ഞായർ പ്രസംഗം: കൈത്താക്കാലം നാലാം ഞായര്‍ ഓഗസ്റ്റ് 02, മത്തായി 13: 44-52 വില നൽകി നേടുക

ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

ശ്ലീഹന്മാരുടെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടപ്പെട്ട സഭാതരു വളര്‍ന്നു പന്തലിച്ച് ഫലം പുറപ്പെടുവിക്കുന്നതിനെ അനുസ്മരിക്കുന്ന കൈത്താക്കാലത്തിന്റെ ഈ നാലാമത്തെ ഞായറാഴ്ച, തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം 13-ാം അധ്യായം 44 മുതല്‍ 52 വരെയുള്ള വചനഭാഗങ്ങളാണ്.

ഇന്ന് ഈശോ ദൈവരാജ്യത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നത് മനോഹരമായ ഉപമകളിലൂടെയാണ്. വയലില്‍ ഒളിച്ചിരിക്കുന്ന നിധി, വിലയേറിയ മുത്ത്, കടലിലെറിയപ്പെട്ട വല ഇവയെല്ലാം ദൈവരാജ്യത്തെക്കുറിച്ചുള്ള ആഴമേറിയ സത്യങ്ങളിലേക്കുള്ള വാതിലുകളാണ്. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നതും തിരയുന്നതും ശാശ്വതമായ സന്തോഷവും സുരക്ഷിതത്വവുമാണ്. ഈ ലോകത്തിലെ ധനവും സന്തോഷവും താല്‍ക്കാലികം മാത്രമായിരിക്കുമ്പോള്‍, ദൈവം വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യമാണ് മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ സത്യവും യഥാര്‍ഥ നിധിയുമെന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുന്നു.

ഈ സുവിശേഷഭാഗം പ്രധാനമായും രണ്ട് വലിയ ആശയങ്ങളാണ് നമ്മുടെ മുന്നില്‍ വയ്ക്കുന്നത് – ദൈവരാജ്യത്തിന്റെ അമൂല്യമായ പ്രാധാന്യവും അത് സ്വന്തമാക്കാന്‍ നാം നല്‍കേണ്ട വിലയും.

1. ദൈവരാജ്യത്തിന്റെ അമൂല്യമായ പ്രാധാന്യം

ദൈവരാജ്യം എന്നത് യാദൃശ്ചികമായി വീണുകിട്ടുന്ന ഒന്നല്ല; മറിച്ച് അത് നിരന്തരമായ അന്വേഷണത്തിന്റെയും ആത്മീയ ഒരുക്കത്തിന്റെയും ഫലമാണ്. ഈ ലോകത്തിലെ ഭൗതികനേട്ടങ്ങള്‍ക്കോ, ലൗകികസന്തോഷങ്ങള്‍ക്കോ മനുഷ്യന് ശാശ്വതമായ സമാധാനം നല്‍കാന്‍ കഴിയില്ല. ക്രിസ്തുവുമായുള്ള വ്യക്തിപരമായ ആഴമേറിയ ബന്ധത്തിലും ദൈവരാജ്യത്തിന്റെ അമൂല്യത തിരിച്ചറിയുന്നതിലുമാണ് യഥാര്‍ഥ ആത്മീയശാന്തി ലഭിക്കുന്നത്.

ദൈവരാജ്യത്തെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി തിരിച്ചറിയുന്ന ഒരു ക്രൈസ്തവന്, ആ രാജ്യത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി തന്റെ ലൗകിക ആസക്തികളെയും സ്വാര്‍ഥതകളെയും ഉപേക്ഷിക്കുക എന്നത് ഒരു നഷ്ടമല്ല, മറിച്ച് സന്തോഷകരമായ തിരഞ്ഞെടുപ്പാണ്. സുവിശേഷത്തില്‍ വയലില്‍ മറഞ്ഞിരുന്ന നിധി കണ്ടെത്തിയ മനുഷ്യനും അമൂല്യമായ മുത്ത് കണ്ട വ്യാപാരിയും തങ്ങള്‍ക്കുള്ളതെല്ലാം വിറ്റഴിച്ച് അത് സ്വന്തമാക്കുന്നത് വലിയ സന്തോഷത്തോടെയാണ്. കാരണം, തങ്ങള്‍ കണ്ടെത്തിയ വസ്തുവിന്റെ യഥാര്‍ഥ മൂല്യം മറ്റെന്തിനേക്കാളും വലുതാണെന്ന് അവര്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു. അതുപോലെ, ദൈവരാജ്യത്തിന്റെ അറ്റമില്ലാത്ത അമൂല്യതയും മഹത്വവും ബോധ്യപ്പെടുന്ന ഒരു വിശ്വാസിക്ക് ഈ ലോകത്തിലെ താല്‍കാലിക സന്തോഷങ്ങളെയും ആഗ്രഹങ്ങളെയും മാറ്റിവയ്ക്കുന്നത് ഒരു ത്യാഗമായി തോന്നുകയില്ല, മറിച്ച് ഏറ്റവും വലിയ സ്വര്‍ഗീയനിധി സ്വന്തമാക്കാന്‍ സാധിച്ചു എന്ന നിറഞ്ഞ സന്തോഷത്തോടും ആത്മീയസംതൃപ്തിയോടും കൂടിയുള്ള അനുസരണയും സമര്‍പ്പണവുമായി അത് മാറും.

2. ദൈവരാജ്യം സ്വന്തമാക്കാന്‍ നല്‍കേണ്ട വില

സുവിശേഷത്തിലെ ഉപമകളില്‍, വയലില്‍ നിധി കണ്ടെത്തിയ വ്യക്തിയും വിലയേറിയ മുത്ത് കണ്ട വ്യാപാരിയും തങ്ങള്‍ക്കുള്ളതെല്ലാം വിറ്റാണ് ആ നിധി സ്വന്തമാക്കുന്നത്. ദൈവരാജ്യം അത്രമേല്‍ വിലയേറിയതായതുകൊണ്ടു തന്നെ, അത് സ്വന്തമാക്കാന്‍ നാം ഒരു വില നല്‍കേണ്ടതുണ്ട്. നമ്മുടെ ലൗകികമായ ആഗ്രഹങ്ങളെയും സ്വാര്‍ഥതകളെയും ഉപേക്ഷിച്ച് ദൈവീകജീവിതത്തിനായി നമ്മെത്തന്നെ സമര്‍പ്പിക്കുക എന്നതാണ് ആ വില. യാതൊരു ത്യാഗവും സഹിക്കാതെ, സുഖലോലുപതയില്‍ ജീവിച്ച് ദൈവരാജ്യം പ്രാപിക്കാമെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. ദൈവരാജ്യത്തിനു വേണ്ടി നാം വില കൊടുത്തേ മതിയാകൂ.

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വി. അഗസ്റ്റിന്‍. ചെറുപ്പകാലത്ത് ലൗകികസുഖങ്ങളിലും പാപകരമായ ജീവിതരീതികളിലും മുഴുകിപ്പോയ അഗസ്റ്റിന്‍, യഥാര്‍ഥ സന്തോഷം അന്വേഷിച്ച് അലയുകയായിരുന്നു. എന്നാല്‍, ക്രിസ്തുവാകുന്ന സത്യസന്ധമായ നിധിയെ കണ്ടെത്തിയപ്പോള്‍, താന്‍ അതുവരെ സ്‌നേഹിച്ച സകല ലൗകികസുഖങ്ങളെയും പദവികളെയും സ്വാര്‍ഥതാല്‍പര്യങ്ങളെയും പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ അദ്ദേഹം മടിച്ചില്ല. ലോകം നല്‍കിയ സന്തോഷങ്ങള്‍ താല്‍കാലികവും വഞ്ചനാപരവുമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ അദ്ദേഹം ദൈവത്തെ മാത്രം സ്‌നേഹത്തോടെ സ്വീകരിച്ചു.

തന്റെ പഴയ ജീവിതത്തെയും ശരീര ആസക്തികളെയും പൂര്‍ണ്ണമായി ത്യജിച്ച്, കഠിനമായ പ്രായശ്ചിത്തവും സമര്‍പ്പണവും നിറഞ്ഞ ഒരു ജീവിതം നയിച്ചുകൊണ്ടാണ് അദ്ദേഹം ആ സ്വര്‍ഗീയനിധി സ്വന്തമാക്കിയത്. ദൈവരാജ്യത്തിന്റെ മഹത്വം മനസ്സിലാക്കിയപ്പോള്‍, അതിനായി സ്വന്തം ജീവിതത്തിന്റെ ലൗകികവശങ്ങള്‍ വിലയായി നല്‍കാന്‍ അഗസ്റ്റിന്‍ തയ്യാറായി. അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, പഴയ പാപവഴികള്‍ വെടിഞ്ഞ് ദൈവത്തിലേക്ക് തിരിയാന്‍ നാം ഒരുക്കമാണെങ്കില്‍ ദൈവരാജ്യം നമുക്ക് സ്വന്തമാക്കാമെന്നാണ്.

സുവിശേഷത്തിന്റെ ഒടുവില്‍ ഈശോ പറയുന്ന വലയുടെ ഉപമ ദൈവരാജ്യത്തിന്റെ പൂര്‍ണ്ണതയെയും അന്തിമവിധിയെയും ഓര്‍മ്മിപ്പിക്കുന്നു. സഭയില്‍ അംഗമായിരുന്നതു കൊണ്ടോ, പേരിന് ഒരു വിശ്വാസിയായി ജീവിച്ചതു കൊണ്ടോ മാത്രം ആരും ദൈവരാജ്യം പ്രാപിക്കുന്നില്ല. കടലില്‍ വീശിയ വലയില്‍ നല്ല മീനുകളും ചീത്ത മീനുകളും ഒരുപോലെ കുടുങ്ങുന്നതുപോലെ, ഈ ലോകത്തില്‍ സഭയ്ക്കുള്ളില്‍ എല്ലാവരും ഒന്നിച്ച് ജീവിക്കുന്നുണ്ടാകാം. എന്നാല്‍ യുഗാന്തത്തില്‍, അന്തിമവിധിയുടെ നാളില്‍ ദൈവം നല്ലതിനെയും ചീത്തതിനെയും വേര്‍തിരിക്കും. അതുകൊണ്ട് നാം സഭയിലുണ്ട് എന്ന ബാഹ്യമായ അവസ്ഥയല്ല, മറിച്ച് ദൈവരാജ്യത്തിനായി പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ജീവിതത്തിലൂടെ നാം നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

അതിനാല്‍, ഇന്ന് നാം ധ്യാനിച്ച ഈ കാര്യങ്ങള്‍ നമ്മുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കാം. ദൈവരാജ്യത്തെ നമ്മുടെ ജീവിതത്തിലെ ഒരേയൊരു അമൂല്യനിധിയായി തിരിച്ചറിയാം. ലൗകികനേട്ടങ്ങള്‍ക്കും സ്വാര്‍ഥതയ്ക്കുമപ്പുറം ദൈവത്തോടുള്ള സ്‌നേഹത്തിന് പ്രഥമസ്ഥാനം നല്‍കാം. വില നല്‍കി ദൈവരാജ്യം സ്വന്തമാക്കാനും അന്തിമവിധിയുടെ നാളില്‍ ദൈവത്തിനു മുന്‍പില്‍ സമര്‍പ്പിക്കാന്‍ തക്കവണ്ണം അനുയോജ്യമായ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ക്രിസ്തുസാക്ഷികളായി ജീവിക്കാനും നമുക്ക് പരിശ്രമിക്കാം. സകല നന്മകളുടെയും ഉറവിടമായ ദൈവം തന്റെ അമൂല്യമായ രാജ്യത്തിന്റെ അവകാശികളാകാന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ ആല്‍ബിന്‍ പോര്‍ക്കാട്ടില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.