
ആഗോള കത്തോലിക്കാ സഭ ജൂലൈ 26-ന് ‘മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രായമായവരുടെയും ആഗോള ദിനം’ (World Day for Grandparents and the Elderly) ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ മുത്തശ്ശീമുത്തശ്ശന്മാർ കേവലം പരിചരണം നൽകേണ്ട പ്രായമായവരല്ല, മറിച്ച് വിശ്വാസം തലമുറകളിലേക്ക് കൈമാറുന്ന ‘ആത്മീയ മിഷണറിമാരും സുവിശേഷകരും’ ആണെന്ന സന്ദേശം ശക്തമാകുകയാണ്. ഇപ്രകാരം ഒരു ദിനം ലോകമെമ്പാടും ആചരിക്കുമ്പോൾ അതിനു പിന്നിൽ അക്ഷീണം പ്രവർത്തിച്ചവരെക്കുറിച്ചും നാം അറിയേണ്ടേ? ആ സംഘടനയാണ് ‘കാത്തലിക് ഗ്രാൻഡ് പാരന്റ്സ് അസോസിയേഷൻ’.
‘കാത്തലിക് ഗ്രാൻഡ് പാരന്റ്സ് അസോസിയേഷൻ’ എന്ന ഈ സന്നദ്ധ സംഘടന ഇപ്പോൾ തങ്ങളുടെ പ്രവർത്തനത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. 2001-ൽ കാതറിൻ വൈലി (Catherine Wiley) എന്ന മുത്തശ്ശിക്ക് ഇംഗ്ലണ്ടിലെ വാൽസിംഗ്ഹാം തീർഥാടന കേന്ദ്രത്തിൽ വച്ച് ഉണ്ടായ ഒരു കൊച്ചു ചിന്തയാണ് പിന്നീട് വലിയൊരു ആഗോള മുന്നേറ്റമായി മാറിയത്. മുത്തശ്ശീമുത്തശ്ശന്മാരുടെ പങ്ക് സഭയും സമൂഹവും തിരിച്ചറിയണമെന്ന ആവശ്യവുമായി വത്തിക്കാന് നിരന്തരം അപേക്ഷകൾ സമർപ്പിച്ച ഈ കൂട്ടായ്മയുടെ പ്രാർഥനകളുടെ ഫലമായാണ് 2021-ൽ ഫ്രാൻസിസ് മാർപാപ്പ ഈ ആഗോള ദിനം പ്രഖ്യാപിച്ചത്.
“മുത്തശ്ശീമുത്തശ്ശന്മാർ ഒരു മുറിക്കുള്ളിലേക്ക് ഒതുങ്ങേണ്ടവരല്ലെന്നും, തങ്ങളുടെ പക്കലുള്ള ഏറ്റവും വലിയ നിധിയായ കത്തോലിക്കാ വിശ്വാസം അടുത്ത തലമുറയ്ക്ക് പകർന്നു നൽകാൻ നിയോഗിക്കപ്പെട്ടവരാണെന്നും സഭ ഔദ്യോഗികമായി അംഗീകരിച്ച നിമിഷമായിരുന്നു അത്,” എന്ന് കാതറിൻ വൈലി പറഞ്ഞു.
ആധുനിക സമൂഹത്തിൽ മുത്തശ്ശീമുത്തശ്ശന്മാരുടെ ആത്മീയവും ധാർമ്മികവുമായ പങ്കിനെ പലപ്പോഴും വിസ്മരിക്കാറുണ്ടെന്ന് അസോസിയേഷന്റെ അന്താരാഷ്ട്ര കോർഡിനേറ്റർ മെരിലിൻ ഹെൻറി ചൂണ്ടിക്കാണിക്കുന്നു. കുട്ടികൾ കത്തോലിക്കാ വിശ്വാസത്തിൽ ജനിച്ചു വളരുന്ന പരമ്പരാഗത രീതികൾക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടുംബങ്ങളിൽ പ്രാർഥനയും വിശുദ്ധരുടെ കഥകളും പകർന്നു നൽകാൻ മുത്തശ്ശീമുത്തശ്ശന്മാർക്ക് മാത്രമേ സാധിക്കൂ.
മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും ഒരുമിച്ചിരുന്ന് പ്രാർഥിക്കാനും, വിശ്വാസത്തിന്റെ കഥകൾ പങ്കുവെക്കാനും, തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കാനും ഈ ദിനം പ്രചോദനമാകണം. ഈ ആഘോഷത്തിലൂടെ ലോകത്തെ എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും “സമൂഹത്തിന് ഞാൻ ഇപ്പഴും ആവശ്യമാണ്, ദൈവം എന്നെ മറന്നിട്ടില്ല, എനിക്ക് ഇനിയും ഒരു ദൗത്യം ബാക്കിയുണ്ട്” എന്ന തിരിച്ചറിവുണ്ടാക്കാൻ സാധിച്ചാൽ അത് വലിയൊരു വിജയമായിരിക്കുമെന്ന് സഭാ നേതാക്കൾ വ്യക്തമാക്കുന്നു.



