ചോദിക്കുന്നതും തെറ്റുകൾ തിരുത്തുന്നതും ഒരിക്കലും കുറവല്ല; മറിച്ച്, വളരാനുള്ള മനസ്സിന്റെ അടയാളമാണ്. യഥാർഥ ആത്മവിശ്വാസം അഹങ്കാരത്തിലല്ല, സ്വന്തം കഴിവുകളെ തിരിച്ചറിയുന്നതിനൊപ്പം കുറവുകൾ അംഗീകരിക്കുന്നതിലുമാണ്. വിനയം വ്യക്തിത്വത്തിന് തിളക്കമേകുകയും ബന്ധങ്ങൾക്ക് ഊഷ്മളത പകരുകയും ചെയ്യും.
വിജയകരമായ ജീവിതം ഒറ്റ ദിവസംകൊണ്ട് കെട്ടിപ്പടുക്കാനാവില്ല. ഓരോ ദിവസവും സ്വീകരിക്കുന്ന ചെറിയ തീരുമാനങ്ങളും വളർത്തിയെടുക്കുന്ന നല്ല ശീലങ്ങളുമാണ് അതിന്റെ അടിത്തറ. നമ്മെ പിന്നോട്ടുവലിക്കുന്ന ചിന്തകൾ മാറ്റിവച്ച് പുതിയ സാധ്യതകളിലേക്ക് മനസ്സുതുറക്കാം. സ്വന്തം കഴിവുകളിൽ വിശ്വസിക്കാം, പരാജയങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാം, പ്രതീക്ഷയോടെ മുന്നേറാം.
ഓർക്കുക, വിജയം എന്നത് മറ്റുള്ളവരെക്കാൾ മുന്നിലെത്തുന്നതിൽ മാത്രമല്ല; ഇന്നലത്തെ നമ്മളേക്കാൾ മികച്ചവരായി വളരുന്നതിലുമാണ്. നമ്മുടെ ജീവിതത്തെ മനോഹരമാക്കാനുള്ള കഴിവ് നമ്മുടെതന്നെ കൈകളിലുണ്ട്. മാറ്റങ്ങൾക്കായി കാത്തിരിക്കാതെ ഒരു ചെറിയ നല്ല തീരുമാനത്തിലൂടെ ഇന്നുതന്നെ തുടക്കം കുറിക്കാം. കാരണം, വലിയ വിജയങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് പലപ്പോഴും നമ്മളിൽത്തന്നെ ഉണ്ടാകുന്ന ചെറിയൊരു മാറ്റത്തിൽനിന്നാണ്!
വിവർത്തനം: ഡിൻസി തോമസ്




