ലെയോ പാപ്പയുടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ സമയക്രമം

നവംബർ ആറ് മുതൽ 17 വരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലെ പത്ത് നഗരങ്ങൾ ലെയോ പതിനാലാമൻ പാപ്പ സന്ദർശിക്കും. 12 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ലെയോ പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക പരിപാടികൾ പരിശുദ്ധ സിംഹാസനം പുറത്തുവിട്ടു. അതോടൊപ്പം അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നങ്ങളും (logos) പ്രമേയങ്ങളും (mottos) പുറത്തിറക്കിയിട്ടുണ്ട്.

നവംബർ 6-8: ഉറുഗ്വേ

നവംബർ ആറ് മുതൽ എട്ട് വരെ പാപ്പ ഉറുഗ്വേ സന്ദർശിക്കും. അവിടെ പാപ്പ മോണ്ടെവിഡിയോ (Montevideo), പെയ്സാണ്ടു (Paysandú), ഫ്ലോറിഡ (Florida) എന്നിവിടങ്ങൾ സന്ദർശിക്കും. 1988 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ സന്ദർശനത്തിനു ശേഷം ഇതാദ്യമായാണ് ഒരു മാർപാപ്പ ഈ രാജ്യം സന്ദർശിക്കുന്നത്.

ബെത്‌ലഹേമിലെ ഇടയന്മാർക്ക് മാലാഖ നൽകിയ സന്ദേശത്തിൽ നിന്ന് (ലൂക്കാ 2:10) സ്വീകരിച്ച ‘വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു’ എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രമേയം. ക്രിസ്തുവിന്റെ ക്രൂശീകരണവും ഉത്ഥാനവും, ലെയോ മാർപാപ്പ, ഉറുഗ്വേയുടെ സംരക്ഷകയായ ‘ഔർ ലേഡി ഓഫ് ദ തെർട്ടി-ത്രീ’ എന്നിവരാണ് ചിഹ്നത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയചിഹ്നമായ ‘സൺ ഓഫ് മെയ്’ സൂര്യനെയും, ദേശീയപതാകയുടെ നീലനിറത്തെയും ചിഹ്നത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവംബർ 8-11: അർജന്റീന

നവംബർ എട്ടിന് പാപ്പ അർജന്റീനയിലേക്ക് തിരിക്കും. നവംബർ 11 വരെ നീളുന്ന സന്ദർശനത്തിൽ പാപ്പ ബ്യൂണസ് ഐറിസ് (Buenos Aires), കോർഡോബ (Córdoba), ലുജാൻ (Luján) എന്നിവിടങ്ങൾ സന്ദർശിക്കും.

ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമായതിനാൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. 1987 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സന്ദർശിച്ചതിനു ശേഷം, ഏകദേശം നാല് പതിറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ അർജന്റീനയിലെത്തുന്നത്.

‘എല്ലാവരെയും സ്വാഗതം ചെയ്യുക; പോയി പ്രഘോഷിക്കുക’ എന്നതാണ് അർജന്റീനയിലെ പ്രമേയം. മധ്യത്തിൽ കുരിശും അതിനു ചുറ്റും ജനസമൂഹവും നിൽക്കുന്ന ചിത്രമാണ് ഇതിന്റെ ലോഗോ. സഹകരിച്ചു മുന്നേറുന്ന സഭയുടെ തീർഥാടനവും സുവിശേഷ പ്രഘോഷണത്തിനായുള്ള യാത്രയുമാണ് ഇത് സൂചിപ്പിക്കുന്നത്.

നവംബർ 11-17: പെറു

നവംബർ 11 മുതൽ 17 വരെ മാർപാപ്പ പെറുവിൽ തുടരും. സന്ദർശനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഘട്ടമായ ഇവിടെ അദ്ദേഹം ലിമ (Lima), ചിക്ലായോ (Chiclayo), കുസ്കോ (Cuzco), പുക്കാൽപ (Pucallpa) എന്നീ നഗരങ്ങൾ സന്ദർശിക്കും. വർഷങ്ങളോളം മിഷനറിയായും വൈദികനായും ഇവിടെ സേവനമനുഷ്ഠിച്ച ലെയോ മാർപാപ്പയ്ക്ക് ഈ സന്ദർഭം വ്യക്തിപരമായി വളരെ പ്രധാനപ്പെട്ടതാണ്.

‘നമുക്ക് ഹൃദയങ്ങൾ തുറക്കാം’ എന്നതാണ് ഈ ഘട്ടത്തിലെ പ്രമേയം. ദൈവത്തോടും സഹജീവികളോടും ഭാവിയോടുമുള്ള തുറന്ന മനസ്സിനെ സൂചിപ്പിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലാണ് ലോഗോ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ളിൽ പെറുവിന്റെ ഭൂപടവും പ്രാവിന്റെ രൂപത്തിലുള്ള പരിശുദ്ധാത്മാവും ലിമയിലെ വിശുദ്ധ റോസ്, മാർട്ടിൻ ഡി പോറസ് തുടങ്ങിയ പെറുവിയൻ വിശുദ്ധരും മാർപാപ്പയും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.