
വസ്ത്രധാരണ രീതി പാലിക്കാത്തതും പാട്ടുകൾ കേട്ടതുമുൾപ്പെടെയുള്ള കാരണങ്ങളാൽ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ താലിബാൻ സദാചാര പൊലീസ് ഏകദേശം 400 പേരെ കസ്റ്റഡിയിലെടുത്തതായി യു.എൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ യു.എൻ അസിസ്റ്റന്റ് മിഷന്റെ (UNAMA) പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിൽ 389 പേരെയാണ് താലിബാൻ തടവിലാക്കിയത്. ഇതിനുപുറമെ 65 പേർക്ക് ഉദ്യോഗസ്ഥരുടെ പീഡനവും നേരിടേണ്ടി വന്നു. ഹെറാത്ത് പ്രവിശ്യയിൽ മാത്രം താലിബാൻ നിശ്ചയിച്ച വസ്ത്രധാരണ രീതി പാലിക്കാത്തതിന് കുറഞ്ഞത് 30 സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡ്രസ് കോഡ് പാലിക്കാതിരിക്കുക, പാശ്ചാത്യ രീതിയിൽ താടി ട്രിം ചെയ്യുക, സംഗീതം കേൾക്കുക തുടങ്ങിയ ചെറിയ കാരണങ്ങൾക്കാണ് സാധാരണക്കാരെ താലിബാൻ പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമലംഘനം ആരോപിച്ച് താലിബാൻ ഭരണകൂടം പരസ്യമായി ചാട്ടയടികൾ നടപ്പിലാക്കിയിട്ടുണ്ട്. 112 പുരുഷന്മാരും 25 സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 137 പേരെയാണ് പരസ്യമായി ചാട്ടയടിക്ക് ഇരയാക്കിയത്.




