ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 22

1960 സെപ്റ്റംബർ 22 നാണ് മാലി സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. 1880 കളുടെ ആരംഭത്തിൽ ഫ്രാൻസ് മാലിയിൽ ആരംഭിച്ച അധിനിവേശം 1898 ൽ പൂർത്തിയായതോടെ മാലി ഫ്രാൻസിന്റെ കോളനിയായി മാറി. ഫ്രാൻസിന്റെ കീഴിൽ ഫ്രഞ്ച് സുഡാൻ എന്നാണ് പ്രദേശം അറിയപ്പെട്ടത്. 1945 ൽ പ്രദേശത്തെ ജനങ്ങൾ ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള ഫ്രഞ്ച് പൗരന്മാരായി മാറി. 1959 ൽ സുഡാനീസ് റിപ്പബ്ലിക്, സെനഗൽ, ദാഹോമെ, അപ്പർ വോൾട്ട എന്നി പ്രദേശങ്ങളിലെ പ്രതിനിധികൾ ചേർന്ന് മാലി ഫെഡറേഷനുവേണ്ടി ഒരു ഭരണഘടന തയ്യാറാക്കുകയും തങ്ങൾക്ക് പൂർണ്ണസ്വാതന്ത്ര്യം വേണമെന്ന് ഫ്രാൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം 1960 ൽ മാലി ഫെഡറേഷൻ സ്വതന്ത്രരാജ്യമായി മാറി. എന്നാൽ വിദേശ-ആഭ്യന്തര നയങ്ങളുടെ പേരിലുണ്ടായ തർക്കങ്ങളുടെ പേരിൽ ആഗസ്റ്റ് 20 ന് ഫെഡറേഷൻ പിരിച്ചുവിട്ടു. സെപ്റ്റംബർ 22 ന് സുഡാൻ തങ്ങളെത്തന്നെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും റിപ്പബ്ലിക് ഓഫ് മാലി എ്ന പേര് സ്വീകരിക്കുകയും ചെയ്തു.

1979 സെപ്റ്റംബർ 22 നാണ് അമേരിക്കയുടെ നിരീക്ഷണ ഉപഗ്രഹമായ വേല 6911 ൽ അസാധാരണമായൊരു ദൃശ്യം പതിഞ്ഞത്. ആണവവിസ്ഫോടനം പോലെ തോന്നിക്കുന്ന ഭീമമായ രണ്ട് പ്രകാശസ്ഫുലിംഗങ്ങളായിരുന്നു പേടകം പകർത്തിയത്. ആണവവിസ്ഫോടനം തന്നെയാണ് അത് എന്നായിരുന്നു ഫ്ളോറിഡയിലെ പാട്രിക് എയർഫോഴ്സ് ബേസിലിരുന്ന് ദൃശ്യങ്ങൾ വീക്ഷിച്ച ശാസ്ത്രജ്ഞരുടെ നിഗമനം. ഇതിനുമുമ്പ് അമേരിക്കൻ ഉപഗ്രഹങ്ങൾ പകർത്തിയ ഒരു ഡസനോളം ആണവപരീക്ഷണങ്ങളുടെ ദൃശ്യങ്ങളുമായി താരതമ്യം ചെയ്താണ് അവർ അത്തരമൊരു നിഗമനത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയുടെ സമീപത്ത് ദൃശ്യമായതിനാൽ ഇസ്രായേലോ ദക്ഷിണാഫ്രിക്കയോ ആണ് ഇതിനു പിന്നിലെന്നായിരുന്നു അമേരിക്കയുടെ പക്ഷം. എന്നാൽ ആണവാക്രമണങ്ങളോ, ആണവപരീക്ഷണങ്ങളോ നടന്നിട്ടില്ലെന്ന് ഇരുരാജ്യങ്ങളും അറിയിച്ചതോടെ ഇത് ഇന്നും ചുരുളഴിയാത്ത നിഗൂഢതയായി മാറി.

1980 മുതൽ 1988 വരെ നീണ്ട ഇറാൻ ഇറാഖ് യുദ്ധം ആരംഭിച്ചത് 1980 സെപ്റ്റംബർ 22 നായിരുന്നു. ഇറാഖിന്റെ സായുധസേന പടിഞ്ഞാറൻ ഇറാനിലേക്ക് കടന്നുകയറിയതോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം. ഇറാഖിന്റെ അതിർത്തി പോസ്റ്റുകളിലേക്ക് ഇറാൻ ഷെല്ലാക്രമണം നടത്തിയ സെപ്റ്റംബർ നാലിനു തന്നെ യുദ്ധം ആരംഭിച്ചിരുന്നു എന്നാണ് ഇറാഖിന്റെ വാദം. എന്നാൽ യുദ്ധം, തുറന്ന പോരാട്ടത്തിലേക്കു കടന്നത് സെപ്റ്റംബർ 20 നായിരുന്നു. 1960 ൽ ബ്രിട്ടൻ, പേർഷ്യൻ ഗൾഫിൽ നിന്ന് പിൻവാങ്ങിയപ്പോൾ പ്രദേശത്തിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ഇറാനും ഇറാഖിനും ഇടയിൽ ഉടലെടുത്ത തർക്കമാണ് യുദ്ധത്തിലെത്തിയത്. 1988 ൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ യുദ്ധം അവസാനിച്ചുവെങ്കിലും സേനാ പിന്മാറ്റം നടന്നിരുന്നില്ല. 1990 ആഗസ്റ്റ് 16 ന് സമാധാന ഉടമ്പടി ഔപചാരികമായി ഒപ്പുവച്ചതിന് ശേഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധം സാധാരണനിലയിൽ പുനസ്ഥാപിക്കപ്പെട്ടതും പൂർണ്ണണമായ സൈനികപിന്മാറ്റം നടന്നതും.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.