
നിക്കരാഗ്വയിലെ ബിഷപ്പ് അബെലാർഡോ മാത്തയെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണം ബലപ്രയോഗത്തിലൂടെ കാണാതാക്കിയ നടപടിയെ ഗവേഷകയായ മാർക്ക പട്രീഷ്യ മൊളീന ‘മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം’ എന്ന് അപലപിച്ചു.
“ബിഷപ്പ് ജുവാൻ അബെലാർഡോ മാത്തയെ ബലപ്രയോഗത്തിലൂടെ കാണാതാക്കിയത് വളരെ ഗുരുതരമായ കാര്യമാണ്; ഇത് ഒർട്ടേഗ-മുറില്ലോ ഏകാധിപത്യ ഭരണകൂടത്തിന്റെ പ്രതിനിധികൾ ചെയ്ത മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണ്. അദ്ദേഹത്തെ കാണാതായിട്ട് 19 ദിവസമായി, എന്നാൽ ഭരണാധികാരികൾ ഇതുവരെ ഇതിൽ വ്യക്തത വരുത്തിയിട്ടില്ല. വൈദികർക്ക് പരമാവധി ദ്രോഹം ചെയ്യുക എന്നത് ഈ ഭരണകൂടത്തിന്റെ ശൈലിയാണ്.” മൊളീന പറഞ്ഞു.
അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ബിഷപ്പ് മാത്തയെക്കുറിച്ച് ഒരു വിവരവുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി – പ്രത്യേകിച്ച് കൃത്യമായ ചികിത്സ ലഭിക്കാനിടയില്ലാത്ത സാഹചര്യം — വിശ്വാസികൾക്കിടയിലും കത്തോലിക്കാ സഭയിലാകെയും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. നിക്കരാഗ്വയിലെ എസ്റ്റെലിയിലെ റിട്ടയേർഡ് ബിഷപ്പായ മാത്തയെ, ജൂൺ 28 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടെ നിക്കരാഗ്വയിൽ പീഡനം അനുഭവിക്കുന്ന സഭയ്ക്കായി പ്രാർഥിച്ചതിനെത്തുടർന്ന് ജൂൺ അവസാനത്തോടെ രണ്ട് തവണ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അദ്ദേഹം സ്വന്തം വീട്ടിലുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും, നിലവിൽ അദ്ദേഹത്തെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന കാര്യം അജ്ഞാതമാണ്. പ്രമേഹവും കാഴ്ചക്കുറവും ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം പേസ്‌മേക്കറും ഉപയോഗിക്കുന്ന 80 വയസ്സുള്ള ബിഷപ്പിനെ ഡോക്ടറെ കാണിക്കാൻ അനുവദിക്കണമെന്ന് മധ്യമേഖലയിലെ മറ്റ് ബിഷപ്പുമാർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പ്രമുഖരും ബിഷപ്പിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചു.



