‘ജീവന്റെ പൂർണ്ണത’ യേശുവിൽ കണ്ടെത്താം: കരുണയുടെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പ

ജീവന്റെ പൂർണ്ണത കണ്ടെത്താനാകുന്നത് ക്രിസ്തുവിലാണെന്നു വിശ്വാസികളെ ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പ. ദിവ്യകാരുണ്യ ഞായറാഴ്ച നൽകിയ സന്ദേശത്തിൽ ആണ് പാപ്പ ഇപ്രകാരം വിശ്വാസികളെ ഓർമിപ്പിച്ചത്.

“ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ ഈശോയെ കൂദാശകളിലും പ്രാർഥനകളിലും കണ്ടുമുട്ടുകയും, അവിടെ അവൻ സന്നിഹിതനാണെന്ന് തിരിച്ചറിഞ്ഞ്, അവനിൽ വിശ്വസിക്കുകയും അവന്റെ സ്‌പർശനത്തിന് സ്വയം അനുവദിക്കുകയും ചെയ്‌താൽ മതി ജീവൻ ലഭിക്കാൻ. യേശുവുമായുള്ള ഓരോ കണ്ടുമുട്ടലും കൂടുതൽ ജീവൻ പ്രാപിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു”- പാപ്പ പറഞ്ഞു.

ക്രിസ്തുവിന്റെ മരണ ശേഷം ജീവിതത്തിലെ ഏറ്റവും ദാരുണമായ നിമിഷത്തിലൂടെ കടന്നുപോകുന്ന ശിഷ്യന്മാരിലേയ്ക്ക് വിശ്വാസികളുടെ ശ്രദ്ധയെ ക്ഷണിച്ച പാപ്പ ക്രിസ്തുവിന്റെ വരവ് അവന്റെ കാരുണ്യം മാത്രമല്ല, വാഗ്ദാനങ്ങളും വെളിപ്പെടുത്തുന്ന ഒരു ആഴത്തിലുള്ള പരിവർത്തന നിമിഷമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. “ഉയിർത്തെഴുന്നേറ്റവൻ അവരുടെ അടുക്കൽ വന്ന് തന്റെ മുറിവുകൾ കാണിക്കുന്നു. അവ കഷ്ടപ്പാടിന്റെയും വേദനയുടെയും അടയാളങ്ങളായിരുന്നു. ആ മുറിവുകൾക്കു അവരിൽ കുറ്റബോധം ഉണർത്താൻ കഴിഞ്ഞു. അകന്നുപോകുവാൻ ശ്രമിച്ചിട്ടും യേശുവിനൊപ്പം അവർ കരുണയുടെയും ക്ഷമയുടെയും ചാനലുകളായി മാറുന്നു” പാപ്പ വ്യക്തമാക്കി.

2000-ലെ ജൂബിലി വർഷത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ദിവ്യകാരുണ്യ ഞായറാഴ്ച ആചരിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. അന്നുമുതൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച കത്തോലിക്കാ സഭ കരുണയുടെ ഞായർ ആയി ആചരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.