
പ്രകൃതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിൽ പുതിയ ആഗോള പുരസ്കാരം ഏർപ്പെടുത്തി. യു.എസിലെ പെൻസിൽവാനിയയിലുള്ള വില്ലനോവ സർവകലാശാലയാണ് ‘പോപ്പ് ലെയോ പതിനാലാമൻ സസ്റ്റൈനബിലിറ്റി മെഡൽ’ എന്ന പുരസ്കാരം ഏർപ്പെടുത്തിയത്. ഒക്ടോബറിൽ റോമിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മാർപാപ്പ നേരിട്ട് ആദ്യ പുരസ്കാരം സമ്മാനിക്കും.
രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്കാരവും അനുബന്ധ സമ്മേളനവും വത്തിക്കാന്റെ സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 12 മുതൽ 15 വരെ റോമിലെ പാത്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് അഗസ്തിയാനത്തിലാണ് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം നടക്കുന്നത്. ഒക്ടോബർ 13-ന് കാസിൽ ഗാഡോൾഫോയിലെ പേപ്പൽ ഗാർഡനിലുള്ള ‘ബോർഗോ ലൗദാത്തോ സി’ (Borgo Laudato Si’) ഉദ്യാനത്തിൽ വച്ച് ലെയോ പതിനാലാമൻ മാർപാപ്പ ജേതാവിന് മെഡൽ കൈമാറും.
ലെയോ പതിനാലാമൻ മാർപാപ്പയുടെ പൂർവവിദ്യാഭ്യാസ സ്ഥാപനമാണ് വില്ലനോവ സർവകലാശാല. 1977-ൽ ഈ സ്ഥാപനത്തിൽ നിന്നാണ് അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയത്. പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, നിർദ്ധനരായ ജനസമൂഹങ്ങളുടെ ക്ഷേമം എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന പ്രതിഭകളെയും സംഘടനകളെയും ആദരിക്കുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യമെന്ന് വില്ലനോവ സർവകലാശാല പ്രസിഡന്റ് ഫാ. പീറ്റർ ഡൊണോഹ്യൂ വ്യക്തമാക്കി.
പരിസ്ഥിതി വ്യതിയാനത്തിനെതിരെയും പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തിനായും ആഗോളതലത്തിൽ ശബ്ദമുയർത്തുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ നയങ്ങൾക്കുള്ള ആദരവ് കൂടിയാണ് ഈ പുരസ്കാരം


