തീജ്വാലകൾക്കിടയിലും തകരാതെ കുരിശുരൂപം: ഫ്രാൻസിൽ നിന്നുള്ള ചിത്രം വൈറലാകുന്നു

​ഫ്രാൻസിലെ ഗിറോണ്ട് മേഖലയിലുണ്ടായ കാട്ടുതീയിൽ പ്രദേശമാകെ ചാരമായി മാറിയപ്പോഴും യാതൊരു കേടുപാടുകളും കൂടാതെ ഉറച്ചുനിന്ന ഒരു കുരിശുരൂപത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സൊമോസ് (Saumos) ഗ്രാമത്തിൽ ഫോട്ടോ ജേണലിസ്റ്റായ പാട്രിക് ബർണാർഡ് ഐഫോണിൽ പകർത്തിയ ചിത്രമാണ് ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധനേടിയത്.

​പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ കുരിശ്. വൻ തീപിടുത്തത്തിൽ ചുറ്റുമുള്ള കാടുകളും പുല്ലുകളും പൂർണ്ണമായി കത്തിനശിച്ചെങ്കിലും രണ്ട് തവണ തീ കടന്നുപോയിട്ടും ഈ കുരിശിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.

​പ്രദേശവാസിയും ഫോറസ്റ്റ് ഫയർ ഡിഫൻസ് സർവീസ് സാങ്കേതിക ഉപദേഷ്ടാവുമായ ആന്ദ്രേ പ്രൊവോയർ, ദുരന്തമുഖത്ത് ഫയർഫോഴ്സിനും സന്നദ്ധപ്രവർത്തകർക്കും വെള്ളമെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ‘എന്നെ മുന്നോട്ട് നയിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്’ എന്ന് അദ്ദേഹം പ്രതികരിച്ചു. 130 – ലധികം വർഷത്തെ പഴക്കമുള്ള ഈ കുരിശ് നാശത്തിനിടയിലും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.