
തീവ്രമായ സൗഹൃദത്തിന്റെയും ആത്മത്യാഗത്തിന്റെയും ജീവിതം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ വർഷം കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളച്ചാട്ടത്തിൽ വീണു മരിച്ച രണ്ട് ഓപസ് ഡേയ് അംഗങ്ങൾക്ക് യു.എസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘കാർണഗീ മെഡൽ’ പ്രഖ്യാപിച്ചു. മാറ്റ് ആന്റണി (44), മാറ്റ് ഷീനെക്കർ (50) എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി ഈ പുരസ്കാരം ലഭിക്കുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലം
2025 ജൂണിൽ കാലിഫോർണിയയിലെ ടാഹോ നാഷണൽ ഫോറസ്റ്റിലുള്ള റാറ്റിൽസ്നേക്ക് വെള്ളച്ചാട്ടത്തിലേക്ക് സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിംഗിന് പോയതായിരുന്നു ഇവർ. കത്തോലിക്കാ സംഘടനയായ ഓപസ് ഡേയിലെ സന്യാസതുല്യമായ ജീവിതം നയിക്കുന്ന അംഗങ്ങളായിരുന്നു ഇരുവരും. യാത്രയ്ക്കിടയിൽ ഇവരുടെ സുഹൃത്തായ വാല് ക്ര്യൂസ് (59) വെള്ളച്ചാട്ടത്തിലെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ചാടുകയും ഒഴുക്കിൽപ്പെട്ട് സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഇതുകേട്ട മാറ്റ് ഷീനെക്കറും, തുടർന്ന് ഒട്ടും മടിക്കാതെ മാറ്റ് ആന്റണിയും കൂട്ടുകാരനെ രക്ഷിക്കാനായി ആഴമേറിയ വെള്ളത്തിലേക്ക് എടുത്തുചാടി. എന്നാൽ നിർഭാഗ്യവശാൽ ശക്തമായ ഒഴുക്കും കൊടുംതണുപ്പും കാരണം മൂവർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
ധീരതയ്ക്കുള്ള അംഗീകാരം
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയംവച്ച് പോരാടുന്ന സാധാരണക്കാർക്ക് നൽകുന്ന ആദരവാണ് കാർണഗീ മെഡൽ. നിമിഷനേരം കൊണ്ട് എടുത്ത ആ ധീരമായ തീരുമാനം അവരുടെ ഉദാത്തമായ സ്വഭാവഗുണത്തെയാണ് കാണിക്കുന്നതെന്ന് വാല് ക്ര്യൂസിന്റെ സഹോദരി ലൂർദ് ക്ര്യൂസ് വികാരാധീനയായി ഓർത്തു.
കത്തോലിക്കാ വിശ്വാസത്തിലും നേതൃപാടവത്തിലും ഏറെ മുന്നിലായിരുന്ന മാറ്റ് ആന്റണിയുടെയും, എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ കായികപ്രേമിയായ മാറ്റ് ഷീനെക്കറുടെയും വിയോഗം കുടുംബാംഗങ്ങൾക്ക് ഇന്നും നികത്താനാകാത്ത വേദനയാണ്. എങ്കിലും അവരുടെ ഈ ആത്മത്യാഗം തങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ഇരുവരുടെയും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവനേക്കാൾ സുഹൃത്തിന്റെ ജീവന് വിലകൽപ്പിച്ച ഈ രണ്ടു മനുഷ്യരുടെ ഓർമ്മകൾക്ക് മുന്നിൽ രാജ്യം ഇപ്പോൾ ആദരവർപ്പിക്കുകയാണ്.
സീനിയ എൽസ ഇഗ്‌നേഷ്യസ്




