ലെയോ പാപ്പയുടെ സന്ദർശനത്തിനു മുന്നോടിയായി സാൻ മരീനോയെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ

ഓഗസ്റ്റ് 22-ന് ലെയോ പതിനാലാമൻ മാർപാപ്പ സാൻ മരീനോ റിപ്പബ്ലിക് സന്ദർശിക്കും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവർക്ക് ശേഷം ഈ രാജ്യം സന്ദർശിക്കുന്ന മൂന്നാമത്തെ മാർപാപ്പയാണ് ലെയോ പാപ്പ.

സന്ദർശന വേളയിൽ, മാർപാപ്പ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം, തൊട്ടടുത്തുള്ള ഇറ്റാലിയൻ നഗരമായ റിമിനിയിലേക്ക് യാത്ര തിരിക്കും. അവിടെ നടക്കാനിരിക്കുന്ന ‘മനുഷ്യർ തമ്മിലുള്ള സൗഹൃദത്തിനായുള്ള സംഗമത്തിൽ’ (Meeting for Friendship between Peoples) പാപ്പ പങ്കെടുക്കും. ലെയോ പാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി സാൻ മരീനോയെക്കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ ഇതാ:

1. ക്രൈസ്തവർ കടുത്ത പീഡനം അനുഭവിച്ചിരുന്ന കാലത്താണ് സാൻ മരീനോ സ്ഥാപിക്കപ്പെട്ടത്

ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ഏകദേശം 270 വർഷങ്ങൾക്ക് ശേഷം, എ.ഡി. 301-ലാണ് സാൻ മരീനോ സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. റോമിലെ ആദ്യകാല ക്രൈസ്തവർ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. വിശുദ്ധ അൽഫോൻസ, വിശുദ്ധ പാൻക്രാസ്, വിശുദ്ധ ലൂസി തുടങ്ങിയ നിരവധി രക്തസാക്ഷികൾ കൊല്ലപ്പെട്ടതും ഈ കാലത്താണ്. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കീഴിൽ നടന്ന വലിയ പീഡനങ്ങൾ, രാജ്യം രൂപീകരിച്ച് അധികം വൈകാതെ ആരംഭിക്കുകയും എ.ഡി. 303 മുതൽ 311 വരെ ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ടുനിൽക്കുകയും ചെയ്തു.

2. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ചെറുതുമായ റിപ്പബ്ലിക്കുകളിൽ ഒന്ന്

എ.ഡി. 301-ൽ സ്ഥാപിതമായതിലൂടെ ലോകത്ത് ഇന്നും തുടർച്ചയായി നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള റിപ്പബ്ലിക്കായി സാൻ മരീനോ മാറുന്നു. വത്തിക്കാൻ സിറ്റിയെപ്പോലെ, ഇറ്റലിയാൽ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്ന ഈ രാജ്യം, വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്.

61.2 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഇതിന്റെ വിസ്തൃതി; അതായത് ന്യൂയോർക്ക് നഗരത്തേക്കാൾ 20 മടങ്ങ് ചെറുത്. ഏകദേശം 34,000 ആണ് ഇവിടത്തെ ജനസംഖ്യ. ഇത് ന്യൂയോർക്കിലെ ഇത്താക്ക നഗരത്തിന്റെ ജനസംഖ്യയ്ക്ക് സമമാണ്.

3. ഒരു സന്ന്യാസിശ്രേഷ്ഠന്റെ പേരിൽ നിന്നാണ് സാൻ മരീനോ എന്ന പേരുണ്ടായത്

ഡയോക്ലീഷ്യന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട മൂന്നാം നൂറ്റാണ്ടിലെ ഡീക്കനായിരുന്ന വിശുദ്ധ മരീനോസിന്റെ പേരിൽ നിന്നാണ് രാജ്യത്തിന് ഈ പേര് ലഭിച്ചത്. പരമ്പരാഗത വിശ്വാസമനുസരിച്ച്, ഇന്നത്തെ സാൻ മരീനോ സ്ഥിതി ചെയ്യുന്ന ടിറ്റാനോ മലനിരകളിൽ എത്തിയ അദ്ദേഹം അവിടെ ഒരു ആശ്രമം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധി നാടെങ്ങും പ്രചരിച്ചതോടെ നിരവധി ആളുകൾ ആശ്രമത്തിലേക്ക് എത്തിച്ചേർന്നു. തുടർന്ന് ടിറ്റാനോ മലനിരകളുടെ ഉടമ ഈ പ്രദേശം അദ്ദേഹത്തിന് സമ്മാനമായി നൽകി. അന്നുമുതൽ ഇന്ന് വരെ ഈ സ്വതന്ത്ര രാജ്യത്തിലെ ഏറ്റവും ഉയർന്ന പ്രദേശം ഇതാണ്.

4. മാർപാപ്പമാർ സംരക്ഷിച്ച രാജ്യം; ഒരിക്കലും കീഴടക്കപ്പെട്ടിട്ടില്ല

ഇറ്റലിയുടെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, 1000 വർഷത്തിലധികം നീണ്ട ചരിത്രത്തിൽ പലതവണ കൈയേറ്റങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, സാൻ മരീനോ മറ്റ് രാജ്യങ്ങളാൽ ഒരിക്കലും പിടിച്ചെടുക്കപ്പെട്ടിട്ടില്ല. 17-ാം നൂറ്റാണ്ടിൽ, 1870-ൽ ഇറ്റലി രാജ്യം രൂപീകൃതമാകുന്നതുവരെ മാർപാപ്പമാർ ഭരിച്ചിരുന്ന പ്രദേശങ്ങളാൽ ഈ രാജ്യം ചുറ്റപ്പെട്ടിരുന്നു. 1631-ലെ ഉടമ്പടിയിലൂടെ ഉർബൻ എട്ടാമൻ മാർപാപ്പ സാൻ മരീനോ യുടെ പൂർണ്ണ പരമാധികാരം അംഗീകരിക്കുകയും രാജ്യത്തെ വത്തിക്കാന്റെ സംരക്ഷണയിലാക്കുകയും ചെയ്തു.

5. ആറുമാസം മാത്രം കാലാവധിയുള്ള രണ്ട് ക്യാപ്റ്റന്മാരാണ് ഭരണം നടത്തുന്നത്

സാൻ മരീനോയ്ക്ക് രണ്ട് ഭരണത്തലവന്മാരുണ്ട് – ‘ക്യാപ്റ്റൻസ് റീജന്റ്’ (Captains Regent) എന്നാണ് ഇവർ അറിയപ്പെടുന്നത്. നിലവിൽ ആലീസ് മിന, വ്ലാഡിമിറോ സെൽവ എന്നിവരാണ് ഈ പദവികൾ വഹിക്കുന്നത്. ഏകദേശം 800 വർഷങ്ങളായി, 60 അംഗങ്ങളുള്ള രാജ്യത്തെ പാർലമെന്റായ ‘ഗ്രാൻഡ് ആൻഡ് ജനറൽ കൗൺസിൽ’ ആണ് ഇവരെ തിരഞ്ഞെടുക്കുന്നത്.

ലോകത്തിലെ ഏതൊരു രാഷ്ട്രീയ പദവിയേക്കാളും കുറഞ്ഞ ഭരണകാലയളവായ വെറും ആറുമാസമാണ് ഇവരുടെ കാലാവധി. ഇവർക്ക് തുടർച്ചയായി രണ്ടാം തവണ മത്സരിക്കാൻ കഴിയില്ല, എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഈ പദവിയിലേക്ക് തിരിച്ചെത്താം.

6. വി. ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്

ഇറ്റലിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും രണ്ട് മാർപാപ്പമാർ മാത്രമാണ് ഇതുവരെ സാൻ മരീനോ സന്ദർശിച്ചിട്ടുള്ളത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1982 ഓഗസ്റ്റ് 29-ന് രാജ്യം സന്ദർശിച്ചു. ആ യാത്രയിൽ പടിഞ്ഞാറൻ യൂറോപ്പിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ് ഭരണത്തലവനായിരുന്ന ക്യാപ്റ്റൻ റീജന്റ് ജ്യുസെപ്പെ മയാനിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2011 ജൂൺ 19-ന് സാന്മരീനോ-മോണ്ടെഫെൽട്രോ രൂപതയിലേക്കുള്ള തന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇവിടെയെത്തി. തങ്ങളുടെ സന്ദർശനവേളയിൽ, ഇരു മാർപാപ്പമാരും സാൻ മരീനോ ബസിലിക്കയിലെ രാജ്യത്തിന്റെ കാവൽ വിശുദ്ധനായ സാൻ മരീനോസിന്റെ ആശ്രമത്തിൽ പ്രാർഥിച്ചു.

7. ഇറ്റാലിയൻ ആണ് ഔദ്യോഗിക ഭാഷ

മധ്യകാലഘട്ടം മുതൽ ഇറ്റാലിയൻ ഭാഷ സാൻ മരീനോയുടെ ഏക ഔദ്യോഗിക ഭാഷയായി തുടരുന്നു, ഇത് ഇറ്റാലിയൻ ഉപദ്വീപവുമായുള്ള പങ്കാളിത്ത ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ, ഇറ്റലിയിലെ റൊമാന്യ (Romagna) പ്രദേശത്ത് സംസാരിക്കുന്ന റോമാഞ്ഞോൾ ഭാഷയുടെ പ്രാദേശിക രൂപമായ ‘സാൻ മരീനീസ്’ (Sanmarinese) എന്ന ഡയലക്ടും ആളുകൾ സംസാരിക്കുന്നുണ്ട്.

8. മൂന്ന് ഗോപുരങ്ങളെ പ്രതിനിധീകരിക്കുന്ന പ്രശസ്തമായ കേക്ക്

ഇറ്റാലിയൻ ഭക്ഷണരീതികളാൽ സ്വാധീനിക്കപ്പെട്ടതാണ് ഇവിടത്തെ പാചകരീതി. എന്നിരുന്നാലും, ഇവിടെയെത്തുന്നവർക്ക് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ‘തോർത്ത ട്രേ മോന്തി’ (Torta Tre Monti – മൂന്ന് മലകളുടെ കേക്ക്) എന്ന മധുരപലഹാരം രുചിച്ചുനോക്കാം. വേഫറുകളുടെയും ചോക്ലേറ്റ് ഹസൽനട്ട് ക്രീമിന്റെയും മൂന്ന് പാളികളാൽ നിർമ്മിച്ചതാണ് ഈ കേക്ക്. സാൻ മരീനോയിലെ പ്രശസ്തമായ ഗ്വൈത (Guaita), സെസ്റ്റ (Cesta), മോന്താലെ (Montale) എന്നീ മൂന്ന് ഗോപുരങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

9. അബ്രഹാം ലിങ്കൺ സാൻ മരീനോയിലെ ഓണററി പൗരനായിരുന്നു

1861-ൽ അമേരിക്കൻ പ്രസിഡന്റായ ഉടൻ തന്നെ, അമേരിക്ക ആഭ്യന്തരയുദ്ധത്തിന് തയ്യാറെടുക്കുന്ന ഘട്ടത്തിൽ, സാൻ മരീനോയിലെ ക്യാപ്റ്റൻസ് റീജന്റിൽ നിന്ന് അബ്രഹാം ലിങ്കണിന് ഓണററി പൗരത്വം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു കത്ത് ലഭിക്കുകയുണ്ടായി. ആ വർഷം അവസാനം ലിങ്കൺ ഈ ആദരം സ്വീകരിച്ചുകൊണ്ട് മറുപടി നൽകി. ക്യാപ്റ്റൻസ് റീജന്റിന്റെ കത്ത് വാഷിംഗ്ടൺ ഡി.സി.യിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ആർക്കൈവ്സിൽ ഇപ്പോഴും കാണാൻ സാധിക്കും.

10. ലെയോ പാപ്പ പങ്കെടുക്കുന്ന വാർഷിക പരിപാടി

ഓഗസ്റ്റ് 22-ന് സാൻ മരീനോ സന്ദർശിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാർപാപ്പയായി ലെയോ പതിനാലാമൻ മാർപാപ്പ മാറും. തന്റെ സന്ദർശനവേളയിൽ, അദ്ദേഹം സിവിൽ, മത മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ പ്രധാന സ്ക്വയറുകളിൽ തടിച്ചുകൂടുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ചെയ്യും.

അന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 12:45-ന് , ‘കമ്യൂണിയൻ ആൻഡ് ലിബറേഷൻ’ (Communion and Liberation) എന്ന പ്രസ്ഥാനം വർഷം തോറും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ സാംസ്കാരിക മഹോത്സവമായ “മനുഷ്യർ തമ്മിലുള്ള സൗഹൃദത്തിനായുള്ള സംഗമത്തിൽ” പങ്കെടുക്കാൻ പാപ്പ തൊട്ടടുത്തുള്ള റിമിനി നഗരത്തിലേക്ക് തിരിക്കും. തുടർന്ന് റിമിനി കത്തീഡ്രലിൽ വച്ച് രോഗികളുമായും വയോധികരുമായും കൂടിക്കാഴ്ച നടത്തുന്ന പാപ്പ സായാഹ്നത്തോടെ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം രാത്രി 8:00 മണിയോടെ റോമിലേക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.