
ഉക്രൈൻ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഹർ, ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി, ആക്ടിംഗ് വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എന്നിവരുമായി കീവിൽ കൂടിക്കാഴ്ച നടത്തി. കൂടാതെ, ചരിത്രപ്രസിദ്ധമായ മൈദാൻ സ്മാരകം സന്ദർശിച്ച അദ്ദേഹം ഓൾ-ഉക്രേനിയൻ കൗൺസിൽ ഓഫ് ചർച്ചസ് ആൻഡ് റിലീജിയസ് ഓർഗനൈസേഷൻസിന്റെ പ്രതിനിധികളുമായും ചർച്ചകൾ നടത്തി.
ഉക്രേനിയൻ ജനതയ്ക്കുള്ള വത്തിക്കാന്റെയും പരിശുദ്ധ പിതാവിന്റെയും പിന്തുണയും ആത്മീയ സാമീപ്യവും അദ്ദേഹം ചർച്ചകളിൽ ആവർത്തിച്ചു. ഉക്രൈനിലെ വിവിധ ക്രിസ്തീയ സഭാധ്യക്ഷന്മാരും മറ്റു മതനേതാക്കളും അടങ്ങുന്ന ‘ഓൾ-ഉക്രേനിയൻ കൗൺസിൽ ഓഫ് ചർച്ചസ് ആൻഡ് റിലീജിയസ് ഓർഗനൈസേഷൻസ്’ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തെ നിലവിലെ ജീവകാരുണ്യ പ്രതിസന്ധികളും സമാധാന ശ്രമങ്ങളും ചർച്ച ചെയ്തു.
ഉക്രൈനിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുദ്ധക്കെടുതി അനുഭവിക്കുന്ന ജനതയ്ക്കായി വത്തിക്കാൻ നടത്തുന്ന ജീവകാരുണ്യ-നയതന്ത്ര ഇടപെടലുകൾ തുടരുമെന്ന് ഉറപ്പുനൽകി.


