പ്രതിസന്ധികളിൽ ആശ്വാസമേകുന്ന അഞ്ചു തിരുവചനങ്ങൾ

ജീവിതത്തിൽ ചിലപ്പോൾ പ്രശ്നങ്ങളും വേദനകളും ഒന്നിച്ചെത്തുമ്പോൾ എല്ലാം താങ്ങാനാവാത്തതുപോലെ തോന്നാം. രോഗം, വേർപാട്, ഏകാന്തത, കുടുംബപ്രശ്നങ്ങൾ, തകർന്ന പ്രതീക്ഷകൾ എന്നിവ മനസ്സിനെ തളർത്താം. അത്തരം നിമിഷങ്ങളിൽ “ഇനി എനിക്ക് കഴിയില്ല” എന്ന് തോന്നിയേക്കാം. എന്നാൽ നമ്മുടെ ശക്തി തീരുമ്പോഴും ദൈവത്തിന്റെ കരുതൽ അവസാനിക്കുന്നില്ല. തളരുന്ന സമയങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാനും അവിടുത്തെ വചനത്തിൽനിന്ന് ആശ്വാസവും പ്രത്യാശയും കണ്ടെത്താനും ഈ ബൈബിൾ വചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

1. ഒറ്റയ്ക്കല്ലെന്ന് ഓർമിപ്പിക്കുന്ന വചനം – ഏശയ്യാ 41: 10

“ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.”

പ്രശ്നങ്ങളിൽ ആരും തുണയില്ലെന്ന് കരുതി നാം നിരാശപ്പെടുമ്പോൾ, ദൈവം നമ്മോട് പറയുന്നു: ‘ഞാൻ നിന്നോടുകൂടെയുണ്ട്’. കഠിനമായ സാഹചര്യങ്ങളിലും നമ്മെ വഴിനടത്താനും, വീണുപോകാതെ താങ്ങിനിർത്താനും അവിടുത്തെ സാന്നിധ്യമുണ്ടാകും. ഏതു പ്രതിസന്ധിയിലും നാം തനിച്ചല്ലെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

2. ഭാരങ്ങൾ ദൈവത്തിന്റെ പക്കൽ ഏൽപ്പിക്കാനുള്ള ക്ഷണം – മത്തായി 11: 28

“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍.”

ജീവിതത്തിലെ ഭാരങ്ങൾ ഒറ്റയ്ക്ക് വഹിക്കുമ്പോൾ നാം പതുക്കെ തളർന്നുപോകാം. വിഷമങ്ങളും വേദനകളും ഉള്ളിലൊതുക്കുന്ന നിമിഷങ്ങളിൽ യേശുവിന്റെ വാക്കുകൾ നമുക്ക് ആശ്വാസമാകുന്നു: “എന്റെ അടുക്കൽ വരുവിൻ.”

നമ്മുടെ വിഷമങ്ങളും കണ്ണുനീരും ദൈവത്തിൽനിന്ന് മറച്ചുവയ്‌ക്കേണ്ടതില്ല. അവിടുത്തെ പക്കൽ എല്ലാം ഏൽപ്പിക്കാം. നമ്മുടെ ഭാരങ്ങൾ ഒറ്റയ്ക്ക് വഹിക്കേണ്ടതില്ലെന്നും ദൈവത്തിൽനിന്ന് ആശ്വാസവും സമാധാനവും സ്വീകരിക്കാമെന്നും ഓർമിപ്പിക്കുന്ന വചനമാണിത്.

3. ബലഹീനരാകുമ്പോഴും ദൈവം നമ്മോടൊപ്പമുണ്ട് – കൊറിന്തോസ് 12: 9

“എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌.”

എല്ലാ സമയത്തും ശക്തരായി നിൽക്കാൻ നമുക്ക് കഴിയില്ല. ചിലപ്പോൾ നാം ക്ഷീണിക്കുകയും തളരുകയും ചെയ്യും. എന്നാൽ നമ്മുടെ ബലഹീനതയിൽ ദൈവം നമ്മെ കൈവിടുന്നില്ല. മറിച്ച്, അവിടുത്തെ ശക്തിയിൽ ആശ്രയിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ശക്തി കുറയുമ്പോഴും ദൈവത്തിന്റെ കൃപ നമുക്ക് മതിയാകും എന്ന പ്രത്യാശയാണ് ഈ വചനം നൽകുന്നത്.

4. കഷ്ടതകളിൽ ദൈവം നമ്മുടെ അഭയമാണ് – സങ്കീർത്തനം 46: 2

“ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.”

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാനാവില്ല. ചിലപ്പോൾ കുടുംബപ്രശ്നങ്ങളും തകർന്ന പ്രതീക്ഷകളും പരാജയങ്ങളും നമ്മെ തളർത്താം. എല്ലാം കൈവിട്ടുപോകുന്നതുപോലെ തോന്നുന്ന നിമിഷങ്ങളുമുണ്ടാകാം.

എന്നാൽ അപ്പോഴും ദൈവം നമ്മോടൊപ്പമുണ്ട്. പ്രശ്നങ്ങൾക്കിടയിലും അവിടുന്ന് നമ്മുടെ സങ്കേതവും ശക്തിയുമാകുന്നു. അതുകൊണ്ട്, എല്ലാം ശരിയാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല; തളരുന്ന നിമിഷങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാം.

5. വീണ്ടും ശക്തി നേടാൻ സഹായിക്കുന്ന വചനം – ഏശയ്യാ 40: 31

“എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.”

എല്ലാ ദിവസവും ഒരേ ശക്തിയോടെ മുന്നോട്ട് പോകാൻ നമുക്ക് കഴിയില്ല. ചിലപ്പോൾ ഒരു ചെറിയ ചുവടുപോലും ബുദ്ധിമുട്ടായി തോന്നാം. എന്നാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നവർക്ക് അവിടുന്ന് പുതിയ ശക്തി നൽകുന്നു. അത് ചിലപ്പോൾ വലിയ കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയായിരിക്കാം; മറ്റുചിലപ്പോൾ ഒരു ദിവസം കൂടി മുന്നോട്ട് പോകാനുള്ള ധൈര്യമായിരിക്കാം. എത്ര തളർന്നാലും ദൈവത്തിൽ പ്രത്യാശ വയ്ക്കാം. അവിടുന്ന് നമ്മുടെ ശക്തി പുതുക്കും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.