ജൂലൈ 30: വിശുദ്ധ അബ്‌ദോന്‍, സെന്നന്‍

മതമര്‍ദ്ദകനായ ഡേഷ്യസ് ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്ത്യാനികള്‍ കഠിനശിക്ഷകള്‍ക്കു വിധേയരായി. പലരും ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, വധിക്കപ്പെടുകയോ ചെയ്തു. പീഡിതരെ സമാശ്വസിപ്പിക്കുന്നതിലും വധിക്കപ്പെട്ടവരുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിലും നിതാന്തജാഗ്രത പ്രദര്‍ശിപ്പിച്ച രണ്ട് വിശ്വസ്തവ്യക്തികളാണ് അബ്ദോനും സെന്നനും. അതുകൊണ്ടുതന്നെ അവര്‍ ബന്ധിതരായി റോമിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു.

ദേവവിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കാന്‍ അധികാരികള്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ ആ വിഗ്രഹങ്ങളുടെമേല്‍ തുപ്പുകയാണ് ചെയ്തത്. തന്മൂലം, അവരെ വന്യമൃഗങ്ങളുടെ മുമ്പിലേക്ക് വലിച്ചെറിഞ്ഞു. വന്യമൃഗങ്ങള്‍ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാഞ്ഞതുകൊണ്ട് അവരെ വാള്‍ കൊണ്ട് കഷണങ്ങളാക്കി വധിക്കാന്‍ നിര്‍ദേശം നല്കി.

അന്നു രാത്രിയില്‍ തന്നെ ഭക്തരായ ക്രിസ്ത്യാനികള്‍ ആ രക്തസാക്ഷികളുടെ മൃതശരീരങ്ങളെടുത്ത് ക്വിരീനൂസ് എന്ന പേരോടുകൂടിയ ഒരു വൈദികന്റെ വീട്ടിലേക്കു കൊണ്ടുപോയി ബഹുമാനപൂര്‍വം സംസ്‌കരിച്ചു.

വിശുദ്ധ പീറ്റര്‍ ക്രിസോളഗസു

എ.ഡി. 406-ല്‍ ജനിച്ച പീറ്റര്‍ ക്രിസോളഗസു റവേനയിലെ മെത്രാനായിരുന്നു. ശക്തിപ്രാപിച്ചിരുന്ന പാഷണ്ഡതകളുടെ സ്വാധീനത്തില്‍പെട്ട് നിരവധിയാളുകള്‍ സത്യവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഒപ്പം നിരവധി തെറ്റുകളും വിജാതീയ അന്ധവിശ്വാസങ്ങളും വിശ്വാസികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെ തിരുത്തുന്നതിനായി അദ്ദേഹം ചെറിയ പ്രസംഗങ്ങളിലൂടെ പരിശ്രമിച്ചുകൊണ്ടിരുന്നു. പ്രായോഗികമായിരുന്ന അദ്ദേഹത്തിന്റെ കൊച്ചുപ്രസംഗങ്ങള്‍ വലിയ ഫലം തന്നെ ഉളവാക്കി.

പാഷണ്ഡത പ്രചരിപ്പിച്ചിരുന്ന എവുറ്റികോസ് തന്റെ വാദത്തെ പിന്താങ്ങുന്നതിനായി ക്രിസോളഗസുവിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “വിശ്വാസത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ റോമാ മെത്രാന്റെ സമ്മതം കൂടാതെ നാം ഒന്നും തീരുമാനിക്കരുത്. തിരുസഭയുടെ സമാധാനം സ്വര്‍ഗത്തില്‍ സന്തോഷമുളവാക്കുമെങ്കില്‍, ഭിന്നത സങ്കടമുളവാക്കും.” 450-ല്‍ ജന്മനാടായ ഇമോളയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ”കര്‍ത്താവേ, അങ്ങയുടെ ആഗ്രഹത്തിനനുസൃതമായി എന്റെ ഹൃദയം തുറന്നിടേണമെ. അങ്ങയുടെ കല്പനകള്‍ അനുസരിച്ചു നടക്കാന്‍ എന്നെ പഠിപ്പിക്കേണമെ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.