വിശ്വാസത്തിന്റെ വേറിട്ട വഴി: കത്തോലിക്കാ സന്ന്യാസിനിയായ മുസ്ലിം ഇമാമിന്റെ മകൾ

ക്രിസ്തീയ വിശ്വാസത്തിന് കടന്നു ചെല്ലാനും മാറ്റങ്ങൾ സൃഷ്ടിക്കാനും വ്യക്തികളോ വ്യക്തി സാഹചര്യങ്ങളോ അവരുടെ വിശ്വാസമോ ഒന്നും ഒരു തടസമല്ല എന്ന് ഊട്ടിയുറപ്പിക്കുന്ന വാർത്തകളാണ് ഗിനിയ-ബിസാവുവിൽ നിന്ന് വരുന്നത്. ഇവിടെ നിന്നുള്ള 27 കാരിയായ ഐഷ സിറ്റിമ കാന്തെ എന്ന യുവതിയുടെ സന്ന്യാസ ജീവിതത്തിലേക്കുള്ള പ്രവേശനം ഏറെ സന്തോഷത്തോടെയും അതിലേറെ അദ്ഭുതത്തോടെയുമാണ് ലോകം ഉറ്റുനോക്കിയത്. ഒരു ഇസ്ലാമിക പണ്ഡിതനായ പിതാവിന്റെ തണലിൽ, ഇസ്ലാമിക പശ്ചാത്തലത്തിൽ വളർന്ന ഈ യുവതി സിസ്റ്റേഴ്സ് ഓഫ് ദ ഡിവൈൻ സ്പിരിറ്റ്’ (Sisters of the Divine Spirit) സന്ന്യാസ സമൂഹത്തിൽ അംഗമായിക്കൊണ്ടാണ് തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തിയത്.

ഓഗസ്റ്റ് പതിനഞ്ചാം തീയതിയായിരുന്നു വ്രതവാഗ്ദാനം നടന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം എന്നാണ് സിസ്റ്റർ തന്റെ വ്രതവാഗ്ദാനത്തെ കുറിച്ച് പങ്കുവച്ചത്. വ്രതവാഗ്ദാനത്തിന് ശേഷം നൽകിയ കൃതജ്ഞതാ പ്രസംഗത്തിൽ എന്നെ വിളിക്കുകയും തിരഞ്ഞെടുക്കുകയും ഈ നിമിഷം വരെ താങ്ങിനിർത്തുകയും ചെയ്ത ദൈവത്തിന് ഞാൻ നന്ദി പറയുന്നു എന്ന് സിസ്റ്റർ ഐഷ പറഞ്ഞു. ഒപ്പം തന്റെ സന്ന്യാസ പരിശീലനത്തിന് പിന്തുണ നൽകിയ സഭാ അധികാരികൾക്കും അധ്യാപകർക്കും സഹസന്ന്യാസിനികൾക്കും വളരെ സ്നേഹത്തോടെ താൻ നന്ദി പറയുന്നു എന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

സഫീം സ്വദേശിയാണ് സിസ്റ്റർ ഐഷ. പരമ്പരാഗത മുസ്ലീം കുടുംബത്തിൽ ജനിച്ചുവളർന്ന സിസ്റ്റർ ഐഷയുടെ പിതാവ് ഒരു ഇമാമാണ്. അതിനാൽ തന്നെ ഐഷയ്ക്ക് കത്തോലിക്കാ സന്ന്യാസ ജീവിതത്തിലേക്ക് എത്തുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ ദൈവവുമായുള്ള ആത്മബന്ധവും ആന്തരികമായ വിളിയുമാണ് ഈ പുതിയ ജീവിതരീതി തിരഞ്ഞെടുക്കാൻ തനിക്ക് പ്രേരണയായതെന്ന് അവർ പങ്കുവയ്ക്കുന്നു. ഫരീമിലെ ഔർ ലേഡി ഓഫ് ഗ്രേസ് ഇടവകയിൽ നിന്നാണ് ഐഷ ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടർന്ന് ഇടവക പ്രവർത്തനങ്ങളിലും പ്രാർഥനാ കൂട്ടായ്മകളിലും സജീവമായിരുന്ന ഐഷ, ഒടുവിൽ സന്ന്യാസ ജീവിതത്തിനായി സ്വയം സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഐഷയുടെ സന്ന്യാസ വ്രതവാഗ്ദാനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും സൈബർ അധിക്ഷേപങ്ങൾക്കും വഴിവച്ചു. അവരുടെ കുടുംബ പശ്ചാത്തലവും കത്തോലിക്കാ ജീവിതം തിരഞ്ഞെടുക്കാനുള്ള തീരുമാനവും മുൻനിർത്തി ചില കോണുകളിൽ നിന്ന് കടുത്ത വിദ്വേഷ സന്ദേശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉയർന്നുവന്നു. എന്നാൽ, ഇത്തരം വെല്ലുവിളികൾക്കിടയിലും കത്തോലിക്കാ-മുസ്‌ലിം സമൂഹങ്ങളിലെ സമാധാനകാംക്ഷികളായ വലിയൊരു വിഭാഗം ജനങ്ങളും നേതാക്കളും ഐഷയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും പിന്തുണച്ച് രംഗത്തെത്തി. മതാന്തര സംവാദവും പരസ്പര ബഹുമാനവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.