കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: ക്രൈസ്തവരുൾപ്പെടെ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (DRC) കിഴക്കൻ മേഖലയിൽ അല്ലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (ADF) നടത്തിയ തുടർ ആക്രമണങ്ങളിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് തവണയാണ് തീവ്രവാദികൾ ഇവിടെ ആക്രമണം അഴിച്ചുവിട്ടത്.

ജൂലൈ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ, ക്രൈസ്തവർ ഭൂരിപക്ഷമുള്ള മംഗീന (Mangina) എന്ന ഗ്രാമത്തിൽ എഡിഎഫ് രണ്ട് തവണ ആക്രമണം നടത്തി. അക്രമികൾ കത്തികളും തോക്കുകളുമായാണ് എത്തിയതെന്നും ഗ്രാമവാസികളെ കൊല്ലാനും അവരുടെ വീടുകൾ നശിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചതെന്നും മംഗീന മേയർ നിക്കോളാസ് കംബാലെ പറഞ്ഞു.

ആദ്യ ആക്രമണത്തിൽ സഭയുടെ ലീഡറും ആരാധനാ കമ്മറ്റി നേതാവും (Worship Leader) ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തീയിട്ടു നശിപ്പിച്ച ആക്രമണത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ, എഡിഎഫ് വീണ്ടും പ്രദേശത്ത് അക്രമം അഴിച്ചുവിടുകയും 10 പേരെക്കൂടി കൊല്ലുകയും ചെയ്തു. ഇതിനെ തുടർന്ന് ഡിആർസി സൈന്യം (FARDC) തിരിച്ചടി നൽകിയതോടെയാണ് അക്രമികൾ പിന്മാറിയത്.

കിഴക്കൻ കോംഗോയിൽ എഡിഎഫ് നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ട്. ഈ പ്രദേശത്തു നിന്ന് ക്രൈസ്തവസാന്നിധ്യം പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇസ്ലാമിക തീവ്രവാദി സംഘം പ്രവർത്തിക്കുന്നതെന്ന് ആക്രമണത്തിന് ഇരയായവർ സാക്ഷ്യപ്പെടുത്തുന്നു.

ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ ലോകരാജ്യങ്ങളുടെ പട്ടികയിൽ 29-ാം സ്ഥാനത്താണ് കോംഗോ. കൂട്ടക്കൊലകൾ, തട്ടിക്കൊണ്ടുപോകലുകൾ, ദൈവാലയങ്ങളും വീടുകളും തകർക്കൽ എന്നിവയിലൂടെ എഡിഎഫ് നിരന്തരം ക്രൈസ്തവസമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.