ക്രൈസ്തവ-കൺഫ്യൂഷ്യൻ വിഭാഗങ്ങൾ തമ്മിലുള്ള ആദ്യ സമ്മേളനത്തിന് വത്തിക്കാൻ തുടക്കമിടുന്നു

ഏഷ്യൻ ധാർമ്മിക പാരമ്പര്യങ്ങളിലേക്ക് കത്തോലിക്കാ സഭയുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ക്രൈസ്തവരും കൺഫ്യൂഷ്യൻ വിശ്വാസികളും തമ്മിലുള്ള ആദ്യ സമ്മേളനം വത്തിക്കാൻ സംഘടിപ്പിക്കുന്നു. മതസൗഹാർദ സംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ഓഗസ്റ്റ് നാല് മുതൽ അഞ്ച് വരെ ദക്ഷിണ കൊറിയയിൽ വച്ച് ‘ഒരു നല്ല സമൂഹത്തിനായുള്ള ക്രൈസ്തവ-കൺഫ്യൂഷ്യൻ സംഭാവനകൾ: പുതിയ ആകാശം, പുതിയ ഭൂമി, വലിയ കൂട്ടായ്മ’ എന്ന വിഷയത്തിൽ സംവാദം നടത്തും.

യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് (UCAN) റിപ്പോർട്ട് പ്രകാരം, സാർവത്രിക സഹോദര്യം, സദ്ഗുണമുള്ള നേതൃത്വം, പരിസ്ഥിതി പ്രതിബദ്ധത എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സിസോളിലെ സോഗാങ് സർവകലാശാലയിൽ വൈദികരും പണ്ഡിതന്മാരും ഒന്നിച്ചുചേരും. മതസൗഹാർദ്ദ സംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ അധ്യക്ഷൻ കർദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാടും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. കൊറിയൻ കത്തോലിക്കാ മെത്രാൻ സമിതിയും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പാശ്ചാത്യ ലോകത്ത് കൺഫ്യൂഷ്യസ് എന്നറിയപ്പെടുന്ന ചൈനീസ് തത്ത്വചിന്തകനായ കോങ് ക്വിയോയുടെ ധാർമ്മിക ഉപദേശങ്ങളിൽ നിന്നാണ് കൺഫ്യൂഷ്യനിസം വികസിച്ചുവന്നത്. സ്രഷ്ടാവായ ദൈവത്തോടുള്ള ഭക്തിയേക്കാൾ ഉപരിയായി മാതാപിതാക്കളോടുള്ള ഭക്തി, പൂർവികരെ ആദരിക്കൽ, ധാർമ്മികമായ ആത്മവിശുദ്ധി, സൗഹാർദപരമായ സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.

വേൾഡ് ഡാറ്റാബേസ് ഓഫ് റിലീജിയൻസിന്റെ 2025-ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി ഏകദേശം 87.5 ലക്ഷം കൺഫ്യൂഷ്യൻ വിശ്വാസികളുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ പേർ ജീവിക്കുന്നത് ദക്ഷിണ കൊറിയയിലാണ് (56,16,520). ചൈന (17,37,191), മ്യാന്മർ (8,13,322), തായ്‌ലൻഡ് (2,61,330), ജപ്പാൻ (1,62,179) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.