ലെയോ പതിനാലാമൻ മാർപാപ്പ മോന്തെകസിനോ ആബിയും അവിടുത്തെ സന്യാസ സമൂഹത്തെയും സന്ദർശിക്കുകയും വിശുദ്ധ ബെനഡിക്റ്റിന്റെ കബറിടത്തിൽ പ്രാർഥിക്കുകയും ചെയ്തു. ജൂലൈ 20 തിങ്കളാഴ്ച രാവിലെയാണ് ലെയോ പതിനാലാമൻ മാർപാപ്പ മോന്തെകസിനോ ആബിയിലേക്കും അവിടുത്തെ സന്യാസ സമൂഹത്തിലേക്കും സ്വകാര്യ സന്ദർശനം നടത്തിയത്.
രക്തച്ചൊരിച്ചിലും സംഘർഷങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ സമാധാനം പുലരാനായുള്ള തന്റെ യാചന മാർപാപ്പ വിശുദ്ധ ബെനെഡിക്ടിന് സമർപ്പിച്ചു. തുടർന്ന് സന്യാസ സമൂഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ച പാപ്പ, ജൂലൈ 27 വരെ വേനൽക്കാല അവധിക്കാലം ചെലവഴിക്കുന്ന കാസിൽ ഗാഡോൾഫോയിലേക്ക് മടങ്ങി. റോമിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്രാദൂരമുള്ള മോന്തെകസിനോ ആബി, എ.ഡി. 529-ൽ വിശുദ്ധ ബെനഡിക്റ്റ് നേരിട്ട് സ്ഥാപിച്ച ബെനഡിക്റ്റൈൻ സന്യാസ സമൂഹത്തിന്റെ ആദ്യത്തെ ആശ്രമമാണ്.
1944 ഫെബ്രുവരി 15-ന് നടന്ന മോന്തെകസിനോ യുദ്ധത്തിനിടയിൽ, സഖ്യസേന ജർമ്മൻ സൈന്യം ആശ്രമം കൈയടക്കിയതായി തെറ്റിദ്ധരിച്ച് നടത്തിയ ആക്രമണത്തിൽ ആശ്രമം പൂർണ്ണമായും തകർന്നിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റാലിയൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പുനർനിർമ്മിച്ച ഈ ആശ്രമം 1964-ൽ പോൾ ആറാമൻ മാർപാപ്പ വീണ്ടും ആശീർവദിച്ചു. ഇന്ന്, ലോകമെമ്പാടുമുള്ള തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കുന്ന ഒരു ചെറിയ ബെനഡിക്റ്റൈൻ സമൂഹം ഇവിടെ കഴിയുന്നുണ്ട്.
സമീപത്തായി കാസിനോ യുദ്ധ സെമിത്തേരി സ്ഥിതിചെയ്യുന്നു. തിരിച്ചറിയപ്പെടാത്ത കബറിടങ്ങളുള്ള 4,000-ത്തിലധികം കോമൺവെൽത്ത് സൈനികരെ കാസിനോ മെമ്മോറിയലിൽ അനുസ്മരിക്കുന്നുണ്ട്; കൂടാതെ ഇവിടെ അടക്കം ചെയ്യപ്പെട്ടവരിൽ 289 പേരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്.
1944 മേയിൽ മോന്തെകസിനോ പിടിച്ചെടുക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച 1,072 പോളിഷ് സൈനികരുടെ അന്ത്യവിശ്രമ സങ്കേതമായ പോളിഷ് യുദ്ധ സെമിത്തേരി സ്ഥിതിചെയ്യുന്നതും ഈ ആശ്രമത്തിന് സമീപത്തായി ആണ്. കല്ലറകളിലെ ക്രിസ്ത്യൻ കുരിശുകളും ഡേവിഡിന്റെ നക്ഷത്ര ചിഹ്നങ്ങളും (സ്റ്റാർ ഓഫ് ഡേവിഡ്) ഈ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മതപരമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ അവശിഷ്ടങ്ങളായി മാറുകയും യുദ്ധവിനാശത്തിന്റെ നിത്യസ്മാരകമായി നിൽക്കുകയും ചെയ്യുന്ന ഈ സ്ഥലത്തുവെച്ച് പത്തുദിവസം മുമ്പ്, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയ്ക്ക് 2026-ലെ പാക്കിസ് നുൺഷിയസ് പുരസ്കാരം സമ്മാനിച്ചിരുന്നു.



